head3
head1

പൂവച്ചല്‍ ഖാദറിന് കലാ കേരളത്തിന്റെ അന്ത്യാഞ്ജലി

പൂവച്ചല്‍ ഖാദര്‍ എന്ന പകരം വെക്കാനില്ലാത്തൊരു ഗാനരചയിതാവുകൂടി മലയാളത്തിനു നഷ്ടമായിരിക്കുകയാണ്.ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 12,20 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം,കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം

മലയാള സിനിമയുടെ ചരിത്രത്തെ സമ്പന്നമാക്കി ഇരുപതുവര്‍ഷത്തിലേറെ നിറഞ്ഞുനിന്ന പാട്ടെഴുത്തുകാരന്‍ വിട വാങ്ങുമ്പോള്‍ എക്കാലവും മലയാളികള്‍ക്ക് ഓര്‍മ്മിക്കാന്‍ ഒരു ഗാനപ്രപഞ്ചം തന്നെയുണ്ട്. അദ്ദേഹത്തിന്റെ ഗാനം പോലെ അജ്ഞാത വാസം കഴിഞ്ഞെത്തിയ മഴവില്ല് പോലെയായിരുന്നു ആ ഗാന സപര്യയും .

1948 ലെ ക്രിസ്മസ് ദിനത്തില്‍ ജനിച്ച ഖാദര്‍ പൂവച്ചല്‍ എന്ന ഗ്രാമത്തെയാണ് തന്റെ പേരിനൊപ്പം ചേര്‍ത്ത് പ്രശസ്തിയുടെ കൊടുമുടി കയറിയത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കയ്യെഴുത്തുമാസികയില്‍ കവിതയെഴുതിയാണ് തുടക്കം. പിന്നീട് കോളജ് കാലത്ത് മലയാള രാജ്യത്തിലും കുങ്കുമത്തിലും മറ്റും കവിത അച്ചടിച്ചുവന്നു.

1973 -ല്‍ ‘കവിത’ എന്ന സിനിമയിലുടെയായിരുന്നുചലച്ചിത്രരംഗത്തെ തുടക്കം. . ‘കാറ്റുവിതച്ചവന്‍’ എന്ന ചിത്രത്തിലെ ‘നീ എന്റെ പ്രാര്‍ത്ഥന കേട്ടു’, ‘മഴവില്ലിനജ്ഞാതവാസം’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. തുടര്‍ന്ന് ആയിരത്തിലേറെ നിത്യഹരിതഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍നിന്നും പിറന്നുവീണു.

365 സിനിമകള്‍ക്കായി അദ്ദേഹം 1041 പാട്ടുകള്‍ എഴുതി.നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍, ശരറാന്തല്‍ തിരിതാണു, സിന്ദൂര സന്ധ്യയ്ക്ക് മൗനം, ഏതോ ജന്മ കല്‍പനയില്‍, മൗനമേ നാണമാവുന്നു മേനി നോവുന്നു, ചിത്തിരത്തോണിയില്‍, മലരും കിളിയും ഒരു കുടുംബം. തുടങ്ങി മലയാളികള്‍ എക്കാലവും നെഞ്ചേറ്റുന്ന ഹൃദ്യഗാനങ്ങള്‍ പൂവച്ചലിന്റേതാണ്. ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന എണ്‍പതുകളില്‍മാത്രം എണ്ണൂറോളം പാട്ടുകള്‍ രചിച്ചു.

ആകാശവാണിക്കുവേണ്ടി നിരവധി ലളിതഗാനങ്ങളും വി എം കുട്ടി, കെ വി അബൂട്ടി തുടങ്ങിയവര്‍ക്കുവേണ്ടി മാപ്പിളപ്പാട്ടുകളും എഴുതി.ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, സംഗീത നാടക അക്കാദമി പുരസ്‌കാരം, മാപ്പിള സംഗീത അക്കാദമിയുടെ പി ഭാസ്‌കരന്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ തുടങ്ങിയ കവിതാസമാഹാരങ്ങളും ‘ചിത്തിരത്തോണി’ എന്ന ഗാനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More