head3
head1

അയര്‍ലണ്ടിലെ കുട്ടികളില്‍ കോവിഡനുബന്ധമായി അപകടകാരികളായ രോഗങ്ങളും പടരുന്നുവെന്ന് സ്ഥിരീകരണം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കോവിഡ് 19നോടനുബന്ധിച്ച് കുട്ടികളില്‍ പിംസ് പോലുള്ള അപകടകാരികളായ രോഗങ്ങളും പടരുന്നത് ആശങ്കപ്പെടുത്തുന്നു. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതുമുതല്‍ 32 ഐറിഷ് കുട്ടികളില്‍ പീഡിയാട്രിക് ഇന്‍ഫ്ളമേറ്ററി മള്‍ട്ടിസിസ്റ്റം സിന്‍ഡ്രോ (പിംസ്)മിന്റെ ലക്ഷണങ്ങളും കണ്ടെത്തിയതായി
ചില്‍ഡ്രന്‍സ് ഹെല്‍ത്ത് അയര്‍ലന്‍ഡ് (സിഎച്ച്ഐ) സ്ഥിരീകരിച്ചു.

കോവിഡ് പോസിറ്റീവായി ആഴ്ചകള്‍ക്കുള്ളിലാണ് കുട്ടികള്‍ക്ക് കടുത്ത പനി, തിണര്‍പ്പ്, ചെങ്കണ്ണ്,വയറുവേദന, വയറിളക്കം എന്നിവയും കണ്ടെത്തിയത്. എന്നിരുന്നാലും, കോവിഡ് -19 മൂലമാണ് പിംസ് ഉണ്ടായതെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നും 32 കുട്ടികളും രോഗത്തില്‍ നിന്ന് കരകയറിയെന്നും സിഎച്ച്ഐ പറഞ്ഞു.കോവിഡ് വന്നതിനാലാണോ കുട്ടികളില്‍ പിംസ് വന്നതെന്ന് തീര്‍ത്തു പറയുന്നില്ല, എങ്കിലും ഇവ തമ്മില്‍ ഒരു ലിങ്ക് ഉണ്ടെന്ന് വ്യക്തമായി പറയാമെന്ന് സിഎച്ച്ഐ വ്യക്തമാക്കി.

ചില കുട്ടികളില്‍ കാര്യമായ പ്രശ്നങ്ങളുണ്ടാക്കാറില്ലെങ്കിലും മറ്റ് ചിലരില്‍ ഗുരുതരമായ സ്ഥിതിയുണ്ടാക്കാറുണ്ട്.ഇവരില്‍ ഹൃദയപേശികളിലും ഹൃദയത്തിന് രക്തം നല്‍കുന്ന കൊറോണറി ധമനികളിലും വീക്കമുണ്ടാക്കാറുണ്ടെന്നും സിഎച്ച്ഐ പറഞ്ഞു.

ഈ കുട്ടികള്‍ക്ക് തീവ്രപരിചരണവും ശക്തമായ മരുന്നുകളും ആവശ്യമായി വരും.കുട്ടികളില്‍ പിംസിന്റെ ലക്ഷണങ്ങള്‍ കരുതിയിരിക്കണമെന്ന് സിഎച്ച്ഐ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.’ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന് ഭീഷണിയാകുന്ന രോഗമാണ് പിംസ്. ഇത് കവാസാക്കി രോഗം അല്ലെങ്കില്‍ ടോക്സിക് ഷോക്ക് സിന്‍ഡ്രോമിന് സമാനവും ഇത് വളരെ അപൂര്‍വുമാണ്-സിഎച്ച്ഐ പറഞ്ഞു.

കൊറോണ വൈറസ് പോസിറ്റീവ് പരീക്ഷിച്ച വളരെ ചെറിയ ശതമാനം കുട്ടികള്‍ പിംസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എച്ച്.എസ്.ഇയുടെ വെബ്‌സൈറ്റും സ്ഥിരീകരിച്ചു.

കുട്ടികളില്‍ കോവിഡ് ബാധിതരും ഏറുന്നു

അതിനിടെ,കുട്ടികളില്‍ കോവിഡ് ബാധയും പടരുന്നതായി സൂചനയുണ്ട്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 0-4 വയസ്സിനിടയിലുള്ള 631 പേര്‍ക്ക് കോവിഡ് കണ്ടെത്തിയതായി ഫെബ്രുവരി 7 മുതല്‍ ഫെബ്രുവരി 20 അര്‍ദ്ധരാത്രി വരെയുള്ള രണ്ടാഴ്ചത്തെ എച്ച്. എസ്. ഇ ഡാറ്റ കാണിക്കുന്നു.
കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ 18 പ്രീ-സ്‌കൂള്‍ കുട്ടികളാണ് അയര്‍ലണ്ടില്‍ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയത്.ഇവരുടെ പ്രായം നാലു വയസ്സിന് താഴെയാണെന്നും എച്ച്. എസ്. ഇ വെബ്സൈറ്റ് വ്യക്തമാക്കി.ആകെ 46 കുട്ടികള്‍ കോവിഡിന് ചികിത്സ തേടുന്നതായും ഏറ്റവും പുതിയ ഡാറ്റ പറയുന്നു.

രണ്ടാഴ്ചയ്ക്കുള്ളില്‍ ആകെ 11,570 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്.ഇവരില്‍ 803 പേര്‍ ആശുപത്രിയിലായി.അവരില്‍ 38 പേര്‍ ഐസിയുവിലുമെത്തി.അഞ്ച് ദിവസത്തെ കേസുകളുടെ ശരാശരി 795 ആയി കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അതിനിടെ സമൂഹവ്യാപനത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റോനന്‍ ഗ്ലിന്‍ പറഞ്ഞു.ഈ ആഴ്ചയില്‍ ഓരോ ദിവസവും ആയിരത്തില്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഏഴു ദിവസത്തെ ശരാശരി രണ്ടാഴ്ച മുമ്പ് 1,022 ആയിരുന്നു.കഴിഞ്ഞ ആഴ്ച ഇത് 862 ആയി കുറഞ്ഞു. ഇന്നലെയത് 792 ആയി. ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടാഴ്ച മുമ്പ് 1,200 ആയിരുന്നത് ഇന്നലെ 744 ആയി കുറഞ്ഞുവെന്നും ഡോ. ഗ്ലിന്‍ വിശദീകരിച്ചു

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/DI6e4vSsv329e4CXtWXO8H

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More