ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ആളോഹരി (പ്രതിശീര്‍ഷ) പൊതു കടം 42000 യൂറോയെന്ന് ധനമന്ത്രി മീഹോള്‍ മക് ഗ്രാത്തിന്റെ വെളിപ്പെടുത്തല്‍.നേരിയ കുറവുണ്ടായെങ്കിലും അയര്‍ലണ്ട് പോലൊരു ചെറിയ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലുതാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പൊതു കടങ്ങളുടെ ശ്രേണിയില്‍പ്പെട്ട ഒന്നാണിത്.ലോകത്ത് ജപ്പാന്‍, ബെല്‍ജിയം, ഇറ്റലി തുടങ്ങിയവയ്ക്ക് മാത്രമേ ഇത്തരത്തില്‍ ഉയര്‍ന്ന ആളോഹരി കടം ഉള്ളുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്തിന്റെ മൊത്തം കടം 223 ബില്യണ്‍ യൂറോയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തിന്റെ ആകെ ദേശീയ വരുമാനത്തിന്റെ 76 ശതമാനവും പൊതുകടമാണെന്ന് ബുധനാഴ്ച പുറത്തുവിട്ട സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കി.2012ല്‍ പൊതുകടത്തിന്റെ തോത് 166 ശതമാനമായിരുന്നു.അതില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 76 ശതമാനമായത്.236 ബില്യണ്‍ യൂറോയായിരുന്നു 2021ല്‍ രാജ്യത്തിന്റെ മൊത്തം കടം.അത് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 223 ബില്യണ്‍ യൂറോയായി കുറഞ്ഞെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അയര്‍ലണ്ടിനെപ്പോലെയുള്ള ചെറുതും ഓപ്പണുമായ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് ഈ കട ബാധ്യതയെന്ന് ധനകാര്യ മന്ത്രി സ്ഥിരീകരിച്ചു.രാജ്യത്തിന്റെ പൊതുകടം കൈകാര്യം ചെയ്യാവുന്ന നിലയിലാണ് ഇപ്പോഴെന്നും ധനമന്ത്രി വിശദീകരിച്ചു. എന്നിരുന്നാലും അതിനെ അവഗണിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
മുന്‍ കരുതലുണ്ടെന്ന് ധനമന്ത്രി
ബജറ്റ് 2024ന്റെ ഭാഗമായി പ്രഖ്യാപിച്ച ഫ്യൂച്ചര്‍ അയര്‍ലണ്ട് ഫണ്ടും ഇന്‍ഫ്രാസ്ട്രക്ചര്‍, ക്ലൈമറ്റ് ആന്റ് നേച്ചര്‍ ഫണ്ടും ഇത്തരം അപകടങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നീക്കമാണെന്ന് ധനമന്ത്രി പറഞ്ഞു.
ഭാവിയില്‍ രാജ്യത്തിന്റെ നടത്തിപ്പ് ചെലവുകള്‍ നിറവേറ്റുന്നതിനാണ് ഫ്യൂച്ചര്‍ അയര്‍ലണ്ട് ഫണ്ട് രൂപകല്‍പന ചെയ്തത്.2024നും 2035നും ഇടയില്‍ ജി ഡി പിയുടെ 0.8 ശതമാനം ഈ ഫണ്ടിലേക്ക് നിക്ഷേപിക്കും.അതിലൂടെ 100 ബില്യണ്‍ യൂറോ സമാഹരിക്കും.ഇന്‍ഫ്രാസ്ട്രക്ചര്‍, ക്ലൈമറ്റ് ആന്റ് നേച്ചര്‍ ഫണ്ട് അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ യൂറോയാകുമെന്നും മന്ത്രി പറഞ്ഞു.
അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥയുടെ ശക്തിയും ബലഹീനതയും തിരിച്ചറിഞ്ഞ് സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ റിപ്പോര്‍ട്ടെന്ന് ധനമന്ത്രി പറഞ്ഞു.
കോര്‍പ്പറേഷന്‍ നികുതിയെ മാത്രം ആശ്രയിച്ചാല്‍ കുഴപ്പം
കോര്‍പ്പറേഷന്‍ നികുതിയെ അമിതമായി ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്ന് ധനവകുപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റ് ജോണ്‍ മക്കാര്‍ത്തി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 60 ശതമാനവും 10 സ്ഥാപനങ്ങളില്‍ നിന്നുള്ളതാണ്.കഴിഞ്ഞ വര്‍ഷം കോര്‍പ്പറേഷന്‍ നികുതി വരുമാനമായി ലഭിച്ച 23.8 ബില്യണ്‍ യൂറോയുടെ പകുതിയും വിന്‍ഡ് ഫാള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേറ്റ് നികുതി വരുമാനം ഒരു ദിവസം ഇല്ലാതായാല്‍ പൊതു കടത്തിന് വലിയ തിരിച്ചടിയാകും. അങ്ങനെ വന്നാല്‍ 2035ഓടെ ഏതാണ്ട് 15 ശതമാനം പൊതു കടം ഉയരുമെന്നും ഇദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.