head3
head1

അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പെന്‍ഷന്‍ സ്‌കീമിന് അനുമതിയായി

ഡബ്ലിന്‍ : നിലവില്‍ പെന്‍ഷനില്ലാത്ത സ്വകാര്യ മേഖലയിലെ 8,00,000 തൊഴിലാളികളെ ഓട്ടോമാറ്റിക്കായി പെന്‍ഷനിലേയ്ക്ക് എന്റോള്‍ ചെയ്യുന്നതിന് വഴിയൊരുക്കുന്ന നിയമം കൊണ്ടുവരികയാണ് സര്‍ക്കാര്‍.പുതിയ പെന്‍ഷന്‍ ഓട്ടോ-എന്റോള്‍മെന്റ് സംവിധാനമാണ് പരിഗണിക്കുന്നത്. ഇതിനായുള്ള ഓട്ടോമാറ്റിക് എന്റോള്‍മെന്റ് റിട്ടയര്‍മെന്റ് സേവിംഗ്സ് സിസ്റ്റം ബില്ലിന്റെ കരട്് മന്ത്രിസഭായോഗം അംഗീകരിച്ചു.

രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ പെന്‍ഷന്‍ സ്‌കീം

രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ പെന്‍ഷന്‍ സമ്പ്രദായമാകും ഈ ബില്ലിലൂടെ ഇതള്‍ വിരിയുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.സര്‍ക്കാര്‍ പെന്‍ഷനെ മാത്രം ആശ്രയിക്കാതെ സുരക്ഷിതമായ റിട്ടയര്‍മെന്റിന് തയ്യാറെടുക്കാന്‍ തൊഴിലാളികളെ പ്രാപ്്തമാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

ഈ പദ്ധതി പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഇപ്പോള്‍ കര്‍മ്മപഥത്തിലേയ്ക്കെത്തുന്നത്.സാമൂഹിക സുരക്ഷാ മന്ത്രി ഹെതര്‍ ഹംഫ്രീസാണ് കാബിനറ്റില്‍ ബില്‍ അവതരിപ്പിച്ചത്. ഈസ്റ്ററിനുശേഷം ചേരുന്ന പാര്‍ലമെന്ററി സമിതി ബില്‍ പാസാക്കുമെന്നാണ് കരുതുന്നത്.
ഓട്ടോമാറ്റിക് എന്റോള്‍മെന്റ് റിട്ടയര്‍മെന്റ് സേവിംഗ്സ് അതോറിറ്റി രൂപീകരിക്കും.

ബില്‍ വന്നാലുടന്‍ നിക്ഷേപ കമ്പനികളുടെ പാനല്‍ തയ്യാറാക്കും. അതിനായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. ജീവനക്കാര്‍ക്ക് നാല് സ്‌കീമുകള്‍ വാഗ്ദാനം ചെയ്യുന്ന നാല് കമ്പനികളുടെ ഒരു പാനലാകും തയ്യാറാക്കുക.

അതിന് ശേഷം തൊഴിലുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഇവരുടെ പങ്കാളിത്തവും സഹകരണവുമാണ് ഈ സ്‌കിമിന്റെ വിജയത്തിന് അടിസ്ഥാനമെന്ന് സര്‍ക്കാര്‍ കരുതുന്നു.

അതിനാല്‍ തൊഴിലുടമകളെ വിശ്വാസത്തിലെടുത്തുകൊണ്ടാകും ഈ പദ്ധതി സര്‍ക്കാര്‍ മുന്നോട്ടുപോവുക.അതിനിടെ വര്‍ധിച്ച ചെലവുകളുടെ ഇക്കാലത്ത് തൊഴിലുടമയ്ക്ക് ഇത് അമിതഭാരമാകുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

ജീവനക്കാര്‍-തൊഴിലുടമ-സര്‍ക്കാര്‍ സംയോജിത പദ്ധതി

പഴയ സ്പെഷ്യല്‍ സേവിംഗ്സ് ഇന്‍സെന്റീവ് അക്കൗണ്ടുകള്‍ക്ക് സമാനമായ ഒരു മാതൃകയാകും ഇതിനായി വികസിപ്പിക്കുക. ജീവനക്കാരുടെയും തൊഴില്‍ ദാതാവിന്റെയും സംഭാവനകളും സര്‍ക്കാരിന്റെ വിഹിതവും ഇതിനൊപ്പം ചേരും.

തൊഴിലുടമയുടെയും ജീവനക്കാരുടെയും സംഭാവന ആദ്യത്തെ മൂന്ന് വര്‍ഷത്തേക്ക് ആകെ ശമ്പളത്തിന്റെ 1.5% മുതല്‍ തുടങ്ങും. മൂന്ന് മുതല്‍ ആറ് വര്‍ഷം വരെ 3%മായും ആറ് മുതല്‍ ഒമ്പത് വരെ വര്‍ഷങ്ങളില്‍ 4.5%മായും പത്താം വര്‍ഷം മുതല്‍ 6%മായും വര്‍ധിക്കും.

ജീവനക്കാരന്റെ കോണ്‍ട്രിബ്യൂട്ട് ചെയ്യുന്ന മൂന്ന് യൂറോ എന്നത് തൊഴിലുടമയുടെയും, സര്‍ക്കാരിന്റെയും ചേര്‍ത്ത് വിഹിതവും നിക്ഷേപത്തിലെത്തുമ്പോള്‍ ഏഴ് യൂറോവരെയായി വളരുന്നതായി പദ്ധതി വിഭാവനം ചെയ്യുന്നു

ജോലിയുള്ള കാലം മുഴുവന്‍ നിക്ഷേപിച്ചാല്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ എന്തുകിട്ടും ?
പ്രതിവര്‍ഷം 45,000 യൂറോയില്‍ താഴെ മാത്രം വരുമാനമുള്ള ഒരു ജീവനക്കാരന് 40 വര്‍ഷത്തേക്ക് തുടര്‍ച്ചയായി 6% തുക വിഹിതമായി നിക്ഷേപിക്കുന്നതോടെ അത് പരമാവധി 7,50,000 യൂറോയുടെ സേവിംഗ്സ് ആയി വളര്‍ന്ന് പെന്‍ഷനും ,അനുബന്ധ ആനുകൂല്യങ്ങളുമായി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

23നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ചേരാം

തൊഴില്‍ പെന്‍ഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതും 20,000 യൂറോയില്‍ കൂടുതല്‍ വരുമാനമുള്ള 23 നും 60 നും ഇടയില്‍ പ്രായമുള്ളവരാണ് സ്‌കീമില്‍ ഓട്ടോമാറ്റിക്കായി ഉള്‍പ്പെടുക. ആറ് മാസത്തെ നിര്‍ബന്ധിത പങ്കാളിത്തം സ്‌കീം വ്യവസ്ഥ ചെയ്യുന്നു.

അതിന് ശേഷം ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് അവരുടെ വിഹിതം ഒഴിവാക്കാനോ പദ്ധതി വേണ്ടെന്ന് വയ്ക്കാനോ കഴിയും.രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് വീണ്ടും എന്റോള്‍ ചെയ്യാനും സാധിക്കും.ആറ് മാസത്തിന് ശേഷം വീണ്ടും സ്‌കീമില്‍ നിന്നും ഒഴിവാകാനും കഴിയും.

ആശങ്കകളും ഇല്ലാതില്ല

2025 ജനുവരി ഒന്നിന് എ ഇ യിലേയ്ക്കുള്ള ആദ്യ കോണ്‍ട്രിബ്യൂഷന്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ പദ്ധതി തുടങ്ങാനാകുമോയെന്നതില്‍ വിദഗ്ധര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.

ഈ പദ്ധതിയെക്കുറിച്ച് ഭൂരിപക്ഷം പേര്‍ക്കും അറിവില്ലെന്ന് വെളിപ്പെടുത്തുന്ന സി എസ് ഒ അടക്കമുള്ള ഏജന്‍സികളുടെ ഗവേഷണ റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. അതിനാല്‍ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് സമയമെടുക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.എന്നാല്‍ ഈ സമയത്തിനുള്ളില്‍ സ്‌കീം നടപ്പാക്കാനാകുമെന്ന് മസാര്‍സിലെ ഔട്ട്‌സോഴ്‌സിംഗ് ഹെഡ് ഹിലാരി ലാര്‍കിന്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.