head1
head3

സ്‌കൂള്‍ ചെലവുകള്‍ താങ്ങാനാകാതെ രക്ഷിതാക്കള്‍ ദുരിതത്തില്‍

ഡബ്ലിന്‍ : സ്‌കൂള്‍ വീണ്ടും തുറക്കാനൊരുങ്ങുന്ന വേളയില്‍ പണപ്പെരുപ്പവും വിലക്കയറ്റവും കുതിച്ചുയരുന്ന ജീവിതച്ചെലവുകളും അയര്‍ലണ്ടിലെ സാധാരണ കുടുംബങ്ങളെ ഞെരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.  സ്‌കൂള്‍ യൂണിഫോമുകളും മറ്റ് പഠനോപകരണങ്ങളും വാങ്ങുന്നതിനുള്ള ചെലവുകള്‍ താങ്ങാനാവുന്നതല്ല.

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മക്കളുടെ പഠന ചെലവുകള്‍ എങ്ങനെ കണ്ടെത്തുമെന്നോര്‍ത്ത് അയര്‍ലണ്ടിലെ ഭൂരിഭാഗം രക്ഷിതാക്കളുടെയും നെഞ്ചില്‍ തീയാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.കുട്ടികളുടെയിടയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ ബര്‍ണാര്‍ഡോയുടെ ഗവേഷണമാണ് വര്‍ധിച്ച ജീവിതച്ചെലവുകള്‍ മൂലം തകരുന്ന മാതാപിതാക്കളുടെ ആകുലതകള്‍ വെളിപ്പെടുത്തുന്നത്.കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ സുഹൃത്തുക്കളുടെ സഹായം തേടേണ്ട സ്ഥിതിയിലാണ് ഭൂരിപക്ഷം രക്ഷിതാക്കളും.

സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് ഏറെ ആശങ്കപ്പെടുന്നവരിലേറെ(66%)യും.48% പേര്‍ ജീവിതച്ചെവുകള്‍ മൂലം വളരെ കഷ്ടപ്പെടുന്നവരുമാണ്.സ്‌കൂള്‍ യൂണിഫോം നയങ്ങളും നിര്‍ബന്ധിത സംഭാവനകളുമെല്ലാം പഠനച്ചെലവുകളുടെ ഭാരം കൂട്ടുന്നതായും രക്ഷിതക്കള്‍ പറയുന്നു. ഇക്കാര്യത്തില്‍ വലിയ അസംതൃപ്തിയും ഇവര്‍ക്കുണ്ട്. സെക്കന്ററി സ്‌കൂള്‍ കുട്ടികളുടെ രക്ഷിതാക്കളില്‍ 24%വും സ്‌കൂള്‍ ചെലവുകള്‍ വഹിക്കാന്‍ പാടുപെടുകയാണെന്ന് സര്‍വേ കണ്ടെത്തി.

നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരാശരി ചെലവ് 320 യൂറോയും ഒന്നാം വര്‍ഷ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥിയുടെ പഠനച്ചെലവ് 972 യൂറോയുമാണെന്ന് ഗവേഷണം പറയുന്നു.യൂണിഫോമുകള്‍, സ്‌കൂള്‍ സംഭാവനകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങി സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ എന്നിവയ്ക്കായുള്ള ചെലവാണിത്.ഡിജിറ്റല്‍ ടൂളുകളുടെ കത്തിക്കയറുന്ന വിലയാണ് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നത്.50% രക്ഷിതാക്കളും സ്‌കൂള്‍ ചെലവുകളെ കുറിച്ച് ആശങ്കാകുലരാണെന്ന് ഗവേഷണം പറയുന്നു. ഇവരില്‍ 35% പേരുടെ സ്ഥിതി വളരെ കഷ്ടത്തിലാണ്.

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോലും 101 യൂറോയാണ് സംഭാവന നല്‍കേണ്ടത്. സെക്കന്ററിക്കാരുടേത് 143 യൂറോയാണ്. ഇത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നതെന്ന് ബര്‍ണാര്‍ഡോസ് ചീഫ് എക്സിക്യൂട്ടീവ് സുസെയ്ന്‍ കനോലി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഗണ്യമായ വര്‍ധനയാണ് ഇവയുടെ വിലയില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഒരു കുട്ടിക്ക് ശരാശരി 1,500 യൂറോ മതിയാകുമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതിന് 1,800 യൂറോയിലേറെ ചെലവുവരും.

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെല്ലാം സൗജന്യ പുസ്തകങ്ങളും കോപ്പി പുസ്തകങ്ങളും സര്‍ക്കാര്‍ നല്‍കും .അതിനാല്‍ ഇവരുടെ രക്ഷിതാക്കള്‍ക്ക് കാര്യമായ പ്രശ്നമില്ലെന്ന് സംഘടന നിരീക്ഷിക്കുന്നു.

സര്‍ക്കാര്‍ സഹായിക്കുമോ…

കഷ്ടപ്പെടുന്ന രക്ഷിതാക്കളെ സഹായിക്കാന്‍ സൗജന്യ പുസ്തക പദ്ധതി സെക്കന്ററി സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കണമെന്ന് ചാരിറ്റി ആവശ്യപ്പെടുന്നു.ബാക്ക് ടു സ്‌കൂള്‍ അലവന്‍സില്‍ 100 യൂറോയുടെ വര്‍ധനവുണ്ടാക്കണം. മാത്രമല്ല ഇത് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുക, സെക്കന്റ് ലെവല്‍ സ്‌കൂളില്‍ 18 വയസ്സുള്ള വിദ്യാര്‍ഥികള്‍ക്കും ചൈല്‍ഡ് ബെനഫിറ്റ് നിലനിര്‍ത്തുക,സ്‌കൂളുകള്‍ക്കെല്ലാം കുറഞ്ഞ നിരക്കില്‍ യൂണിഫോം നല്‍കുക എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചു.

ജൂണ്‍ 19 നും ജൂലൈ 10 നും ഇടയില്‍ ഓണ്‍ലൈനിലാണ് സര്‍വേ നടത്തിയത്.ഇവരില്‍ 629 സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും 519 പ്രൈമറി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുമടക്കം സര്‍വ്വേയില്‍ സംബന്ധിച്ചു.

എന്നാല്‍ ബജറ്റിന് മുമ്പ് പുതിയ നടപടികളൊന്നും പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. സ്‌കൂള്‍ ചെലവുകള്‍ നിരീക്ഷണത്തിലാണ്. ബുക്ക് റന്റല്‍ സ്‌കീമുകള്‍ കൂടുതല്‍ സ്‌കൂളുകള്‍ പ്രയോജനപ്പെടുത്തണം. ജനറിക് യൂണിഫോം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

വിലക്കയറ്റം കുട്ടികളിലേയ്ക്കും

വിലക്കയറ്റം കുട്ടികളിലേയ്ക്കും എത്തിയിരിക്കുകയാണെന്ന് നാഷണല്‍ പേരന്റ്സ് കൗണ്‍സില്‍ പോസ്റ്റ് പ്രൈമറി പറയുന്നു. ബില്ലുകള്‍ അടയ്ക്കാന്‍ കഴിയാത്ത കുട്ടികളേയും രക്ഷിതാക്കളെയും തിരിച്ചറിഞ്ഞ് സഹായിക്കണം. ഏറ്റവും വലിയ പ്രശ്നം പണമടയ്ക്കാന്‍ കഴിയാത്തവരെ തിരിച്ചറിയുകയെന്നതാണ്. ഇത് മറ്റ് വിദ്യാര്‍ഥികള്‍ അറിയുന്നില്ലെന്ന് ഉറപ്പാക്കണമെന്നും എന്‍ പി സി പി പി കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ പോള്‍ റോള്‍സ്റ്റണ്‍ പറഞ്ഞു.

രക്ഷിതാക്കള്‍ക്ക് പിന്തുണ വേണം

വര്‍ധിച്ച ജീവിതച്ചെലവ് നേരിടാന്‍ കൂടുതല്‍ രക്ഷിതാക്കള്‍ക്ക് പിന്തുണ ആവശ്യമാണെന്ന് സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ട് റിസര്‍ച്ച് ആന്‍ഡ് പോളിസി അനലിസ്റ്റ് മിഷേല്‍ മര്‍ഫി പറഞ്ഞു. എല്ലാ വര്‍ഷവും സ്‌കൂള്‍ ചെലവുകള്‍ രക്ഷിതാക്കള്‍ക്ക് പ്രശ്‌നമാണ്. എന്നാല്‍ ഇപ്പോഴിത് കൂടുതല്‍ കുടുംബങ്ങളെ ബാധിച്ചിരിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ, ഭക്ഷണച്ചെലവുകളെല്ലാം കുടുംബങ്ങളെ തളര്‍ത്തുന്നതാണ്. അതിനിടയിലാണ് ഉയര്‍ന്ന സ്‌കൂള്‍ ചെലവുകളും വഹിക്കേണ്ടത്.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a<

Comments are closed.

error: Content is protected !!