head1
head3

അയര്‍ലണ്ടില്‍ കൊടുംതണുപ്പ് ഉടനെങ്ങും മാറില്ല, രാജ്യമാകെ ഓറഞ്ച് അലര്‍ട്ട്

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ മിഡ് ലാന്‍ഡ്‌സില്‍ കേന്ദ്രീകരിച്ചിരുന്ന ഐസ് മുന്നറിയിപ്പ് ഇന്ന് വൈകുന്നേരത്തോടെ രാജ്യവ്യാപകമാകുന്നതോടെ കൊടും തണുപ്പിന്റെ രൂക്ഷത കൂടുമെന്ന് മുന്നറിയിപ്പ്.ഇപ്പോള്‍ തന്നെ മാമരം പോലും കോച്ചുന്ന തണുപ്പില്‍ വിറയ്ക്കുകയാണ് രാജ്യവും ജനങ്ങളും.

ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ,ഡബ്ലിന്‍ അടങ്ങുന്ന ലെയിന്‍സ്റ്റര്‍, കാവന്‍, മൊനാഗന്‍, മണ്‍സ്റ്റര്‍, കൊണാച്ച് എന്നിവിടങ്ങളില്‍ മറ്റൊരു സ്റ്റാറ്റസ് ഓറഞ്ച് താഴ്ന്ന താപനിലയും ഐസ് മുന്നറിയിപ്പും പ്രാബല്യത്തില്‍ വരും. ഈ മുന്നറിയിപ്പ് നാളെ രാവിലെ 11 മണി വരെ തുടരും.

രാജ്യത്തിന്റെ ഭൂരിഭാഗവും ഇന്ന് വിവിധ സമയങ്ങളില്‍ സ്റ്റാറ്റസ് ഓറഞ്ച് ഐസ് മുന്നറിയിപ്പിന് കീഴിലായിരിക്കും,

കാര്‍ലോ ,കില്‍ക്കെന്നി ,പോര്‍ട്ട് ലീഷ്,മീത്ത് ,ഓഫലി ,ലോങ് ഫോര്‍ഡ്,വിക്ലോ ,കാവന്‍ ,മോണഗാന്‍ ,മണ്‍സ്റ്റര്‍, കൊണാച്ച് എന്നിവിടങ്ങളിലെല്ലാം സ്റ്റാറ്റസ് ഓറഞ്ച് താഴ്ന്ന താപനിലയും ഐസ് മുന്നറിയിപ്പും ഇപ്പോള്‍ തന്നെ നിലവിലുണ്ട്. അത് തുടരാനാണ് സാധ്യത. അടുത്ത ശനിയാഴ്ച വരെയെങ്കിലും തണുപ്പ് ,രാജ്യത്തെ വിടാതെ തുടരും.

ഇപ്പോഴുള്ള തണുപ്പ് കുറഞ്ഞാലും അതിശൈത്യമാണ് ജനുവരിയിലെ രണ്ടാമത്തെ ആഴ്ച വരെ രാജ്യത്ത് തുടരുകയെന്ന നിഗമനമാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്നത്.

രാജ്യവ്യാപകമായ സ്റ്റാറ്റസ് യെല്ലോ താഴ്ന്ന താപനിലയും ഐസ് മുന്നറിയിപ്പും, വെള്ളിയാഴ്ച ഉച്ചവരെ നിലവിലുണ്ട്.

ഇന്നലെ രാത്രിയില്‍ ദേശിയ താപനില -3C മുതല്‍ -5C വരെയായിരുന്നു.

ഏറ്റവും കുറഞ്ഞ താപനില മൈനസ് 5.7C ടിപ്പററിയിലെ ഗുര്‍ട്ടീനിലാണ് രേഖപ്പെടുത്തിയത്.

മുള്ളിംഗറിലെ താപനില ഒറ്റരാത്രികൊണ്ട് മൈനസ് 4.9C ആയി കുറഞ്ഞു, അതേസമയം കൗണ്ടി മയോയിലെ ക്ലെയര്‍മോറിസില്‍ ല്‍ താപനില -4C ല്‍ എത്തി.

ഉരുകാതെ സ്‌നോ

മിഡ്ലാന്‍ഡ്സിലെ മിക്ക മേഖലകളിലും,കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സ്‌നോ കട്ടിയായി ,ഉരുകാതെ റോഡിലും,വീട്ടുമുറ്റങ്ങളിലും ഉറഞ്ഞതോടെ ജീവിതം ദുഃസഹമായിരിക്കുകയാണ്.സ്‌നോ ആഘോഷിക്കുന്നവര്‍ മാത്രമാണ് സജീവമായിട്ടുള്ളത്. മിക്ക സ്‌കൂളുകളും അവധിയിലായതോടെ മാതാപിതാക്കളും വീട്ടില്‍ തങ്ങേണ്ട സ്ഥിതിയായി.

ലീമെറിക്കിലെ എല്‍ട്ടണ്‍ നിവാസിയായ സെര്‍വേഷ്യസ് അന്റോണിയസ് സുഹൃത്തുക്കളോടൊപ്പം വാരാന്ത്യത്തില്‍ സ്‌നോ ആഘോഷിച്ചത് , 23 അടി ഉയരമുള്ള, അയര്‍ലണ്ടിലെ ഏറ്റവും വലിയ സ്‌നോമാനെ നിര്‍മ്മിച്ച് കൊണ്ടാണ്.!.ചെറുതും വലുതുമായ സ്നോമാന്‍മാര്‍ പലസ്ഥലങ്ങളിലും ഉയര്‍ന്നിട്ടുണ്ട്.സ്നോമാന്‍മാര്‍ക്കെല്ലാം രണ്ടാഴ്ച വരെ ‘ആയുസുണ്ടായേക്കാമെന്നാണ്’ കാലാവസ്ഥ നല്‍കുന്ന സൂചനകള്‍.പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന
താപനില -8C വരെ താഴ്ന്നേക്കാവുന്ന സാഹചര്യം സാധാരണമല്ലെന്നും അടുത്ത 48 മണിക്കൂറിനുള്ളില്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

‘അടുത്ത 48 മണിക്കൂറിനുള്ളില്‍, താപനില അസാധാരണമാംവിധം കുറവാകുമെന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സേനയടക്കം സന്നദ്ധമാക്കിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇത്തരമൊരു താഴ്ന്ന താപനില , ഈ രാജ്യത്തെ ജനങ്ങള്‍ അടുത്തകാലത്തൊന്നും അനുഭവിച്ചിട്ടില്ലാത്ത ഒന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്‌നോയും,തണുപ്പും ഏറ്റവും അധികം ബാധിച്ചിട്ടുള്ള കെറി, കോര്‍ക്ക്, ലിമെറിക്ക്, ടിപ്പററി എന്നി കൗണ്ടികളിലടക്കം നിദാന്ത ജാഗ്രത പുലര്‍ത്തുന്നതിനായി അത്യാവശ്യ സര്‍വീസുകള്‍ നിലയിരുപ്പിച്ചിട്ടുണ്ടന്ന് ഹാരിസ് പറഞ്ഞു.

സ്‌കൂള്‍ അവധിയുണ്ടോ ?.

രാജ്യത്തെ കൂടുതല്‍ സ്‌കൂളുകളും’ ഇന്നലെയും സാധാരണപോലെ തുറന്നു, എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനം ബാധിച്ച കൗണ്ടികളില്‍, ‘പ്രാദേശിക സാഹചര്യങ്ങളും സുരക്ഷയും കണക്കിലെടുത്ത് ചില പ്രൈമറി, പോസ്റ്റ് പ്രൈമറി സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം വരുന്നതനുസരിച്ച് മാത്രം സ്‌കൂളുകള്‍ അടച്ചിടാനുള്ള നിര്‍ണ്ണയാവകാശം ലോക്കല്‍ മാനേജുമെന്റുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
പലയിടത്തും കാലാവസ്ഥാ സാഹചര്യങ്ങള്‍ കാരണം ചില സ്‌കൂള്‍ ഗതാഗത സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതിനാലും ക്ളാസുകള്‍ മുടങ്ങുന്നുണ്ട്.

കെറി, ടിപ്പററി, വെസ്റ്റ് ലിമെറിക്ക്, നോര്‍ത്ത് കോര്‍ക്ക്, പോര്‍ട്ട് ലീഷ് എന്നിവിടങ്ങളിലെ സ്‌കൂളുകളെയാണ് കാലാവസ്ഥ ഏറ്റവും ശക്തമായി ബാധിച്ചതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ബോഡികള്‍ അറിയിച്ചു.

കെറി, ടിപ്പററി, ലാവോയിസ് ETB പോസ്റ്റ് പ്രൈമറി സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസബോര്‍ഡ് അറിയിച്ചു. പടിഞ്ഞാറന്‍ ലിമെറിക്ക്, നോര്‍ത്ത് കോര്‍ക്ക്, കാര്‍ലോ കില്‍കെന്നിയുടെ ചില ഭാഗങ്ങളിലും വിക്ലോ അതിര്‍ത്തിയിലും നിരവധി ഇ.ടി.ബി സ്‌കൂളുകള്‍ ഇന്നലെ മുതലേ അവധിയിലാണ്.

രാത്രിയിലെ കുറഞ്ഞ താപനില കാരണം ഇന്നും രാജ്യത്തെ ഒട്ടറെ സ്‌കൂളുകള്‍ തുറക്കില്ല. തുറക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യക്തിഗത സ്‌കൂളുകള്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഇന്ന് രാവിലെ വരെ വൈകിയേക്കാമെന്ന് ETBI പറയുന്നു.സ്‌കൂളുകളില്‍ നിന്നുള്ള അറിയിപ്പ് ഫോളോ ചെയ്യണമെന്ന് അറിയിപ്പില്‍ പറയുന്നു.

ഇന്ന് വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കെറി, ലിമെറിക്ക്, ടിപ്പററി എന്നിവിടങ്ങളിലെ പ്രൈമറി സ്‌കൂളുകള്‍ ഇപ്പോള്‍ പുതിയ അലേര്‍ട്ടുകളെതുടര്‍ന്ന് തീരുമാനം മാറ്റിയേക്കാമെന്ന് കാത്തലിക് പ്രൈമറി സ്‌കൂള്‍ മാനേജ്മെന്റ് ബോഡി സിപിഎസ്എംഎ അറിയിച്ചു. കെറിയിലെ അടച്ചിട്ടിരിക്കുന്ന പ്രൈമറി സ്‌കൂളുകള്‍ വെള്ളിയാഴ്ച വരെ വീണ്ടും തുറക്കാന്‍ സാധിക്കില്ലെന്നാണ് കരുതുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!