head1
head3

അയര്‍ലണ്ടില്‍ നഴ്സുമാര്‍ പണിമുടക്കിലേയ്ക്ക്

ഡബ്ലിന്‍ : നിയമനമടക്കമുള്ള നിരവധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി അയര്‍ലണ്ടില്‍ ആരോഗ്യരംഗത്തെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ പണിമുടക്കുന്നു.

ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷനും (ഐ എന്‍എം ഒ) ഫോര്‍സയുമാണ് പണിമുടക്കിനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച അംഗീകാരത്തിനായി ട്രേഡ് യൂണിയനുകളുടെ വോട്ടെടുപ്പ് ഒക്ടോബര്‍ 14 മുതല്‍ നടത്തും.ഇതിന് മുന്നോടിയായി അടുത്തയാഴ്ച മുതല്‍ യൂണിയനംഗങ്ങള്‍ ഉച്ചഭക്ഷണ സമയത്ത് പ്രതിഷേധം സംഘടിപ്പിക്കും.

നികത്താത്ത രണ്ടായിരത്തിലധികം ഒഴിവുകള്‍ ഇല്ലാതായി

ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവിന്റെ റിക്രൂട്ട്‌മെന്റ് നിരോധനം മൂലം നികത്താത്ത ആയിരക്കണക്കിന് ഒഴിവുകളുണ്ടെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. നിയമനമില്ലാതെ 2,000ത്തിലധികം നഴ്‌സിംഗ്, മിഡൈ്വഫറി തസ്തികകള്‍തന്നെ ഇപ്പോള്‍ ഇല്ലാതായി.ജീവനക്കാരുടെ കുറവ് രോഗികളുടെ പരിചരണത്തെ ഗുരുതരമായി ബാധിക്കുകയാണെന്ന്് ഐ എന്‍ എം ഒ പറഞ്ഞു.

രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഒരുപോലെ അപകടത്തിലാകുന്ന സ്ഥിതിയാണ്. രോഗികളുടെ സുരക്ഷയ്ക്കായി സ്വന്തം ആരോഗ്യം പോലും മറന്ന് ജോലി ചെയ്യേണ്ടി വരുന്നു.എന്നിട്ടും എച്ച് എസ് ഇയുടെ ഭാഗത്തുനിന്നും ഫലപ്രമായ നടപടികളുണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ പണിമുടക്കല്ലാതെ യൂണിയനുകള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് ഐ എന്‍ എം ഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷെഗ്ദ പറഞ്ഞു.

കാത്തിരിക്കുന്നവരില്‍ നൂറുകണക്കിന് മലയാളികളും

നഴ്സുമാരും,മറ്റ് ആരോഗ്യപ്രവര്‍ത്തകരുമടക്കം നൂറുകണക്കിന് മലയാളികളാണ് , ഐറിഷ് ആരോഗ്യവകുപ്പിനെ വിശ്വസിച്ച് എന്‍ എം ബി ഐ രജിസ്ട്രേഷനും,ഡിസിഷന്‍ ലെറ്ററും നേടി അയര്‍ലണ്ടിനെ തേടി കാത്തിരിക്കുന്നത് .ഇവരെയെല്ലാം സര്‍ക്കാര്‍ നയം പ്രതിസന്ധിയില്‍ ആഴ്ത്തിയിരിക്കുകയാണ്.

പ്രതിസന്ധി വഷളാകുന്നു

വരും മാസങ്ങളില്‍ ആരോഗ്യ രംഗത്തെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന് ഫോര്‍സ മുന്നറിയിപ്പ് നല്‍കി.രാജ്യത്ത് പ്രായമായവരുടെ എണ്ണവും സങ്കീര്‍ണ്ണമായ ചികില്‍സാ ആവശ്യങ്ങളുമൊക്കെ നിറവേറ്റാന്‍ ആവശ്യമായ ജീവനക്കാരില്ല.

നിയമനത്തിന് എച്ച് എസ് ഇ നടപടിയെടുക്കുന്നുമില്ല.പണിയെടുക്കുന്ന ജീവനക്കാരുടെ സുരക്ഷ വളരെ അപകടത്തിലാണെന്ന് ഫോര്‍സയുടെ ആരോഗ്യ-ക്ഷേമ വിഭാഗം പ്രതിനിധി ആഷ്‌ലി കൊണോലി പറഞ്ഞു.

പണിമുടക്കുന്നത് ശരിയല്ലെന്ന് എച്ച് എസ് ഇ

അതിനിടെ പണിമുടക്കാനുള്ള യൂണിയനുകളുടെ നീക്കത്തിനെതിരെ എച്ച എസ് ഇ രംഗത്തുവന്നു. 2024ല്‍ ഹെല്‍ത്ത് സര്‍വ്വീസിനായി 1.5 ബില്യണ്‍ യൂറോയാണ് അധികമായി ചെലവഴിച്ചെന്ന് എച്ച് എസ് ഇ പറഞ്ഞു.

2025ല്‍ ഹെല്‍ത്ത് ബജറ്റ് വിഹിതത്തില്‍ 1.2 ബില്യണ്‍ യൂറോയുടെ വര്‍ദ്ധനവുണ്ടാകും. ഈ പശ്ചാത്തലത്തില്‍ യൂണിയനുകള്‍ പണിമുടക്കിന് ഒരുങ്ങുന്നത് ഖേദകരമാണെന്ന് എച്ച് എസ് ഇ വക്താവ് പറഞ്ഞു.

ഈ വര്‍ഷം 2,350 പുതിയ നിയമനങ്ങളുണ്ടാകും. അതിനുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചിട്ടുണ്ട്.എന്നിരുന്നാലും അംഗീകൃത പരമാവധി എന്ന തോതില്‍ മാനേജര്‍മാര്‍ക്ക് റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കേണ്ടി വരുമെന്നും വക്താവ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Leave A Reply

Your email address will not be published.

error: Content is protected !!