നഴ്സുമാര്‍ക്ക് യൂറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍ , ഇറ്റലി ഇന്ത്യയില്‍ നിന്നും 10000 നഴ്സുമാരെ ഉടന്‍ റിക്രൂട്ട് ചെയ്യും
റോം : ഇറ്റലിയില്‍ നിന്നും ഇന്ത്യയിലെ നഴ്സുമാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത വരുന്നു. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ടുവരാനാണ് ഇറ്റലിയുടെ തീരുമാനം.10,000 ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് മാത്രം ഉടന്‍ അവസരം ലഭിക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇക്കാര്യം ആരോഗ്യമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറ്റലിയില്‍ നഴ്‌സായി ജോലി ചെയ്യാനുള്ള യോഗ്യത നഴ്‌സിംഗ് ബിരുദം (നാല് വര്‍ഷം), അഥവാ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറിയില്‍ ഡിപ്ലോമ (മൂന്ന്- മൂന്നര വര്‍ഷം)എന്നിവയാണ്.
ഇറ്റലിയിലെ വിദേശ നഴ്‌സുമാരുടെ പ്രധാന വിപണിയായി ഇന്ത്യ മാറുമെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ട്മെന്റിലൂടെ 10,000 നഴ്‌സുമാരുടെ ഒഴിവുകള്‍ നികത്താന്‍ കഴിയുമെന്ന് ഇറ്റലിയുടെ ആരോഗ്യ മന്ത്രി ഒറാസിയോ ഷില്ലാസി പറഞ്ഞു.നേരിട്ടുള്ള റിക്രൂട്ട്‌മെന്റിലൂടെ 10,000 പേരെ അടുത്തവര്‍ഷം മാത്രം ഇറ്റലിയിലേക്ക് കൊണ്ടുവരാനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ നഴ്‌സുമാരുടെ കടന്നുവരവ് കൂടുതല്‍ വേഗത്തിലാക്കാന്‍ നിയമങ്ങള്‍ കൂടുതല്‍ ലളിതവും സൗകര്യപ്രദവുമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ഇറ്റാലിയന്‍ ഭാഷാപഠനകേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ട്.ഇറ്റലിയിലെ വിവിധ റീജിയനുകള്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കും.ഇറ്റാലിയന്‍ രജിസ്ട്രേഷന്‍ നടപടികള്‍ സുഗമമാക്കാനും ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായം നല്‍കും.
ലോംബാര്‍ഡി അടക്കമുള്ള ഇറ്റലിയിലെ ചില റീജിയനുകള്‍ ഇതിനകം തന്നെ റിക്രൂട്ട്മെന്റ് ആരംഭിച്ചിട്ടുണ്ട്.അര്‍ജന്റീന, പരാഗ്വേ എന്നിവിടങ്ങളില്‍ നിന്നും 200 നഴ്‌സുമാരെ വീതവും കൂടാതെ നൈജീരിയ, ടാന്‍സാനിയ, കോംഗോ, കാമറൂണ്‍, അര്‍ജന്റീന, പെറു തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നഴ്‌സുമാരെയും നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.
യൂറോപ്പില്‍ തന്നെ കുറഞ്ഞ ശമ്പള നിലവാരമുള്ള നേപ്പിള്‍സ് അടക്കമുള്ള കമ്പാനിയ മേഖലയില്‍ ശമ്പളഘടന ഉയര്‍ത്താനും റിക്രൂട്ട്മെന്ട് നടപടികള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.
2025ന്റെ തുടക്കത്തോടെ 50,000 ആയി നഴ്സുമാരുടെ എണ്ണം ഉയര്‍ത്താനാണ് ഇറ്റലിയുടെ തീരുമാനം.65000 നഴ്സുമാരെയാണ് രാജ്യത്ത് ആവശ്യമുള്ളതെന്നാണ് കണക്കാക്കുന്നത്.
നിലവില്‍ റൊമാനിയ(12,000)യില്‍ നിന്നുള്ളവരാണ് ഇറ്റലിയുടെ നഴ്സുമാരിലേറെയും.പോളണ്ട്(2,000),അല്‍ബേനിയ,ഇന്ത്യ (1800വീതം)പെറു (1500) എന്നിങ്ങനെയാണ് ഇറ്റലിയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാരുടെ സ്ഥിതിവിവരക്കണക്കുകള്‍.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.