ഡബ്ലിന്‍ : കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത 6,000 നഴ്‌സുമാരില്‍ 3,000ത്തിലധികം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് പാര്‍ലമെന്ററി ബജറ്റ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.ഫ്രീസിംഗിനിടയിലും മൂവായിരത്തോളം ഇന്ത്യൻ നഴ്സുമാർക്കാണ് എന്‍ എം ബി ഐ പിന്‍ നമ്പര്‍ അനുവദിച്ചത്.
ഈ വര്‍ഷം ഇതുവരെ സര്‍ക്കാര്‍ നല്‍കിയ 30,174 വര്‍ക്ക് പെര്‍മിറ്റുകളില്‍ മൂന്നിലൊന്നും (9,907) ആരോഗ്യമേഖലയിലാണ്. ടെക് മേഖലയില്‍ അനുവദിച്ചതിന്റെ ഇരട്ടിയാണിത്.
ഇന്ത്യയ്ക്ക് മാത്രം പതിനായിരത്തിലധികം വര്‍ക്ക് പെര്‍മിറ്റുകളാണ് അയര്‍ലണ്ട് അനുവദിച്ചത്.
അയര്‍ലണ്ടിന്റെ ആരോഗ്യമേഖലയില്‍ നിലവിലെ അനുപാതം നിലനിര്‍ത്താന്‍ 2041ഓടെ അയര്‍ലണ്ടിന് 13,000 നഴ്സുമാര്‍ അധികമായി വേണ്ടിവരുമെന്ന് പാര്‍ലമെന്ററി ബജറ്റ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.ഈ ലക്ഷ്യം നേടുന്നതിന് ഓരോവര്‍ഷവും 2,000 നഴ്‌സുമാരെ പരിശീലിപ്പിക്കുകയോ മറ്റു രാജ്യങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യുകയോ വേണമെന്നും കണക്കുകള്‍ പറയുന്നു.
ഉഭയകക്ഷി കരാറായി :അയര്‍ലണ്ടിലെത്തും കെനിയയില്‍ നിന്നും കൂടുതല്‍ നഴ്സുമാര്‍
ഡബ്ലിന്‍ : കെനിയയില്‍ നിന്ന് കൂടുതല്‍ നഴ്സുമാരെയും മിഡൈ്വഫുമാരെയും അയര്‍ലണ്ടിലേയ്ക്കെത്തിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാറായെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണെല്ലി വ്യക്തമാക്കി.ഇതിനെതിരെ ഐ എന്‍ എം ഒ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം നിലവിലുള്ള കെനിയയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ ഒരു പ്രശ്‌നമാകുമെന്ന് അറിയാം.അതിനാല്‍ ലോകാരോഗ്യസംഘടനയുടെയും ഒഇ സി ഡിയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതവുമായാണ് കരാറുണ്ടാക്കിയതെന്ന് മന്ത്രി പറഞ്ഞു.
ഏതാനും വര്‍ഷങ്ങളായി സാമ്പത്തിക പ്രതിസന്ധി മൂലം കെനിയയില്‍ ഹെല്‍ത്ത് കെയര്‍ ബിരുദധാരികള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാരിനാകുന്നില്ല. ഇതിന് പുറമേ ഐ എം എഫില്‍ നിന്ന് അധിക സാമ്പത്തിക സഹായം ലഭിക്കുന്നതിനായി വിവിധ മേഖലകളില്‍ പൊതുചെലവ് വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് നഴ്സുമാരുടെ ‘കയറ്റുമതി’ കെനിയ ആരംഭിച്ചത്.2021ല്‍ യു കെ കെനിയയുമായി കരാറുണ്ടാക്കി.കഴിഞ്ഞ മാസം ജര്‍മ്മനിയും ഓസ്ട്രിയയും സൗദി അറേബ്യയുമെല്ലാം കരാറുകള്‍ ഉണ്ടാക്കി.ഇതിന്റെ ചുവടുപിടിച്ചാണ് അയര്‍ലണ്ടും കെനിയയുമായി ആരോഗ്യമന്ത്രി കരാറുണ്ടാക്കിയത്.
കെനിയയ്ക്ക് സെപ്റ്റംബര്‍ അവസാനം വരെ 140 വര്‍ക്ക് പെര്‍മിറ്റുകളാണ് നല്‍കിയത്.കെനിയ പോലെയുള്ള ‘രാജ്യങ്ങളില്‍ നിന്നും അവശ്യ തൊഴിലാളികളെ കൊണ്ടുവരേണ്ടി വരുന്നത് അയര്‍ലണ്ടിന്റെ നയവൈകല്യം കൊണ്ടാണെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐ എന്‍ എം ഒ) ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ധ പറഞ്ഞു. ഇത് ചെയ്യില്ലെന്ന് നേരത്തേ മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇപ്പോഴതാണ് സംഭവിച്ചതെന്നും അവര്‍ പറഞ്ഞു.സ്റ്റാഫ് ക്രമീകരണം ആവശ്യപ്പെട്ട് ഐ എന്‍ എം ഓ യുടെ സമരം ഉടന്‍ ഉണ്ടാവുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/