head1
head3

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ക്ക് അവസരമൊരുങ്ങി

ഡബ്ലിന്‍ :ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ രാത്രികാല വിമാന സര്‍വ്വീസുകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഐറിഷ് പ്ലാനിംഗ് ബോര്‍ഡ് നീക്കി. രാത്രി 11 മുതല്‍ അര്‍ദ്ധരാത്രി വരെയും രാവിലെ ആറുമുതല്‍ ഏഴ് വരേയും നോര്‍ത്ത് റണ്‍വേയില്‍ നിന്നും വിമാനങ്ങള്‍ അനുവദിക്കുന്നതിനാണ് തീരുമാനം.ഇതോടെ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തന സമയം രണ്ടു മണിക്കൂര്‍ കൂടി നീളും. കൂടുതല്‍ വിമാന സര്‍വ്വീസുകളും ഇതിനാല്‍ നടത്താനാകും.

രാത്രി 11നും രാവിലെ ഏഴിനും ഇടയില്‍ വിമാനങ്ങളുടെ എണ്ണത്തിനുള്ള നിയന്ത്രണം നീക്കാനും രാത്രി 11.30നും രാവിലെ ആറിനും ഇടയില്‍ വാര്‍ഷിക രാത്രിസമയത്തെ നോയിസ് ക്വാട്ട പുനസ്ഥാപിക്കാനുമാണ് ബോര്‍ഡ് നിര്‍ദ്ദേശം.

ഡബ്ലിന്‍ വിമാനത്താവളത്തില്‍ രാത്രികാലത്ത് വിമാന സര്‍വ്വീസുകള്‍ക്ക് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ വലിയ വിവാദമായിരുന്നു. ഇതു സംബന്ധിച്ച 2022 ഓഗസ്റ്റിലെ ഫിംഗല്‍ കൗണ്ടി കൗണ്‍സിലിന്റെ തീരുമാനം അംഗീകരിച്ചായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്.

ഒട്ടേറെ വ്യക്തികളും സെന്റ് മാര്‍ഗരറ്റ്, ദി വാര്‍ഡ് റെസിഡന്റ്‌സ് ഗ്രൂപ്പ്, ഫ്രണ്ട്സ് ഓഫ് ഐറിഷ് എന്‍വയോണ്‍മെന്റ് എന്നിവയൊക്കെ നല്‍കിയ അപ്പീല്‍ നിരസിച്ചുകൊണ്ടാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ തീരുമാനം.

എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത് ശബ്ദ മലിനീകരണമോ ശല്യമോ അമിതമായി ഉണ്ടാക്കില്ലെന്ന് കണക്കാക്കിയാണ് ബോര്‍ഡ് തീരുമാനം. സമീപത്തെ വസ്തുവകകള്‍ക്കും കൂടുതല്‍ സര്‍വ്ീസുകള്‍ ആഘാതമേല്‍പ്പിക്കില്ലെന്നും ബോര്‍ഡ് വിലയിരുത്തുന്നു.അതേ സമയം, നോര്‍ത്ത് റണ്‍വേയുടെ പ്രവര്‍ത്തനങ്ങളില്‍ ഇളവ് അനുവദിക്കുന്നതിനുള്ള സാഹചര്യമൊന്നുമില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

രാത്രികാല ഫ്ളൈറ്റുകളുടെ നിയന്ത്രണം ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെയും ഐറിഷ് ഏവിയേഷന്‍ അതോറിറ്റിയുടെയും പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് എയര്‍ ലിംഗസും റയ്നെയറും ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.രാത്രി സര്‍വ്വീസുകള്‍ അനുവദിക്കാത്തത് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കാര്‍ഗോ ഓപ്പറേറ്റര്‍മാരും വ്യക്തമാക്കിയിരുന്നു.

ഐ ബി ഇ സി, ചേംബേഴ്‌സ് അയര്‍ലന്‍ഡ്, ഐറിഷ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍, എന്റര്‍പ്രൈസ് അയര്‍ലന്‍ഡ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ ബിസിനസ്സ് ഓര്‍ഗനൈസേഷനുകളും ഐ എ എയും രാത്രി സമയങ്ങളില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന ആവശ്യപ്പെട്ടിരുന്നു.

സുരക്ഷ, അറ്റകുറ്റപ്പണികള്‍, അസാധാരണമായ എയര്‍ ട്രാഫിക് സാഹചര്യങ്ങള്‍, പ്രതികൂല കാലാവസ്ഥ എന്നിവയൊഴികെയുള്ള അടിയന്തരഘട്ടങ്ങിലല്ലാതെ അര്‍ദ്ധരാത്രിക്കും പുലര്‍ച്ചെ 5.59 നും ഇടയില്‍ ടേക്ക് ഓഫിനും ലാന്‍ഡിംഗിനും ഉപയോഗിക്കില്ല എന്നതാണ് നോര്‍ത്ത് റണ്‍വേയുടെ ആസൂത്രണ അനുമതിയുടെ കാതല്‍.

അടിയന്തര ഘട്ടങ്ങളിലല്ലാതെ ഈ വ്യവസ്ഥകളില്‍ മാറ്റം അനുവദനീയമല്ലായിരുന്നു.ഈ വ്യവസ്ഥയിലാണ് ബോര്‍ഡ് മാറ്റം വരുത്തിയത്. നോര്‍ത്ത് റണ്‍വേ ആവശ്യമായ നീളം കൂടുതലുള്ള പ്രത്യേക വിമാനത്തിനും ഇളവുണ്ടായിരുന്നു.രാത്രി 11 മണിക്കും രാവിലെ 7 മണിക്കും ഇടയില്‍ സഞ്ചരിക്കുന്ന വിമാനങ്ങളുടെ എണ്ണം 65 ആയി പരിമിതപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണവും ബോര്‍ഡ് നീക്കി.

രാത്രി 11.30നും രാവിലെ 6 നും ഇടയില്‍ രാത്രി സമയ നോയിസ് ക്വാട്ട അവതരിപ്പിക്കാനും ഇതു ബാധിക്കുന്ന ജനവാസ കേന്ദ്രങ്ങള്‍ക്ക് ഇന്‍സുലേഷന്‍ ഗ്രാന്റ് അനുവദിക്കാനും ആന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

32 മില്യണ്‍ യാത്രികര്‍ എന്നതടക്കം ഡബ്ലിന്‍ വിമാനത്താവളത്തിന്റെ പ്രത്യേക അനുമതി വ്യവസ്ഥകളിലൊന്നും ഭേദഗതി വരുത്താനുദ്ദേശിക്കുന്നില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍ ആവാസ വ്യവസ്ഥകളില്‍ ഈ പദ്ധതി കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്ന് പാരിസ്ഥിതിക വിദഗ്ധരുടെ റിപ്പോര്‍ട്ടുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.വിമാനങ്ങളുടെ എണ്ണം കുറവായതിനാല്‍ വായുമലിനീകരണത്തിനും സാധ്യതയില്ല.

എന്നിരുന്നാലും ഈ മാറ്റങ്ങള്‍ ജന ജീവിതത്തിനും ആരോഗ്യത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും പ്രത്യക്ഷവും പരോക്ഷവുമായ നേരിയ ആഘാതങ്ങളുണ്ടാക്കുമെന്നും ബോര്‍ഡ് നിരീക്ഷിച്ചു.

ഉറക്കം നഷ്ടപ്പെടുന്ന പരിസരവാസികളുടെ എണ്ണവും ‘വര്‍ദ്ധിക്കുമെന്ന് ‘ബോര്‍ഡ് പറയുന്നു. അതിനാല്‍ നോര്‍ത്ത് റണ്‍വേ രാവിലെ 6 നും 8 നും ഇടയില്‍ പുറപ്പെടുന്നതിന് മാത്രമേ ഉപയോഗിക്കാവൂവെന്ന് ബോര്‍ഡ് വ്യവസ്ഥ ചെയ്യുന്നു.തിരക്കേറിയ സമ്മര്‍ അവധിക്കാലത്ത് രാത്രി 11 മണിക്കും രാവിലെ 6.59നും ഇടയിലുള്ള ആകെ 13,000 ഫ്ളൈറ്റുകളേ പാടുള്ളുവെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചു.സമ്മര്‍ പീരിയഡില്‍ 9100 എക്സ്ട്രാ ഫ്ളൈറ്റുകളെന്ന വ്യവസ്ഥയും പാലിക്കപ്പെടണം.

റണ്‍വേയുടെ ഉപയോഗം സംബന്ധിച്ച നിലവിലെ ആസൂത്രണ വ്യവസ്ഥകള്‍ ദുഷ്‌കരമാണെന്ന് ഡി എ എ പ്രതികരിച്ചു.എയര്‍ക്രാഫ്റ്റ് നോയ്‌സ് കോംപീറ്റന്റ് അതോറിറ്റിയുടെ രാത്രികാല നിയന്ത്രണം സംബന്ധിച്ച നിലവിലെ വ്യവസ്ഥകള്‍ ലഘൂകരിക്കാമെന്ന് ഫിംഗല്‍ കൗണ്ടിയും സമ്മതിച്ചിട്ടുണ്ട്.55 ഡെസിബെല്ലിനു മുകളില്‍ വിമാനത്തിന്റെ ശബ്ദമെത്തുന്ന എല്ലാ വീടുകള്‍ക്കും വോളന്ററി ശബ്ദ ഇന്‍സുലേഷന്‍ സ്‌കീം അവതരിപ്പിക്കാനും കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Comments are closed.

error: Content is protected !!