ലണ്ടന്‍ : ആരോഗ്യ മേഖലയില്‍ വരുംകാലത്തുണ്ടായേക്കാവുന്ന ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്തുന്നത് മുന്നില്‍ക്കണ്ട് വമ്പന്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവിനൊരുങ്ങുകയാണ് യു കെ സര്‍ക്കാര്‍. 2037ഓടെ 3,60,000 ജീവനക്കാരുടെ കുറവാണ് എന്‍ എച്ച് എസ് വിഭാവനം ചെയ്യുന്നത്.അത് നികത്തുന്നതിന് എന്‍ എച്ച് എസിന്റെ ചരിത്രത്തിലെതന്നെ ആദ്യത്തെ ലോംഗ് ടേം വര്‍ക്ക് ഫോഴ്സ് പ്ലാനാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഏജന്‍സിയുടെ 75ാം ജന്മദിന സമ്മാനമായാണ് സര്‍ക്കാര്‍ ഈ ഓഫര്‍ നല്‍കിയത്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ക്ഷാമം നേരിടാന്‍ 300,000 പേരെ എന്‍ എച്ച് എസിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.എന്‍ എച്ച് എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണമാണ് സര്‍ക്കാര്‍ പ്ലാന്‍ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
2037ഓടെ 60,000 ഡോക്ടര്‍മാരെയും 1,70,000 നഴ്സുമാരെയും 71,000 ഹെല്‍ത്ത് പ്രൊഫഷണലുകളെയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഡോക്ടര്‍മാര്‍ മെഡിക്കല്‍ സ്‌കൂളില്‍ ചെലവഴിക്കുന്ന സമയം കുറക്കാനും സ്വദേശികളായ ജീവനക്കാരെ കൂടുതലായി പരിശീലിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതി ലക്ഷ്യമിടുന്നു.വരുംവര്‍ഷങ്ങളില്‍ ഇരട്ടി ഡോക്ടര്‍മാര്‍ക്കും കൂടുതലായി 24,000 നഴ്സുമാര്‍ക്കും പരിശീലനം നല്‍കും.വെയിറ്റിംഗ് ലിസ്റ്റുകള്‍ വെട്ടിക്കുറയ്ക്കാനും രോഗികളുടെ പരിചരണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.ജീവനക്കാരെ ഭാവിയിലേയ്ക്കും നിലനിര്‍ത്താന്‍ അനുയോജ്യമായ വിധത്തില്‍ ആരോഗ്യ സംവിധാനം പരിഷ്‌കരിക്കുന്നതിനും പദ്ധതിയുണ്ടാകും.
കോവിഡിന്റെ പ്രത്യാഘാതങ്ങളും അടുത്തിടെ തുടര്‍ച്ചയായി നീണ്ടുനിന്ന പണിമുടക്കുകളുമെല്ലാമായി യു കെ യുടെ ആരോഗ്യ സേവനരംഗം പ്രക്ഷുബ്ധമായിരുന്നു. പുകള്‍പെറ്റ യു കെയുടെ ആരോഗ്യമേഖലയുടെ സല്‍പ്പേരിന് ഇവയൊക്കെ മങ്ങലേല്‍പ്പിച്ചതായും സര്‍ക്കാര്‍ കരുതുന്നു. അതിനെ മറികടക്കുന്നതിനാണ് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതി സര്‍ക്കാര്‍ രൂപീകരിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവില്‍ 1,12,000 ഒഴിവുകളാണ് എന്‍ എച്ച് എസ് ഇംഗ്ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.പ്രായമായവരുടെ വന്‍ വര്‍ധനവ്,പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ്, നിലവിലുള്ള ജീവനക്കാരെ സര്‍വ്വീസില്‍ നിലനിര്‍ത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയൊക്ക യു കെയുടെ ആരോഗ്യമേഖലയുടെ പ്രശ്നങ്ങളാണ്.ഇതിനെയൊക്കെ ഫലപ്രദമായി നേരിടുന്നതിന് മൂന്നരലക്ഷത്തിലേറെ ജീവനക്കാരെ ആവശ്യമായി വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
യു കെയുടെ ആരോഗ്യ സംവിധാനത്തെ സുസ്ഥിരമാക്കാന്‍ സഹായിക്കുമെന്ന് എന്‍ എച്ച് എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് അമന്‍ഡ പ്രിച്ചാര്‍ഡ് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.