head1
head3

ശമ്പള വര്‍ധന വെറും ഒരു ശതമാനം മാത്രം; പണിമുടക്കിനൊരുങ്ങി ബ്രിട്ടനിലെ നഴ്‌സുമാര്‍

ലണ്ടന്‍ : കോവിഡ് മുന്നണി പോരാളികളായ നഴ്‌സുമാര്‍ക്കും മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും വെറും ഒരു ശതമാനം ശമ്പളവര്‍ധന പ്രഖ്യാപിച്ച ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം.

നഴ്‌സിങ് മേഖലയിലെ വിവിധ യൂണിയനുകള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, സര്‍ക്കാരിന്റെ ഈ തെറ്റായ നടപടിക്കെതിരേ പണിമുടക്കിന് ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ നഴ്‌സിങ് സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്.

ബജറ്റ് സ്റ്റേറ്റ്‌മെന്റിന്റെ ഭാഗമായാണു നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്കു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് നിര്‍ദേശിച്ച ഒരു ശതമാനത്തിന്റെ ശമ്പളവര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചത്. അധ്യാപകരും പൊലീസുകാരും ഫയര്‍ഫൈറ്റേഴ്‌സും ആംഡ് ഫോഴ്‌സും അടങ്ങുന്ന 13 ലക്ഷത്തിലേറെ മറ്റു സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ശമ്പളവര്‍ധന ഒരുവര്‍ഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തിരുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് ജീവനക്കാരെ ആദരിക്കാനാണ് ശമ്പള വര്‍ധന അവര്‍ക്കുമാത്രം നടപ്പാക്കിയതെന്നും നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ഇതില്‍ക്കൂടുതല്‍ വര്‍ധന സര്‍ക്കാരിനു താങ്ങാനാവില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

അതേസമയം, ചുരുങ്ങിയത് 12.5 ശതമാനത്തിന്റെ വര്‍ധനയാണ് റോയല്‍ കോളജ് ഓഫ് നഴ്‌സിങും യൂണിസെനും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചു സമരത്തിന് ഒരുങ്ങുന്ന ആര്‍സിഎന്‍ ഇതിനായി 35 മില്യണ്‍ പൗണ്ടിന്റെ സ്‌ട്രൈക്ക് ഫണ്ടിനും രൂപം നല്‍കി.

ശമ്പള വര്‍ധനവിനെ ദയനീയം എന്നാണ് റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് (ആര്‍സിഎന്‍) വിശേഷിപ്പിച്ചത്. 12.5 ശതമാനം ശമ്പള വര്‍ധനവ് നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതേസമയം, നാണയപ്പെരുപ്പം 0.9 ശതമാനമായി നിലനില്‍ക്കുന്നതിനാല്‍ നിലവിലെ ശമ്പള വര്‍ധന പര്യാപ്തമാണെന്ന് നിലപാടിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. എന്നാല്‍, ഒരു ശതമാനം ശമ്പള വര്‍ധനയിലൂടെ ആഴ്ചയില്‍ കേവലം 3.5 പൗണ്ട് മാത്രമേ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അധികമായി ലഭിക്കൂ എന്നും വിമര്‍ശനമുണ്ട്.

അതേസമയം, 1% ശമ്പള വര്‍ദ്ധനവിനെക്കുറിച്ച് കേട്ടപ്പോള്‍ താന്‍ ആകെ ഞെട്ടിപ്പോയെന്ന് ലണ്ടന്‍ ആശുപത്രിയിലെ തീവ്രപരിചരണ നഴ്‌സായ എമിലി ഹണ്ടിംഗ്‌ഫോര്‍ഡ് പറഞ്ഞു. ഇത് അപമാനകരമാണെന്നും കോവിഡിനെതിരായ പോരാട്ടത്തില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ നടത്തിയ പോരാട്ടത്തെ അവഗണിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും ഇവര്‍ പഞ്ഞു.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്വര്‍ത്തിന്റെ പ്രതികരണം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More