head3
head1

ഐറിഷ് നഴ്സുമാരെ അമേരിക്കയിലേയ്ക്ക് ക്ഷണിച്ച് ന്യൂയോര്‍ക്ക് ഗവര്‍ണര്‍; ജെ 1 പ്രോഗ്രാം പുനരാരംഭിക്കുമെന്ന് സൂചന

ന്യൂയോര്‍ക്ക് : ഐറിഷ് വിദ്യാര്‍ഥികളേയും നഴ്സുമാരേയും അമേരിക്കയിലേയ്ക്ക് ക്ഷണിച്ച് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാതി ഹോചുല്‍. ഐറിഷ് വിദ്യാര്‍ഥികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ അങ്ങോട്ടേയ്ക്ക് വരാന്‍ അവസരമൊരുക്കുന്ന ജെ 1 പ്രോഗ്രാം പുനരാരംഭിക്കുമെന്ന സൂചനയും ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ നല്‍കി.

ഐറിഷ് നഴ്സുമാര്‍ക്കും ഒട്ടേറെ അവസരങ്ങള്‍ ലഭിക്കുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

ഐറിഷ് നഴ്സുമാരോട് ന്യൂയോര്‍ക്കിന് പ്രത്യേക അടുപ്പമുണ്ടെന്ന് ഹോചുല്‍ പറഞ്ഞു. നിരവധി ജോലികളില്‍ ഇവിടെ ആളുകളെ ആവശ്യമുണ്ട്. പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണത്തില്‍. ന്യൂയോര്‍ക്കില്‍ വരാന്‍ ആഗ്രഹിക്കുന്ന നഴ്സുമാരുണ്ടെങ്കില്‍, അവര്‍ക്ക് വിസകള്‍ ലഭ്യമാക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ജെ 1 പ്രോഗ്രാം പുനരാരംഭിച്ചേക്കും

ഐറിഷ് വിദ്യാര്‍ത്ഥികള്‍ക്ക് സമ്മറില്‍ ജോലി ചെയ്യാനുള്ള അവസരം നല്‍കുന്ന ജെ 1 പ്രോഗ്രാം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാര്‍ച്ചിലാണ് നിര്‍ത്തലാക്കിയത്. യു.എസ് യാത്രാ നിരോധനം നീക്കിയതോടെ 2022-ലെ വേനല്‍ക്കാലത്ത് ജെ 1 പ്രോഗ്രാം വീണ്ടും തുടങ്ങുമെന്ന സൂചനയാണ് ഗവര്‍ണ്ണര്‍ നല്‍കുന്നത്. ഓരോ വര്‍ഷവും 3,000 ബിരുദ വിദ്യാര്‍ഥികളാണ് ജെ1 സ്‌കീം പ്രകാരം വിസ എടുത്തിരുന്നത്. ബിരുദധാരികള്‍ക്കായി 12 മാസത്തെ ജോലി വിസയാണ് ഇതിലൂടെ അനുവദിച്ചിരുന്നത്.

പ്രധാനമന്ത്രിയുടെ നിലപാട്…

ഈ വിഷയം ഗവര്‍ണ്ണര്‍ക്ക് മുമ്പില്‍ താന്‍ അവതരിപ്പിച്ചതല്ലെന്നും, ന്യൂ യോര്‍ക്ക് ഗവര്‍ണ്ണര്‍ക്ക് വളരെ അനുകൂല നിലപാടാണ് ഉള്ളതെന്നും അതിനാല്‍ ഈ വിഷയത്തില്‍ ഫോളോ അപ്പുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടീന്‍ വ്യക്തമാക്കി.

യുഎസിലെ അയര്‍ലണ്ട് അംബാസഡര്‍ ഡാനിയല്‍ മുല്‍ഹാള്‍, കോണ്‍സല്‍ ജനറല്‍ ഹെലീന നലന്‍ എന്നിവര്‍ ഈ വിഷയത്തില്‍ തുടര്‍ന്നും ഇടപെടുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തു നിന്നും കൂടുതല്‍ പേരെ ക്ഷണിക്കാനുള്ള ശ്രമം സ്വാഗതാര്‍ഹമാണ് – അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ യുഎസില്‍ 50,000 ഐറിഷ് പൗരന്മാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More