head1
head3

പുതിയ ലിവിംഗ് വിത്ത് കോവിഡ് പദ്ധതി വരികയാണ്…. എന്താകും… എങ്ങനെയാകും…?

ഡബ്ലിന്‍ : രാജ്യത്ത് പുതിയ ലിവിംഗ് വിത്ത് കോവിഡ് പദ്ധതി വരികയാണ്. ഇന്നത്തെ കാബിനറ്റ് ഉപസമിതി ചര്‍ച്ചകള്‍ക്കും നാളത്തെ മന്ത്രിസഭാ തീരുമാനത്തിനും ശേഷമായിരിക്കും പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. അടുത്ത രണ്ടുമാസത്തോളം കാലം നമ്മളെങ്ങനെയായിരിക്കുമെന്ന വ്യക്തമായ പദ്ധതിയാകും സര്‍ക്കാര്‍ പ്രഖ്യാപിക്കുക.5 കിലോമീറ്റര്‍ യാത്രാ പരിധി മെയ് ആദ്യം വരെ നിലനില്‍ക്കും. ഏപ്രിലില്‍ ഇത് പുനരവലോകനം ചെയ്യുമെന്നും കരുതുന്നു.കുടുംബങ്ങളുടെ കൂടിക്കാഴ്ചയ്ക്കുള്ള നിലവിലെ നിയന്ത്രണങ്ങളും തുടരും.

സ്‌കൂളുകള്‍ തുറക്കുമെങ്കിലും വളരെ കരുതലോടെ ഘട്ടംഘട്ടമായാകും അത് പ്രാവര്‍ത്തികമാക്കുക.ജൂനിയര്‍, സീനിയര്‍ ഇന്‍ഫന്റ്സ് ,പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഫസ്റ്റ്, സെക്കന്റ് ക്ലാസ്സുകാര്‍ എന്നിവരോടൊപ്പം സെര്‍ട്ട് വിദ്യാര്‍ഥികളും മാര്‍ച്ച് ഒന്നിന് സ്‌കൂളിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.മാര്‍ച്ച് 15 നകം എല്ലാ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ തിരിച്ചെത്തുമെന്ന്  മന്ത്രി റോഡറിക് ഒ ഗോര്‍മാന്‍ പറഞ്ഞു. എന്നാല്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈസ്റ്റര്‍ അവധിക്കാലം വരെ ക്ലാസ് മുറിയിലേക്ക് എത്താന്‍ സാധ്യതയില്ല.

റീട്ടെയില്‍ മുന്‍ഗണനയിലില്ല

അനിവാര്യമല്ലാത്ത റീട്ടെയില്‍ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നത് സര്‍ക്കാര്‍ മുന്‍ഗണനയല്ല.എന്നാല്‍ പുതിയ പദ്ധതിയില്‍ അവ മടങ്ങിവരുന്നതിന് സമയ ക്രമം വ്യക്തമാക്കുമെന്നും അറിയുന്നു.

പ്രതീക്ഷയോടെ നിര്‍മ്മാണ മേഖല

നിര്‍മ്മാണ മേഖലയുടെ സമ്പൂര്‍ണ്ണ തിരിച്ചുവരവ് അടുത്ത മാസം ആദ്യം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ഹോസ്പിറ്റാലിറ്റിയില്‍ ദുരിതം തന്നെ

സമ്മര്‍ പകുതി വരെ ഹോസ്പിറ്റാലിറ്റി മേഖല വീണ്ടും തുറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്.പാന്‍ഡെമിക് തൊഴിലില്ലായ്മ പേയ്‌മെന്റും ബിസിനസുകള്‍ക്കുള്ള സാമ്പത്തിക സഹായവും ജൂണ്‍ അവസാനം വരെ തുടരുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഈ വസ്തുതയെ അടിവരയിടുന്നു.ഭക്ഷണം വിളമ്പാത്ത പബ്ബുകളും ശരത്കാലം വരെ വീണ്ടും തുറക്കില്ലെന്നാണ് കരുതുന്നത്.

നിയന്ത്രണങ്ങളോടെ സമ്മര്‍

നിയന്ത്രണങ്ങളോടെയുള്ള ഒരു ഔട്ട്‌ഡോര്‍ സമ്മറാകും ഇക്കുറിയെന്ന് എന്‍ഫെറ്റ് വ്യക്തമാക്കിയിട്ടുണ്ട്.ആഭ്യന്തര വിനോദസഞ്ചാര സീസണ്‍ 2020 സമ്മര്‍ പോലെയാകാനുള്ള സാധ്യതയെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വാക്സിനേഷന് സമയക്രമം…

സപ്തംബര്‍ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ് പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.പുതുക്കിയ പദ്ധതിയില്‍ ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്ന സമയത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുരുതരമായ രോഗസാധ്യതയുള്ളവരെന്ന് തെളിയിക്കപ്പെട്ടവരെ മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.

സ്‌കൂള്‍ തുറക്കുന്നത് ദുരന്തത്തിന് വഴി തുറക്കുമോ….. മുന്നറിയിപ്പുമായി ഇസിഡിസി

പുതിയ കോവിഡ് വൈറസുകള്‍ ഉയര്‍ത്തുന്ന ഭീഷണി നിലനില്‍ക്കുന്ന ഈ വേളയില്‍ സ്‌കൂള്‍ തുറക്കുന്നത് ദുരന്തമാകാമെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (ഇ സി ഡി സി). രംഗത്തെത്തിയിട്ടുണ്ട്. അടുത്ത മാസം മുതല്‍ സ്‌കൂളുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ മുന്നറിയിപ്പ് വന്നത്.

ഇപ്പോള്‍ അയര്‍ലണ്ടിലെ 90% പുതിയ കേസുകളും യുകെ വേരിയന്റാണ്.മുന്‍ കോവിഡ് തരംഗങ്ങളില്‍ സ്വീകരിച്ച നടപടികള്‍ പുതിയ വേരിയന്റുകളെ നേരിടാന്‍ പര്യാപ്തമല്ലെന്ന് ഇ സി ഡി സി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.സ്‌കൂളുകളിലെ കോവിഡ് പ്രതിരോധ നടപടികളും ക്രമീകരണങ്ങളും മുന്‍ കാലത്തേക്കാള്‍ ശക്തമായിരിക്കണമെന്ന് ഇസിഡിസി പറഞ്ഞു.സ്‌കൂളുകളിലും സമൂഹത്തിലും – കോവിഡ് ആശങ്കകളുടെ (വിഒസി) കൈകാര്യം ചെയ്യുന്നതിനുള്ള ലഘൂകരണ നടപടികള്‍ പരാജയപ്പെട്ടാല്‍ സ്‌കൂളുകള്‍ വീണ്ടും അടയ്‌ക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മപ്പെടുത്തുന്നു.സാര്‍സ് -കോവ്-2- വിഒസികളുടെ വര്‍ദ്ധിച്ച കമ്മ്യൂണിറ്റി വ്യാപനം സ്‌കൂള്‍ അടച്ചുപൂട്ടലിലെത്തിച്ചേക്കാം.

യുകെ വേരിയന്റില്‍ ലണ്ടന്‍ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ മോഡലിംഗ് ഓഫ് ഇന്‍ഫെക്റ്റിയസ് ഡിസീസസ് (സിഎംഎംഐഡി)യുടെ പ്രവചനത്തെ അടിസ്ഥാനമാക്കിയാണ് ഇ സി ഡി സി വിശകലനം വന്നത്.

പ്രാഥമിക വിദ്യാലയങ്ങള്‍, സെക്കന്‍ഡറി സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവ അടച്ചിടുന്നതുള്‍പ്പടെ 2020 നവംബറില്‍ ഇംഗ്ലണ്ടിലെ ലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയില്ലെങ്കില്‍ പുനരുല്‍പ്പാദന സംഖ്യ അല്ലെങ്കില്‍ ആര്‍ നിരക്ക് 1 ല്‍ താഴെയാക്കാന്‍ സാധിക്കുകയില്ലെന്നായിരുന്നു സിഎംഎംഐഡി പ്രവചനം.സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് വൈറസിന്റെ വലിയ പുനരുജ്ജീവനത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് തുടരുന്നു.

ഐറിഷ് ശാസ്ത്ര വിദഗ്ധരും ഈ മുന്നറിയിപ്പുകളെ ശരിവയ്ക്കുന്ന വിധത്തിലാണ് പ്രതികരിച്ചത്.യുകെ വേരിയന്റ് ഹൈപ്പര്‍ ട്രാന്‍സ്മിസ്സിബിളാണെന്ന് ഈ കേന്ദ്രങ്ങള്‍ പറയുന്നു.വന്‍ തോതിലുള്ള സമൂഹവ്യാപനമുണ്ടായാല്‍ അത് വലിയ ദുരന്തമാകും.അതുകൊണ്ടാണ് വീണ്ടും സ്‌കൂള്‍ തുറക്കുന്നതില്‍ വളരെ ജാഗ്രത പാലിക്കേണ്ടത്.

പൊതുജനാരോഗ്യ ഉപദേശങ്ങള്‍ക്കനുസൃതമായി ജാഗ്രതയോടെയും ഘട്ടം ഘട്ടമായും മാത്രമേ സ്‌കൂളുകള്‍ വീണ്ടും തുറക്കുകയുള്ളുവെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചു.സ്‌കൂളുകള്‍ക്കായി മികച്ച പൊതുജനാരോഗ്യ ടീമുകള്‍, പൂര്‍ണ്ണമായ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ്, സ്‌കൂളിനുള്ളില്‍ ബള്‍ക്ക് ഫാസ്റ്റ് ട്രാക്ക് പരിശോധന എന്നിവയടക്കമുള്ള പ്രതിരോധ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതു സംബന്ധിച്ച് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് ഉറപ്പ് നല്‍കാന്‍ ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ വിസമ്മതിച്ചത് ഇസിഡിസി മുന്നറിയിപ്പിന്റെ കൂടി പശ്ചാത്തലത്തിലാണെന്നാണ് സൂചന.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/DI6e4vSsv329e4CXtWXO8H

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More