ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സ്വന്തമായി ഒരു വീടു വാങ്ങുന്നത് സാധാരണക്കാര്‍ക്ക് വലിയ വെല്ലുവിളിയാവുമെന്ന് പുതിയ ഗവേഷണപഠനം പറയുന്നു. ലൈഫ് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ സ്ഥാപനമായ റോയല്‍ ലണ്ടന്‍ അയര്‍ലണ്ടിന്റെ റിപ്പോര്‍ട്ടിലാണ് പുതിയ നിരീക്ഷണങ്ങള്‍.
അയര്‍ലണ്ടിലെ പുതിയ വീടുകളുടെ വില 2013 മുതല്‍ 119%മാണ് വര്‍ദ്ധിച്ചത്.അതേസമയം നിലവിലുള്ള ഭവനങ്ങളുടെ വില 2012നെ അപേക്ഷിച്ച് 137% കൂടുതലാണെന്നും ഗവേഷണം പറയുന്നു.2023ല്‍ പുതിയ വീടിന്റെ ശരാശരി വില 3,27,500 യൂറോയായിരുന്നു.
വീടു വാങ്ങാനുള്ള കഷ്ടപ്പാടിന് പ്രായഭേദമില്ല
ചെറുപ്പക്കാരും സ്ത്രീകളും പെന്‍ഷന്‍ പ്രായമെത്തിയവരുമെല്ലാം ഈ ഗണത്തില്‍പ്പെടുന്ന ഒരേ തൂവല്‍പ്പക്ഷികളാണ്.വീടു വാങ്ങാനുള്ള ദുരിതത്തിന് പ്രായഭേദമില്ലെന്ന് അടിവരയിടുന്നതാണ് റോയല്‍ ലണ്ടന്‍ അയര്‍ലണ്ടിന്റെ ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട്ട്.
18നും 24നും ഇടയില്‍ പ്രായമുള്ള 65%പേരും 55 വയസ്സിന് മുകളിലുള്ള 66% ആളുകളും വീട് വാങ്ങുന്നത് എന്നത്തേക്കാളും ബുദ്ധിമുട്ടാണെന്ന് സമ്മതിച്ചവരാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.കുറച്ചുകൂടി വ്യക്തമാക്കിയാല്‍ 25 മുതല്‍ 34 വരെ പ്രായമുള്ള 72% ആളുകളും ഈ വേദന മനസ്സില്‍ സൂക്ഷിക്കുന്നവരാണ്.
വിഷമതകള്‍ തുറന്നു പറഞ്ഞ് 67% പേര്‍
രാജ്യത്തെ 67% ആളുകളും വീടുകള്‍ വാങ്ങുന്നതിന്റെ വിഷമതകള്‍ തുറന്നു പറഞ്ഞതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.വീടുകള്‍ വാങ്ങുന്നത് എല്ലായ്പ്പോഴും അങ്ങനെ തന്നെയാണെന്നാണ് 27% പറയുന്നതെന്നും ഗവേഷണം കാണിക്കുന്നു.
സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുകളേറെ
പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് വീടു വാങ്ങുന്നതിന് ബുദ്ധിമുട്ടാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുരുഷന്മാരില്‍ 60% പേര്‍ വീടു വാങ്ങാനായി പെടാപ്പാടു പെടുമ്പോള്‍ സ്ത്രീകളില്‍ 75%വും ഇത്തരത്തില്‍ കഷ്ടപ്പാട് നേരിടുന്നവരാണ്.
ഐറിഷ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന്റെ ഈ കെടുതികള്‍ ദീര്‍ഘകാലമായി നേരിടുന്നവരാണ് രാജ്യത്തെ 33% പുരുഷന്മാരും 21% സ്ത്രീകളുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.അയര്‍ലണ്ടില്‍ ഒരു വീട് സ്വന്തമാക്കുന്നത് വലിയ പോരാട്ടമാണെന്ന് റോയല്‍ ലണ്ടന്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ബാരി മക്കുച്ചിയോണ്‍ പറഞ്ഞു,
അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ പ്രതിവര്‍ഷം 35,000 മുതല്‍ 53,000 വരെ പുതിയ വീടുകള്‍ നിര്‍മ്മിക്കേണ്ടി വരുമെന്ന് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഇ എസ് ആര്‍ ഐ) നിരീക്ഷണം.അയര്‍ലണ്ടില്‍ 2,56,000 വീടുകളുടെ കുറവുണ്ടെന്ന് മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച ഹൗസിംഗ് കമ്മീഷന്‍ റിപ്പോര്‍ട്ടും വ്യക്തമാക്കിയിരുന്നു
ഹൗസിംഗ്, ലോക്കല്‍ ഗവണ്‍മെന്റ് വകുപ്പുകളുടെ ധനസഹായത്തോടെ ഇ എസ് ആര്‍ ഐ നടത്തിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് സെന്‍സസ് നിലവാരവും ഗവേഷണ ഡാറ്റകളും അന്താരാഷ്ട്ര മൈഗ്രേഷന്‍ പാറ്റേണുകളുമെല്ലാം പരിശോധിച്ചുള്ള ഈ പരാമാര്‍ശമുള്ളത്.
2030ഓടെ ജനസംഖ്യ 5,16,000 ആയി വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.2023-2030വരെയുള്ള കാലയളവില്‍ വര്‍ഷം തോറും 38,000മുതല്‍ 50,000 വീടുകള്‍ ആവശ്യമായി വരും.സാഹചര്യമനുസരിച്ച് വീടുകളുടെ ആവശ്യകത 35,000 മുതല്‍ 47,000 വീടുകള്‍ വരെയായി കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കുടിയേറ്റം കൂടുതലായാല്‍ ഈ കണക്ക് 41,000ല്‍ നിന്നും 53,000മാകും.രാജ്യത്തെ ജനസംഖ്യ പ്രതിവര്‍ഷം ശരാശരി 1.2% വര്‍ദ്ധിക്കും.2040ഓടെ 6.3 മില്യണിലെത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വരുംവര്‍ഷങ്ങളില്‍ രാജ്യത്ത് സംഭവിക്കാനിടയുള്ള ജനസംഖ്യാ വളര്‍ച്ചയുടെ 12 വ്യത്യസ്ത സാഹചര്യങ്ങളും ഭവന ആവശ്യവുമാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്.കുടിയേറ്റം അയര്‍ലണ്ടിലെ ജനസംഖ്യാ വളര്‍ച്ചയില്‍ നിര്‍ണ്ണായക കാരണമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.2022നും 2030നും ഇടയില്‍ പ്രതിവര്‍ഷം 33,000 വീടുകളെന്ന സര്‍ക്കാര്‍ ലക്ഷ്യവും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
എല്ലാ പ്രദേശങ്ങളിലും ജനസംഖ്യാ വളര്‍ച്ചയുണ്ടെങ്കിലും ഡബ്ലിനിലും മിഡ് ഈസ്റ്റിലും അത് ഉയര്‍ന്ന തോതിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.2023-2030 കാലയളവിലെ വീടുകളില്‍ 46%വും ഡബ്ലിന്‍ മേഖലയിലും കോര്‍ക്ക് സിറ്റിയിലും കൗണ്ടിയിലുമായിരിക്കും
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.