head1
head3

അവധികള്‍ കഴിഞ്ഞു… സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വീണ്ടും സജീവമായി

ഡബ്ലിന്‍ : ക്രിസ്മസ്,പുതുവല്‍സര അവധികള്‍ കഴിഞ്ഞതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വീണ്ടും സജീവമായി.അടുത്തുതന്നെ ചര്‍ച്ചകള്‍ അന്തിമമാകുമെന്നാണ് കരുതുന്നത്.ജനുവരി 20ന് യു എസില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹമെന്ന് ഡിസംബറില്‍ത്തന്നെ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കിയിരുന്നു.അതിനാല്‍ വളരെ വേഗം തന്നെ ചര്‍ച്ചകള്‍ അന്തിമമാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഈ മാസാവസാനം പാര്‍ലമെന്റ് സമ്മേളനം തുടങ്ങും.അതിന് മുന്നോടിയായി തിങ്കളാഴ്ച ഫിന ഫാളും ഫിന ഗേലും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.ഇത് വരെയുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും ഇരു പാര്‍ട്ടികളും പറയുന്നു.

ലേബര്‍ പാര്‍ട്ടി ചര്‍ച്ചകള്‍ക്ക് പുറത്തായതിന് ശേഷം സോഷ്യല്‍ ഡെമോക്രാറ്റ്സ്,റീജിയണല്‍ ഇന്‍ഡിപെന്‍ഡന്റ്സ് എന്നിവയുമായാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്.ഫിനഗേലിന്റെ പ്രതിനിധിയായി ഹെലന്‍ മക് എന്റിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.ഫിനഫാളിന്റെ പ്രതിനിധി ജാക്ക് ചേംബേഴ്‌സും ടിപ്പററി ടി ഡി മീഹോള്‍ ലോറി റീജിയണല്‍ ഇന്‍ഡെന്‍ഡന്റ്സ് ഗ്രൂപ്പിന്റെ പ്രതിനിധിയുമാണ്.ഫിനഗേലും ഫിനഫാളും അടുത്ത ആഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തും.റീജിയണല്‍ ഇന്‍ഡിപെന്‍ഡന്റ്സിലെ ചില അംഗങ്ങളുമായി വ്യക്തിഗതചര്‍ച്ചകളും നടത്തും.

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഫിനഫാളും ഫിനഗേലും റീജിയണല്‍ ഇന്‍ഡെന്‍ഡന്റ്സും ഒത്തുചേര്‍ന്ന് വിജയം കണ്ടിരുന്നു.സ്വതന്ത്ര ടി ഡി വെറോണ മര്‍ഫി വിജയിക്കുകയുമുണ്ടായി.ഈ കൂട്ടുകെട്ടു തന്നെയാകും മന്ത്രിസഭയുണ്ടാക്കുക എന്നാണ് കരുതുന്നത്.എന്നിരുന്നാലും ചര്‍ച്ചകള്‍ക്ക് മുന്നോടിയായി സോഷ്യല്‍ ഡെമോക്രാറ്റ്സ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരുന്നുണ്ട്.സോഷ്യല്‍ ഡെമോക്രാറ്റ്സ് ചര്‍ച്ചകളില്‍ തുടരുന്നുണ്ടെങ്കിലും മന്ത്രിസഭയില്‍ ചേരുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

സീന്‍ കാനി; മരിയന്‍ ഹാര്‍കിന്‍; ബാരി ഹെനെഗന്‍; നോയല്‍ ഗ്രീലിഷ്; മൈക്കല്‍ ലോറി; കെവിന്‍ (ബോക്സര്‍) മോറാന്‍; വെറോണ മര്‍ഫി; ഗില്ലിയന്‍ ടൂള്‍; കരോള്‍ നോളനുമടക്കം റീജിയണല്‍ ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പില്‍ ഒമ്പത് ടി ഡിമാരാണുള്ളത്. ഭവന വകുപ്പിന് ഗ്രൂപ്പ് അവകാശവാദമുന്നയിച്ചതായി സൂചനയുണ്ട്.ഒരു ക്യാബിനറ്റ് മന്ത്രി സ്ഥാനവും രണ്ട് ജൂനിയര്‍ മന്ത്രി സ്ഥാനവുമാണ് ഗ്രൂപ്പിന്റെ ആശ്യമെന്നാണ് കരുതുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.

error: Content is protected !!