head3
head1

പുതിയ തലസ്ഥാന നഗരം… ഐക്യ അയര്‍ലണ്ട്…. നീളുന്ന പ്രതീക്ഷകള്‍

ആപ്പിളിന്റെ 14 ബില്യണ്‍ യൂറോയുടെ നികുതിപ്പണം അയര്‍ലണ്ടിന് ലഭിച്ച ജാക്ക് പോട്ട് ബമ്പറാകുമോ....

ഡബ്ലിന്‍ : ആപ്പിളിന്റെ 14 ബില്യണ്‍ യൂറോയുടെ നികുതിപ്പണം അയര്‍ലണ്ടിന് ലഭിച്ച ജാക്ക് പോട്ട് ബമ്പറാകുമോ….അങ്ങനെ കരുതുന്ന നല്ലൊരു ശതമാനം ആളുകളുണ്ട്. ഈ തുക ഫലപ്രദമായി വിനിയോഗിച്ചാല്‍ അയര്‍ലണ്ടിന്റെ മുഖച്ഛായ മാറുമെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. ഈ പണം എങ്ങനെ ഉപയോഗിക്കണമെന്ന് ഇക്കൂട്ടര്‍ പ്രധാനമന്ത്രി സൈമണ്‍ ഹാരിസിനെ ഉപദേശിച്ചു തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധിയായ കത്തുകളും ഇമെയിലുകളുമാണ് ഈ വിഷയത്തില്‍ പ്രധാനമന്ത്രിയ്ക്ക് ലഭിച്ചിരിക്കുന്നത്.

അയര്‍ലണ്ടിനെ മാറ്റിമറിയ്ക്കാന്‍ ഉതകുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ വിനിയോഗിക്കണമെന്നാണ് ഭൂരിപക്ഷം പേരും കത്തിലൂടെ ഹാരിസിനോട് ആവശ്യപ്പെടുന്നത്.അവ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതോടെയാണ് ആപ്പിളിന്റെ നികുതിപ്പണത്തിന്റെ മേലുള്ള പൊതുജനങ്ങളുടെ ഇടപെടലുകള്‍ പുറത്തറിയുന്നത്.

കോര്‍ക്കിലെ എന്‍71ന്റെ വികസനത്തിനായി ആപ്പിളിന്റെ പണം നീക്കിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഫിനഫാള്‍ ടി ഡി ക്രിസ്റ്റഫര്‍ ഒ സുള്ളിവന്‍ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു.

ജലം അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിച്ചുകൊണ്ട് വാട്ടര്‍ ചാര്‍ജ് വര്‍ദ്ധന നിര്‍ത്തിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷനും കത്തുനല്‍കിയിരുന്നു.

മഗ്ഡലീന്‍ ലോണ്‍ട്രിസിലെ ഇരകളായ സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആപ്പിളിന്റെ പണം ചെലവിടണമെന്നും ഫാമിലി റിസോഴ്‌സ് സെന്ററുകള്‍ക്ക് വേണ്ടിയും പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുടെ അസെസ്മെന്റിനുള്ള കാലതാമസം കുറയ്ക്കാനും ഈ പണം ഉപയോഗിക്കണമെന്നും ഇ മെയിലുകള്‍ അഭ്യര്‍ത്ഥിക്കുന്നു.

പുതിയ തലസ്ഥാന നഗരം… ഐക്യ അയര്‍ലണ്ട്…. നീളുന്ന പ്രതീക്ഷകള്‍

രാജ്യത്തിന്റെ മധ്യഭാഗത്ത് പുതിയ അഡ്മിനിസ്ട്രേറ്റീവ് ക്യാപിറ്റല്‍ സിറ്റി നഗരം, ഡബ്ലിന്‍, കോര്‍ക്ക്, ഗോള്‍വേ എന്നിവിടങ്ങളിലേക്ക് സബ്വേകള്‍, അയര്‍ലണ്ടിന്റെ പുനരേകീകരണത്തിന് ധനസഹായം തുടങ്ങിയ നിരവധിയായ നിര്‍ദ്ദേശങ്ങളാണ് ഇതിലുള്‍പ്പെടുന്നത്.

ബ്രസീല്‍, കസാഖിസ്ഥാന്‍, മലേഷ്യ എന്നിവിടങ്ങളിലേതുപോലെ അയര്‍ലണ്ടിന്റെ ജിയോഗ്രാഫിക്കല്‍ സെന്ററില്‍ ഭരണതലസ്ഥാന നഗരം വികസിപ്പിക്കണമെന്നാണ് ഒരു ഇമെയില്‍ നിര്‍ദ്ദേശിക്കുന്നത്.അഞ്ച് മുതല്‍ 15 ബില്യണ്‍ യൂറോ വരെ ഇതിന് ചെലവാകുമെന്നും ഇ മെയില്‍ കണക്കാക്കുന്നു.

പുതിയ സബ്വേകള്‍ വേണ്ടേ…

ഡബ്ലിന്‍, കോര്‍ക്ക്, ഗോള്‍വേ എന്നിവിടങ്ങളിലേക്ക് പുതിയ സബ്വേകള്‍ നിര്‍മ്മിക്കുന്നതിനും  ഫോയ്‌നസ്, കില്ലിബെഗ്‌സ്, ആന്‍ ഫോഡ് ദുബ് എന്നിവിടങ്ങളിലെ തുറമുഖങ്ങള്‍ നവീകരിക്കണമെന്നും ഇമെയില്‍ നിര്‍ദ്ദേശിക്കുന്നു.കത്ത് നല്‍കിയവരില്‍

അയര്‍ലണ്ടിന്റെ പുനരേകീകരണത്തിന് ഫണ്ട് അനുവദിക്കേണ്ട സമയമാണിതെന്ന് ഒരാള്‍ അഭിപ്രായപ്പെടുന്നു. ഐക്യ അയര്‍ലണ്ട് സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയാകാനിടയുണ്ടെന്നും അതൊഴിവാക്കാന്‍ ഈ പണം ഉപയോഗിക്കാമെന്നും മെയില്‍ പറയുന്നു.

വേണം നല്ല ആശുപത്രികള്‍

ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ വെല്‍ഫെയര്‍ എന്നീ രംഗങ്ങളില്‍ നിക്ഷേപം നടത്തണമെന്നാവശ്യപ്പെടുന്ന കത്തുകളും പ്രധാനമന്ത്രിയ്ക്ക് ലഭിച്ചു.
ലിമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ഡബ്ലിനിലെ എം50യ്ക്ക് സമീപം ഗ്രീന്‍ ഫീല്‍ഡ് സൈറ്റില്‍ പുതിയ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുക, സ്‌കോളിയോസിസ് ബാധിച്ച കുട്ടികള്‍ക്ക് ചികില്‍സാ ധനസഹായം,കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ വിപുലീകരണം എന്നിവയും നിര്‍ദ്ദേശങ്ങളായുണ്ട്.

നഴ്സുമാര്‍ക്കും ഗാര്‍ഡയ്ക്കും കുറഞ്ഞ ചെലവില്‍ താമസ സൗകര്യം

ആപ്പിളിന്റെ പണം ഉപയോഗിച്ച് രാജ്യത്തെ ഭവനക്ഷാമം പരിഹരിക്കുന്നതിന് ശ്രമിക്കണമെന്ന് വിവിധ ഇമെയിലുകള്‍ ആവശ്യപ്പെടുന്നു.ഡബ്ലിനില്‍ മാത്രമല്ല,പ്രധാന നഗരങ്ങളില്‍ ഗാര്‍ഡ,അധ്യാപകര്‍,നഴ്‌സുമാര്‍, അഗ്നിശമന സേനാംഗങ്ങള്‍ തുടങ്ങിയ മുന്‍നിര ജീവനക്കാര്‍ക്കായി അപ്പാര്‍ട്ട്മെന്റുകളുണ്ടാക്കി കുറഞ്ഞ നിരക്കില്‍ താമസത്തിന് ലഭ്യമാക്കണം.

രാജ്യത്തെ വിവിധ തുറമുഖങ്ങളുടെ ഭൂമി ഭവനപദ്ധതികള്‍ക്കായി റീ സോണ്‍ ചെയ്യണം.ബാങ്കുകള്‍ വായ്പ അനുവദിക്കാത്ത സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ പിന്തുണയോടെ മോര്‍ട്ട്ഗേജ് സ്‌കീം നടപ്പാക്കാന്‍ ഉപയോഗിക്കണമെന്നും ഒരാള്‍ ഇ മെയിലില്‍ നിര്‍ദ്ദേശിക്കുന്നു.

എ ഐ നിക്ഷേപം ചെറിയ കാര്യമല്ല

ആപ്പിളുമായി ചേര്‍ന്ന് എ ഐ നിക്ഷേപം ശക്തിപ്പെടുത്തുക,കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കുക,കമ്മ്യൂണിറ്റി എനര്‍ജി സ്‌കീമുകള്‍ക്ക് ധനസഹായം നല്‍കുക തുടങ്ങിയ അഭ്യര്‍ത്ഥനകളും പ്രധാനമന്ത്രിയ്ക്ക് ലഭിച്ചു.

ഗോള്‍വേയിലെ എന്‍ 17 ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കും ലിമെറിക്ക് – വാട്ടര്‍ഫോര്‍ഡ് മോട്ടോര്‍വേ വികസനത്തിനും ആപ്പിള്‍ പണം വിനിയോഗിക്കണമെന്ന ആവശ്യവും വന്നു.

യുവാക്കളെ തടങ്കലില്‍ വയ്ക്കാനുള്ള സൗകര്യത്തോടെ പുതിയ ജയില്‍ നിര്‍മ്മിക്കണമെന്നും രാജ്യത്തിന്റെ ഇമിഗ്രേഷന്‍ സംവിധാനം മെച്ചപ്പെടുത്താനും നിക്ഷേപമുണ്ടാകണമെന്നും കത്തില്‍ ആവശ്യങ്ങളുണ്ടായി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.

error: Content is protected !!