head3
head1

അയര്‍ലണ്ടിലെ നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പള്ളി സ്വന്തമാക്കി മലങ്കര ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ

ടിപ്പററി : നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള മുന്‍ ഫ്രാന്‍സിസ്‌ക്കന്‍ ഫ്രിയറി പള്ളി ഇനി മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്സ് സഭയ്ക്ക് സ്വന്തം. 2006ല്‍ അടച്ചു പൂട്ടിയ 680 വര്‍ഷം പഴക്കമുള്ള പള്ളിയാണ് ഓര്‍ത്തഡോക്സ് പള്ളിയായി വീണ്ടും തുറക്കുന്നത്.

ഫ്രാന്‍സിസ്‌ക്കന്‍ സന്യാസസഭ 2007ല്‍ കാരിക്ക്-ഓ ഷൂര്‍ ഡവലപ്‌മെന്റ് അസോസിയേഷന് സംഭാവന ചെയ്തതാണ് പള്ളി. കാരിക്ബെഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷനില്‍ നിന്നാണ് മലങ്കര സഭ ,ഈ അതിപുരാതന പള്ളി വാങ്ങിയത്.

ഫാ.മാത്യു കുട്ടന്‍ചിറയ്ക്ക് കാരിക്ക് പള്ളിയുടെ താക്കോല്‍ കാരിക്ക് ഡെവലപ്‌മെന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ നീല്‍ വാല്‍ഷ് കഴിഞ്ഞ ആഴ്ചയില്‍ കൈമാറി. ഈ മേഖലയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ നിരവധി കുടുംബങ്ങളും,നാട്ടുകാരും ഈ ചടങ്ങില്‍ പങ്കെടുത്തു.

പുതുക്കല്‍ ജോലികള്‍ പുരോഗമിക്കുന്നു

പഴയ ഫ്രാന്‍സിസ്‌കന്‍ പള്ളിയെ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ദേവാലയമാക്കി മാറ്റുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പുതിയ പള്ളിയുടെ ആശീര്‍വാദവും പ്രതിഷ്ഠാ ചടങ്ങുകളും നടത്തുമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ അറിയിച്ചു

തെക്കന്‍ ടിപ്പറിയിലെയും സമീപ പ്രദേശങ്ങളിലെയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് വിശ്വാസി സമൂഹത്തിന്റെ ആരാധനാലയമാകുന്നതോടെ ഈ പള്ളി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ജനതയുടെ സാംസ്‌കാരിക കമ്മ്യൂണിറ്റി ഹബ്ബു കൂടിയായി മാറും. ക്ലോണ്‍മലില്‍ താമസിക്കുന്നവരും ടിപ്പറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നവരുമാണ് സഭാ വിശ്വാസികളിലേറെയും.

ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം ആത്മീയവും സാംസ്‌കാരികവുമായ സുപ്രധാന നാഴികക്കല്ലാണ് ഈ സംഭവമെന്ന് സഭ പറഞ്ഞു. ആവശ്യമെങ്കില്‍ മേഖലയിലെ ഇന്ത്യന്‍ കമ്യുണിറ്റിയുടെ ആധ്യാത്മിക സാംസ്‌കാരിക പരിപാടികള്‍ക്കും ദേവാലയം ലഭ്യമാക്കുന്നതിനും കൂടിയുള്ള ഒരുക്കങ്ങളാണ് ക്രമീകരിക്കുന്നത്.

1970 മുതല്‍ മലങ്കര സഭാ സാന്നിധ്യം അയര്‍ലണ്ടില്‍

എ ഡി ഒന്നാം നൂറ്റാണ്ടില്‍ സെന്റ് തോമസാണ് മലങ്കരയില്‍ ക്രൈസ്തവ സന്ദേശമെത്തിച്ചത്. അയര്‍ലണ്ടില്‍ സഭയുടെ സാന്നിദ്ധ്യം 1970കള്‍ മുതലുണ്ട്.മെഡിക്കല്‍ പ്രൊഫഷണലുകളായ കുറച്ചു കുടുംബങ്ങളാണ് തുടക്കത്തില്‍ സഭാംഗങ്ങളായുണ്ടായിരുന്നത്.

സൗത്ത് സെന്‍ട്രല്‍ അയര്‍ലണ്ടിലെ മണ്‍സ്റ്റര്‍ മേഖലയിലെ സഭാ വിശ്വാസികള്‍ക്കായാണ് അയര്‍ലണ്ടിലെ സെന്റ് കുര്യാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ സ്ഥാപിതമായത് ഈ വര്‍ഷമാണ് വിശുദ്ധ മാര്‍ കുര്യാക്കോസ് സഹദായുടെയും മോര്‍ത്ത് യൂലിത്തിയമ്മയുടെയും സ്മരണാര്‍ത്ഥം പുതിയ പള്ളിയും വിശുദ്ധ മാര്‍ കുര്യാക്കോസ് സഹദായുടെ നാമധേയത്തിലാണ് അറിയപ്പെടുക.

പള്ളിയുടെ നവീകരണത്തില്‍ സന്തോഷമുണ്ടെന്ന്….

പഴയ പള്ളി നവീകരിച്ചു കിട്ടുന്നതില്‍ സന്തോഷമുണ്ടെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ വാല്‍ഷ് പറഞ്ഞു.പള്ളി നശിക്കാതെ നിലനിര്‍ത്തുമെന്നതാണ് വലിയ കാര്യം.

ഇടയ്ക്ക് കുറച്ചു കാലം നഗരത്തിലെ ക്ലാന്‍സി ബ്രദേഴ്‌സ് ആനുവല്‍ ഫെസ്റ്റിവല്‍ ആര്‍ട് എക്സിബിഷനും മറ്റും ഇവിടെ നടത്തിയിരുന്നു.അതിനു ശേഷം ടിപ്പററി എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിംഗ് ബോര്‍ഡ് കോഴ്‌സുകള്‍ നടത്താനും കെട്ടിടം ഉപയോഗിച്ചിരുന്നു. സ്ട്രീറ്റിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ 2016-17ല്‍ സെന്റ് മൊളേരന്‍സ് പാരിഷ് ചര്‍ച്ച് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു..

കോവിഡിന് ശേഷം കെട്ടിടം ഉപയോഗിച്ചിട്ടേയില്ല.കഴിഞ്ഞ ഡിസംബറിലാണ് അസോസിയേഷന്‍ കെട്ടിടം വില്‍പനയ്ക്ക് വെച്ചത്.

പുതിയ ഉടമസ്ഥര്‍ പള്ളിയുടെ ശ്മശാനം പരിപാലിക്കുമെന്നും ശവകുടീരങ്ങള്‍ സന്ദര്‍ശിക്കാന്‍ ആളുകള്‍ക്ക് അവസരം നല്‍കുമെന്നും നീല്‍ വാല്‍ഷ് പറഞ്ഞു.നൂറുകണക്കിന് വര്‍ഷങ്ങളില്‍ ഐറിഷ് സംസ്‌കാരം വളര്‍ന്നതും,വളര്‍ത്തിയതുമായ ഇടമാണ് കാരിക്ക്-ഓ ഷൂറിലെ ഈ പുണ്യഭൂമി. പൂര്‍വ്വ പിതാക്കന്മാര്‍ നിത്യ വിശ്രമം കൊള്ളുന്ന ഭൂമി.അത് നഷ്ടപെടാതിരിക്കുന്നത് ഈ നാടിന്റെ ആവശ്യം കൂടിയാണ്. അസോസിയേഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

ആഹ്‌ളാദത്തില്‍ പ്രദേശവാസികള്‍
ദേവാലയത്തിന് രണ്ട് മില്യണ്‍ യൂറോ വിലയിട്ട മദ്യശാലക്കാരെ ഒഴിവാക്കി , അതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ദേവാലയം കൈവശപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വികാരി ഫാ. മാത്യു കുട്ടന്‍ചിറ പറഞ്ഞു. നൂറ്റാണ്ടുകളായി കര്‍ത്താവിന്റെ തിരുശരീരവും ,രക്തവും , വാഴ്ത്തി വിഭജിച്ചു നല്‍കിയ ഇടത്തെ സംരക്ഷിക്കാനുള്ള ദൗത്യം നവ സുവിശേഷവത്കരണത്തിന്റെ കൂടി ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.ഞായറാഴ്ചകളില്‍ പതിനാറ് വിശുദ്ധ കുര്‍ബാനകള്‍ വരെ അര്‍പ്പിക്കപ്പെട്ടിരുന്ന പരിശുദ്ധ അള്‍ത്താരയില്‍ , ബലിയര്‍പ്പണം നടത്തുന്നതിനായി പ്രദേശത്തെ വിശ്വാസി സമൂഹം കാത്തിരിക്കുകയാന്നെന്ന് അദ്ദേഹം പറഞ്ഞു.

അയര്‍ലണ്ടിലെ മലയാളി ക്രൈസ്തവ വിശ്വാസികളുടെ ചരിത്രത്തില്‍ പുതിയ തുടക്കം

അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ക്ക് അവരുടെ സംസ്‌ക്കാരവും,പാരമ്പര്യവും,ഭാഷയും ,നിലനിര്‍ത്താനുള്ള സമ്മേളനകേന്ദ്രങ്ങളായി ദേവാലയങ്ങള്‍ മാറ്റാനുള്ള സാധ്യതകള്‍ ഏറെയാണ്. പല കത്തോലിക്കാ രൂപതകളിലെ ദേവാലയങ്ങള്‍ക്കൊപ്പം ,പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് ദേവാലയങ്ങളും സ്വന്തമാക്കാനുള്ള അവസരം ലഭ്യമാണ്.ദേവാലയങ്ങള്‍ക്കൊപ്പം ,സാംസ്‌കാരിക കേന്ദ്രങ്ങളും,ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ അടക്കമുള്ള വെല്‍ഫെയര്‍ സെന്ററുകളും ആരംഭിക്കാനുള്ള സഹായവും , സര്‍ക്കാര്‍ നല്‍കുന്നുമുണ്ട്.

അയര്‍ലണ്ടില്‍ മുപ്പതിനായിരത്തോളം മലയാളി ക്രൈസ്തവ വിശ്വാസികളാണ് ഉള്ളത്. ഇവരില്‍ പകുതിയില്‍ അധികവും സീറോ മലബാര്‍ സമൂഹമാണ്. 31 കുര്‍ബാന സെന്ററുകളിലായി കഴിഞ്ഞ 25 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ സമൂഹവും , ദേവാലയങ്ങള്‍ സ്വന്തമായി വാങ്ങാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മലങ്കര ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ , യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ , മാര്‍ത്തോമാ സഭ, ക്‌നാനായ ജാക്കോബൈറ്റ് ചര്‍ച്ച്, സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ എന്നിവയോടൊപ്പം , വിവിധ പെന്തകോസ്ത് ചര്‍ച്ച് വിഭാഗങ്ങളും അയര്‍ലണ്ടില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Leave A Reply

Your email address will not be published.

error: Content is protected !!