നാനൂറിലധികം വീടുകളിലായി മനുഷ്യര്‍ തിങ്ങിപാര്‍ത്തിരുന്ന ഒരു ഗ്രാമം. ഇപ്പോള്‍ അവശേഷിക്കുന്നത് മരങ്ങളും ചെളിയും നിറഞ്ഞ 30 വീടുകള്‍ മാത്രം. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 400 ലധികം വീടുകള്‍ മുണ്ടക്കൈയ്യില്‍ ഉണ്ടായിരുന്നെന്നും ഇപ്പോഴുള്ളത് വെറും 30 വീടുകള്‍ മാത്രമാണെന്നും പഞ്ചായത്ത് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു ഗ്രാമം മുഴുവനായിട്ടാണ് കുത്തിയൊലിച്ചുവന്ന ദുരന്തത്തില്‍ ഒഴുകിപ്പോയത്.ദുരന്തമുണ്ടായി ഒരു ദിവസത്തിന് ശേഷം മാത്രം മുണ്ടക്കൈയ്യിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അവിടെ കണ്ടത് ചെളിയും പാറക്കല്ലുകളും കടപുഴകിയ മരങ്ങളും അങ്ങിങ്ങായി ഉടമകളെ തേടിയലയുന്ന കുറച്ച് വളര്‍ത്തു മൃഗങ്ങളെയും മാത്രമാണ്. അതെ മുണ്ടക്കൈയ്യില്‍ ഇനി ഒന്നും ബാക്കിയില്ല, പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞ വീടുകള്‍, വാഹനങ്ങള്‍, ഉരുള്‍പൊട്ടലില്‍ രൂപപ്പെട്ട മണ്‍കൂനകള്‍, അതിനുമപ്പുറം മണ്ണിനടിയില്‍ പുതഞ്ഞുകിടക്കുന്ന മൃതശരീരങ്ങളും.
ഇന്നലെ കണ്ടതിനേക്കാള്‍ ഭീകരമായ കാഴ്ചകളാണ് ഇന്ന് മുണ്ടക്കൈയ്യില്‍ നിന്നും കേരളം കാണുന്നത്.
വലിയ പാറക്കല്ലുകള്‍ക്കും മണ്‍കൂനകള്‍ക്കും അടിയില്‍ തകര്‍ന്നടിഞ്ഞ വീടുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. പത്തും ഇരുപതും മൃതദേഹങ്ങള്‍ ഒരേ വീട്ടില്‍. രക്ഷ തേടി സ്വന്തം വീടുപേക്ഷിച്ച് അടച്ചുറപ്പുള്ള മറ്റു വീടുകളിലേക്ക് ഓടി കയറിയവരാവാം ഇതില്‍ മിക്കവരും. എന്നാല്‍ അടച്ചുറപ്പുള്ള വീടുകള്‍ക്കോ രണ്ടു നില വീടുകള്‍ക്കോ ഒന്നും ഈ വലിയ ദുരന്തത്തെ നേരിടാനായില്ല.ഇനി അത്ഭുതകരമായി രക്ഷപ്പെട്ടവരാകട്ടെ നേരിടുന്നത് വലിയ മാനസികാഘാതമാണ്. ഉറ്റവരെയും ഉടയവരെയും കാത്ത് ആശുപത്രികള്‍ തോറും കയറി ഇറങ്ങുന്നവരുടെയും പൊട്ടിക്കരഞ്ഞുകൊണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നവരുടെയും കാഴ്ചകള്‍ ഹൃദയഭേദകമാണ്.
മാതാപിതാക്കള്‍ക്കായും സഹോദരങ്ങള്‍ക്കായുമൊക്കെ കാത്തിരിക്കുന്നവരെയും ക്യാംപുകളിലും ആശുപത്രികളിലും കാണാം. ഇന്നലെവരെ കൂടെയുണ്ടായിരുന്നവര്‍ക്ക് എന്ത് പറ്റിയന്നുപോലും അറിയാതെയാണ് പല മനുഷ്യരും നിസ്സഹായരായി ക്യാംപുകളില്‍ കഴിയുന്നത്.നൂറില്‍ കൂടുതല്‍ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇന്നലെ എത്തിച്ചേരാന്‍ കഴിയാതിരുന്ന പല പ്രദേശങ്ങളിലേക്കും ഇന്ന് സൈന്യം എത്തും. ഇവിടങ്ങളിലൊക്കെ എത്ര പേര്‍ സഹായം കാത്ത് കിടക്കുന്നെന്നോ, എത്ര പേര്‍ ജീവനറ്റ് കിടക്കുന്നെന്നോ ആര്‍ക്കും അറിയില്ല. മരണ സംഖ്യാ ഇനിയും ഉയരും. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാവും മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.