head1
head3

200 പേര്‍ക്ക് ജോലി നല്‍കാൻ , കോര്‍ക്കില്‍ മോട്ടറോളയുടെ പുതിയ ഗവേഷണ വികസന കേന്ദ്രം

കോര്‍ക്ക് : യു എസ് കമ്പനിയായ മോട്ടറോള സൊല്യൂഷന്‍സിന്റെ പുതിയ ഗവേഷണ വികസന കേന്ദ്രം കോര്‍ക്കില്‍ വരുന്നു.ഒട്ടേറെ തൊഴിലവസരം മുന്നില്‍ക്കാണുന്ന ഈ കേന്ദ്രത്തില്‍ ആദ്യഘട്ടത്തില്‍ 200 ലേറെ പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

കമ്പനിയുടെ ലാന്റ് മൊബൈല്‍ റേഡിയോ (എല്‍ എം ആര്‍) ഉല്‍പ്പന്നങ്ങളുടെ സോഫ്‌റ്റ്വെയര്‍ രൂപകല്‍പ്പന ചെയ്യുന്നതിനാണ് ഗവേഷണ-വികസന കേന്ദ്രം സ്ഥാപിക്കുന്നത്.ഉയര്‍ന്ന വൈദഗ്ധ്യമുള്ള തസ്തികകളിലേയ്ക്കുള്ള അപേക്ഷകള്‍ കമ്പനി ക്ഷണിച്ചു കഴിഞ്ഞു.

കോര്‍ക്ക് സിറ്റി സെന്ററിലാണ് ആര്‍ ആന്റ് ഡി സെന്റര്‍ ആരംഭിക്കുക.എമര്‍ജന്‍സി സര്‍വീസുകളുടെ സുരക്ഷിത ആശയവിനിമയ ശൃംഖലയായ അയര്‍ലണ്ടിന്റെ നാഷണല്‍ ഡിജിറ്റല്‍ റേഡിയോ സര്‍വീസ് കേന്ദ്രീകരിച്ചായിരിക്കും ഇതും പ്രവര്‍ത്തിക്കുക.ഐ ഡി എ അയര്‍ലണ്ട് മുഖേന ഐറിഷ് സര്‍ക്കാരിന്റെ പിന്തുണയും ഈ കേന്ദ്രത്തിന് ലഭിച്ചിരുന്നു.

ഏത് സാഹചര്യത്തിലും പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് എല്‍ എം ആര്‍. അതിനാല്‍ സര്‍ക്കാരും വിവിധ ഓര്‍ഗനൈസേഷനുകളും സുരക്ഷിതമായ ആശയവിനിമയത്തിനായി എല്‍ എം ആര്‍ നെറ്റ്വര്‍ക്കുകളെയാണ് ഉപയോഗിക്കുന്നത്.

പുതിയ ഗവേഷണ വികസനത്തിനും മറ്റുമായി 12 ബില്യണ്‍ ഡോളറിലധികമാണ് കമ്പനി നിക്ഷേപിച്ചിട്ടുള്ളത്.ലോകമെമ്പാടുമായി ബ്രോഡ്ബാന്‍ഡും മറ്റ് വിപുലമായ ഡാറ്റാ അധിഷ്ഠിത സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന 13,000 ലധികം എല്‍ എം ആര്‍ നെറ്റ്വര്‍ക്കുകളാണുള്ളത്.

കമ്പനിയുടെ ഭാവി കാഴ്ചപ്പാടിന്റെ പ്രതീകമാണ് കോര്‍ക്കിലെ ആര്‍ ആന്റ് ഡി സെന്ററെന്ന് മോട്ടറോള സൊല്യൂഷന്‍സ് ചെയര്‍മാനും സി ഇ ഒയുമായ ഗ്രെഗ് ബ്രൗണ്‍ പറഞ്ഞു.20,000ലധികം ജീവനക്കാരുടെ കൂട്ടായ്മയിലാണ് കോര്‍ക്കിലെ പുതിയ കേന്ദ്രം യാഥാര്‍ത്ഥ്യമായതെന്ന് സി ഇ ഒ പറഞ്ഞു.

പൊതു സുരക്ഷയെ മുന്‍നിര്‍ത്തി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ് മോട്ടറോള സൊല്യൂഷന്‍സെന്ന് അയര്‍ലണ്ടിലെ യു എസ് അംബാസഡര്‍ ക്ലെയര്‍ ക്രോണിന്‍ പറഞ്ഞു.

അയര്‍ലണ്ടിന്റെ ഉയര്‍ന്ന വൈദഗ്ധ്യത്തെ അംഗീകരിക്കുന്ന ഈ സ്ഥാപനം യു എസും അയര്‍ലണ്ടും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇദ്ദേഹം പറഞ്ഞു.

റീജിയണല്‍ നിക്ഷേപമെന്ന ഗവണ്‍മെന്റ് ലക്ഷ്യത്തെ അംഗീകരിക്കുന്നതാണ് പുതിയ കേന്ദ്രമെന്ന് എന്റര്‍പ്രൈസ് മന്ത്രി പീറ്റര്‍ ബര്‍ക്ക് പറഞ്ഞു.അയര്‍ലണ്ടിന്റെ സാങ്കേതിക മേഖലയിലുള്ള ലോകത്തിന്റെ വിശ്വാസത്തിന്റെ സാക്ഷ്യമാണ് ഈ കേന്ദ്രമെന്ന് ഐഡിഎ അയര്‍ലന്‍ഡ് സിഇഒ മീഹോള്‍ ലോഹന്‍ അഭിപ്രായപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</a

Comments are closed.

error: Content is protected !!