head1
head3

യൂറോപ്പിലേക്ക് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍, ബ്ലൂ കാര്‍ഡ് സ്‌കീമില്‍ മാറ്റം വരുത്തി ഇ.യൂ

ബ്രസല്‍സ് : ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശരാജ്യക്കാരായ പ്രൊഫഷണല്‍ ജോലിക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കാനും ജോലി ചെയ്യാനും അവകാശം നല്‍കുന്ന ബ്ലൂ കാര്‍ഡ് സ്‌കീമില്‍ കൂടുതല്‍ ആകര്‍ഷകമായ മാറ്റങ്ങള്‍. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബുധനാഴ്ച യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു.

വര്‍ഷങ്ങളായി യൂറോപ്യന്‍ യൂണിയന്റെ സ്ഥാപനങ്ങള്‍ തമ്മില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്ന് വരികയായിരുന്നു. പല പാശ്ചാത്യ രാജ്യങ്ങളിലും ജോലികള്‍ക്ക് ആളെ എടുക്കുന്നതില്‍ മത്സരം കൂടിവരുന്ന സാഹചര്യത്തിലാണിത്. കൂടുതല്‍ ഉയര്‍ന്ന നൈപുണ്യമുള്ള ജോലിക്കാര്‍ ഇതിലൂടെ യൂറോപ്യന്‍ രാജ്യങ്ങളിലെത്തും.

കോണ്‍ട്രാക്ട് ജോലി,കരാർ കാലാവധി കുറച്ചു

യു.എസ് ഗ്രീന്‍ കാര്‍ഡ് മാതൃകയിലുള്ള പെര്‍മിറ്റ് ഉള്ളവര്‍ ഇനി മുതല്‍ യൂറോപ്പില്‍ ഏറ്റവും കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള ഒരു കോണ്‍ട്രാക്ട് ജോലി കണ്ടെത്തിയാല്‍ മതിയാകും. മുമ്പ് ഇത് 12 മാസമായിരുന്നു.

ശമ്പള ഘടനയിലും ഇളവ് 

ശമ്പളത്തിന്റെ മാനദണ്ഡത്തിലും മാറ്റമുണ്ട്. നേരത്തെ ആ യൂറോപ്യന്‍ രാജ്യത്ത് അതേ ജോലി ചെയ്യുന്ന ഒരു പ്രൊഫഷണല്‍ നേടുന്ന വരുമാനത്തിന്റെ 150% നേടേണ്ടിയിരുന്നു. ഇനി മുതല്‍ ആ രാജ്യത്തെ പ്രൊഫഷണലുകളുടെ വരുമാനത്തിന്റെ ശരാശരി വരുമാനം നേടിയാല്‍ മതി.

ഒരു യൂറോപ്യന്‍ യൂണിയന്‍ രാജ്യത്ത് പന്ത്രണ്ട് മാസം ജോലി ചെയ്ത ശേഷം മാത്രം അടുത്ത രാജ്യത്തേക്ക് മാറാന്‍ പാടുള്ളുവെന്ന നിയമത്തിലും ഇളവുകള്‍ അനുവദിക്കും. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇവരുടെ അടുത്തേക്ക് വരാനും ജോലി ചെയ്യാനും കൂടുതല്‍ ഇളവുകള്‍ ലഭിക്കും.

105 വോട്ടുകള്‍ക്കെതിരെ 556 എം.ഈ.പിമാരുടെ വോട്ടുകള്‍ക്കാണ് ഈ മാറ്റങ്ങള്‍ പാസ്സായത്. ഈ നടപടിയിലൂടെ ഉയര്‍ന്ന നൈപുണ്യമുള്ള ജോലിക്കാരെ ഇ.യു സ്വാഗതം ചെയ്യുന്നതായി ഹോം അഫയേര്‍സ് കമ്മിഷണര്‍ യില്‍വ ജോഹാന്‍സണ്‍ പറഞ്ഞു.

കഴിവുകള്‍ക്കായുള്ള അന്താരാഷ്ട്ര മത്സരത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പിന്നില്‍ പോകാതിരിക്കാന്‍ വേണ്ടിയാണ് ഈ മാറ്റങ്ങള്‍. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പ്രൊഫെഷണലുകള്‍ യു എസ്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് രാജ്യങ്ങളിലേക്ക് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2009-ല്‍ ആരംഭിച്ച ബ്ലൂ കാര്‍ഡ് സംവിധാനം 27 ഇ.യു രാജ്യങ്ങളില്‍ 25-ലും ലഭ്യമാണ്.

ഡെന്മാര്‍ക്കും അയര്‍ലണ്ടും ഈ പദ്ധതിയില്‍ നിന്നും പിന്മാറിയിരുന്നു. ഈ രാജ്യങ്ങളില്‍ ഉയര്‍ന്ന യോഗ്യതയുള്ള ജോലിക്കാര്‍ക്ക് നാഷണല്‍ വര്‍ക് പെര്‍മിറ്റുകള്‍ നല്‍കാറുണ്ട്. പത്ര പ്രവര്‍ത്തകര്‍, ഐ.ടീ വിദഗ്ധര്‍, വ്യവസായികള്‍, എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്ക് ബ്ലൂ കാര്‍ഡ് സ്‌കീമില്‍ അപേക്ഷിക്കാം.

2019-ല്‍ 36,800 ബ്ലൂ കാര്‍ഡുകള്‍ അനുവദിച്ചു. ഇ.യുവില്‍ അനുവദിക്കുന്ന ബ്ലൂ കാര്‍ഡുകളുടെ നാലില്‍ മൂന്ന് ഭാഗവും ജര്‍മനിയിലാണ്. പോളണ്ടും ഫ്രാന്‍സുമാണ് ഇക്കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഇന്ത്യക്കാർ ഒന്നാമത് 

2019-ല്‍ ആകെ ബ്ലൂ കാര്‍ഡുകളില്‍ നാലിലൊന്നില്‍ അധികവും ( 9,400 എണ്ണം) ഇന്ത്യക്കാരും, 2,600 എണ്ണം റഷ്യക്കാരുമാണ് കരസ്ഥമാക്കിയത്.

ശമ്പള ഘടനയില്‍ നടപ്പാക്കുന്ന കുറവ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ തൊഴിലുടമകള്‍ക്ക് പ്രേരകമാവും. ആറു മാസ കാലത്തേക്കും ജോലി സ്വീകരിച്ചു വരാന്‍ ജീവനക്കാര്‍ക്കു കഴിയും.

യൂറോപ്പിന്റെ ചരിത്രത്തെ ഗതിമാറ്റിയേക്കാവുന്ന ഒരു തീരുമാനമായേക്കും ഇത്. ആയിരക്കണക്കിന് നോണ്‍ ഇ.യൂ വിദഗ്ദര്‍ക്ക് യൂറോപ്പിലേക്ക് വഴി തുറക്കുന്നതാവും ഈ നിര്‍ണ്ണായക മാറ്റം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More