head3
head1

അയര്‍ലണ്ടിലെ അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വീടുകളുടെ വില കേട്ട് ഞെട്ടരുത്….

ഡബ്ലിന്‍:ഉക്രൈയ്ന്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതിനായി നിര്‍മ്മിച്ച മോഡുലാര്‍ ഹോമുകളുടെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് അയര്‍ലണ്ട്.ഓഫീസ് ഓഫ് പബ്ലിക് വര്‍ക്സ് പ്രാരംഭ ഘട്ടത്തില്‍ കണക്കാക്കിയതിന്റെ ഇരട്ടി വിലയാണ് വീടൊന്നിന് ചെലവിട്ടത്.

അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതിനായി സ്വകാര്യം ഹോട്ടലുകളും റിസോര്‍ട്ടുകളും വന്‍തുകകകള്‍ അടിച്ചുമാറ്റിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയിലെ ക്രമക്കേടുകളും പുറത്തുവരുന്നത്.

തുടങ്ങിയത് 2ലക്ഷത്തില്‍ തീര്‍ന്നത് 436000 യൂറോയില്‍

പ്രൂഫ് ഓഫ് കണ്‍സെപ്റ്റ്’ പ്രോഗ്രാമിന്റെ ഭാഗമായി 200000 യൂറോ ചെലവില്‍ 500 വീടുകള്‍ നിര്‍മ്മിക്കുന്നതിനായിരുന്നു പദ്ധതി.രണ്ടുലക്ഷം യൂറോ ചിലവെന്ന് പറഞ്ഞു തുടങ്ങിയ വീട് തീര്‍ന്നപ്പോള്‍ വില 436000 യൂറോയായി.

മുമ്പ് തീരുമാനിച്ചതിനേക്കാള്‍ 120%വര്‍ദ്ധനവാണ് വിലയിലുണ്ടായത്.കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെയും റിപ്പോര്‍ട്ടാണ് ഈ തീ വിലയെ ചോദ്യം ചെയ്തത്.285 മില്യണ്‍ യൂറോയാണ് പദ്ധതിക്കായി ചെലവിടേണ്ടി വന്നത്.

അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യമൊരുക്കുന്നത് വന്‍ പ്രതിസന്ധിയുണ്ടാക്കിയപ്പോള്‍ നിശ്ചിത സമയത്തിനുള്ളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രശ്നം പരിഹരിക്കാന്‍ കണ്ടെത്തിയതായിരുന്നു മോഡുലാര്‍ ഭവന പദ്ധതി. 2,640 ഉക്രേനിയന്‍ അഭയാര്‍ഥികള്‍ക്ക് മോഡുലാര്‍ യൂണിറ്റുകളില്‍ താമസിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

അയര്‍ലണ്ടിലെ ആയിരക്കണക്കിന് ജനങ്ങള്‍ ഭവനമില്ലാതെ കഴിയുമ്പോഴാണ് സര്‍ക്കാര്‍ നടത്തുന്ന ഈ ധൂര്‍ത്തിന്റെ ചിലവ് പുറത്തുവന്നത്.

കാലതാമസവും നിയമലംഘനങ്ങളും

നിര്‍മ്മാണത്തിലെ കാലതാമസവും പബ്ലിക് സ്പെന്റിംഗ് റൂള്‍ പാലിക്കാത്തതുമെല്ലാം ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.സൈറ്റുകളുടെ ലഭ്യത അനിശ്ചിതത്വത്തിലായതുമൂലം ഡസന്‍ കണക്കിന് മോഡുലാര്‍ യൂണിറ്റുകള്‍ സ്റ്റോറേജ് സൗകര്യത്തില്‍ സൂക്ഷിക്കേണ്ടി വന്നു. ഇതിനായി 620,000 യൂറോ അധികമായി ചിലവിട്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

രണ്ട് സൈറ്റുകള്‍ വേണ്ടെന്നുവെച്ചതും ഒരു സൈറ്റില്‍ നിര്‍മ്മാണ ജോലിക്കിടെ വിപുലമായ പുരാവസ്തു ശേഖരം കണ്ടെത്തിയതുമായിരുന്നു കാലതാമസത്തിന് കാരണമായി പറയുന്നത്.

എട്ടു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഈ വര്‍ഷമാണ് ഏറെക്കുറെ വീടുകളുടെ പണി തീര്‍ന്നത്.ഇനിയും പൂര്‍ണ്ണമായി തീര്‍ന്നിട്ടുമില്ല. ഇതുവരെ 572 വീടുകള്‍ പൂര്‍ത്തിയായി.82 യൂണിറ്റുകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്.

കരാര്‍ നല്‍കിയത് ടെന്ററില്ലാതെ

കാലതാമസം ഒഴിവാക്കാന്‍ മുന്‍കൂര്‍ പരസ്യം നല്‍കാതെ നെഗോസിയേഷനിലൂടെയാണ് ഒ പി ഡബ്ല്യു വീടുകളുടെ നിര്‍മ്മാണ കരാര്‍ നല്‍കിയത്.കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഫെഡറേഷനുമായി ചേര്‍ന്നാണ് പ്രോട്ടോടൈപ്പ് ഡിസൈന്‍ വികസിപ്പിച്ചത്.യൂണിറ്റുകള്‍ക്ക് 60 വര്‍ഷത്തെ ആയുസ്സാണ് കണക്കാക്കിയിട്ടുള്ളത് .

പബ്ലിക് സ്‌പെന്റിംഗ് കോഡ് കാറ്റില്‍ പറന്നു

പബ്ലിക് സ്‌പെന്റിംഗ് കോഡ് പൂര്‍ണ്ണമായും പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തോടെ 2022 നവംബറില്‍, മോഡുലാര്‍ യൂണിറ്റുകള്‍ക്കായി 100 മില്യണ്‍ യൂറോ അനുവദിച്ചു. 2023 മുതല്‍ അവയുടെ പരിപാലനത്തിന് 1.25 മില്യണ്‍ യൂറോയുടെ വാര്‍ഷിക വിഹിതവും നല്‍കി.

എന്നാല്‍ 100 മില്യണ്‍ യൂറോയില്‍ കൂടുതല്‍ ചെലവ് വരുന്ന പ്രോജക്റ്റുകള്‍ക്ക് വേണ്ട ഇന്റഗ്രേഷന്‍ വകുപ്പ് സ്ട്രാറ്റെജിക് അസസ്മെന്റ് റിപ്പോര്‍ട്ടോ ബിസിനസ് കേസ് റിപ്പോര്‍ട്ടോ ഈ പദ്ധതിയുടെ കാര്യത്തിലുണ്ടായില്ല. ഇന്റിപ്പെന്‍ഡന്റ് എക്സ്റ്റേണല്‍ അസസ്മെന്റും നടത്തിയില്ല.

പബ്ലിക് സ്‌പെന്‍ഡിംഗ് കോഡും മറ്റും കര്‍ശനമായി പാലിക്കുന്നുണ്ടെന്നായിരുന്നു ഇന്റഗ്രേഷന്‍ വകുപ്പിന്റെ വാദം.നിശ്ചിത സമയത്തിനുള്ളില്‍ വീടുകള്‍ തീര്‍ക്കാന്‍ ചില ഘടകങ്ങളെ മറികടക്കേണ്ടി വന്നുവെന്നും അവര്‍ വിശദീകരിച്ചു.സൈറ്റ് വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് പദ്ധതിക്ക് കാലതാമസമുണ്ടാക്കിയതെന്ന് വകുപ്പ് പറയുന്നു.

ക്ലോണ്‍മെലിലെ ഹേവുഡിലെ സൈറ്റില്‍ ജനങ്ങളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ കാരണം വീടുകളുടെ നിര്‍മ്മാണം 2025 ഏപ്രിലിലേ പൂര്‍ത്തിയാകൂവെന്നാണ് വകുപ്പ് പറയുന്നത്.

കോര്‍ക്ക്, കാവന്‍, സ്ലൈഗോ, ടിപ്പററി എന്നിവിടങ്ങളിലുള്‍പ്പെടെ ഒ പി ഡബ്ല്യു, കൗണ്ടി കൗണ്‍സിലുകള്‍, കൃഷിവകുപ്പ്, എച്ച് എസ് ഇ എന്നിവയുടെ ഉടമസ്ഥതയിലുള്ള സൈറ്റുകിലാണ് വീടുകള്‍ നിര്‍മ്മിച്ചത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക     https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Leave A Reply

Your email address will not be published.

error: Content is protected !!