head1
head3

ഒരാള്‍ മരിച്ചു,അയര്‍ലണ്ടില്‍ കുട്ടികളില്‍ അഞ്ചാംപനി പടരുന്നതിനെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി എച്ച് എസ് ഇ

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കുട്ടികളില്‍ അഞ്ചാംപനി (Measles) പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എച്ച് എസ്. ഇ.

യുകെയിലും യൂറോപ്പിലെ ചില ഭാഗങ്ങളിലും അഞ്ചാംപനി വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ ജാഗ്രതാ നിര്‍ദ്ദേശം.

മീസില്‍സ് സ്ഥിരീകരിച്ച ഒരു മുതിര്‍ന്നയാള്‍ ലെയിന്‍സ്റ്ററില്‍ മരിച്ചതായി ഹെല്‍ത്ത് സര്‍വീസ് എക്സിക്യൂട്ടീവ് അറിയിച്ചു. ഡബ്ലിന്‍, മിഡ്ലാന്‍ഡ്‌സ് ഹെല്‍ത്ത് റീജിയനിലെ ഒരു ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

അഞ്ചാംപനിയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം അയര്‍ലണ്ടില്‍ സ്ഥിരീകരിച്ച ആദ്യത്തെ മരണമാണിതെന്ന് എച്ച്എസ്ഇ അറിയിപ്പില്‍ പറയുന്നു.

കുട്ടികള്‍ക്ക് അഞ്ചാംപനിക്കെതിരായ പ്രതിരോധ കുത്തിവെപ്പ് എം എം ആര്‍ വാക്സിന്‍ നല്‍കിയെന്ന് ഉറപ്പാക്കണന്ന് എച്ച് എസ് ഇ വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്..

ഉയര്‍ന്ന പനി, ചുമ, മൂക്കൊലിപ്പ്,ദേഹത്ത് ചുണങ്ങുപോലെയുള്ള പാടുകള്‍ എന്നിവയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങള്‍.ഈ ലക്ഷണങ്ങളുള്ളവരും അഞ്ചാംപനി ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും വീട്ടില്‍ തന്നെ തുടരണം. ഡോക്ടറെ സമീപിക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചു.കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കാണാമെന്ന് എച്ച് എസ് ഇ അറിയിച്ചു.

ഈ വാക്സിന്‍ അഞ്ചാംപനിക്ക് പുറമേ മുണ്ടിനീര്, റുബെല്ല എന്നിവയില്‍ നിന്ന് സുരക്ഷ നല്‍കും. വാക്സിനേഷനില്ലാത്തവരിലേക്ക് രോഗം വളരെ വേഗം പടരുമെന്നും ഒരുപക്ഷേ സ്ഥിതി ഗുരുതരമായേക്കാമെന്നും എച്ച് എസ് ഇ ഓര്‍മ്മപ്പെടുത്തുന്നു.കുഞ്ഞുങ്ങളും ആരോഗ്യപരമായി ദുര്‍ബലരായവരും ഏറെ ശ്രദ്ധിക്കണമെന്നും എച്ച് എസ് ഇയുടെ നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഓഫീസ് ഡയറക്ടര്‍ ഡോ ലൂസി ജെസ്സോപ്പ് പറഞ്ഞു.

മെനിഞ്ചൈറ്റിസ്, കേള്‍വിക്കുറവ്, ഗര്‍ഭകാല പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഈ രോഗം കാരണമാകും. കുട്ടിക്കാലത്ത് പ്രതിരോധ കുത്തിവെപ്പുകളെടുക്കാത്തവര്‍ക്ക് വേഗത്തില്‍ രോഗം പിടിപെട്ടേക്കാം.ഒരാളില്‍ നിന്നും പന്ത്രണ്ട് പേരിലേക്ക് വളരെ എളുപ്പത്തില്‍ ഈ രോഗം പടരുമെന്നും അവര്‍ പറഞ്ഞു.ആയിരത്തില്‍ ഒരാള്‍ക്ക് മസ്തിഷ്‌ക വീക്കമുണ്ടാകാനും ആയിരത്തില്‍ മൂന്ന് പേര്‍ മരിക്കാനുമിടയുണ്ട്.

മിഡ്-ടേം ബ്രേക്ക് വരുന്നതോടെ യാത്രകളുടെ എണ്ണം വളരെ കൂടിയേക്കാം.അതിനാല്‍ കുട്ടികള്‍ക്ക് എം എം ആര്‍ വാക്സിന്‍ നല്‍കിയിട്ടുണ്ടെന്ന് ജിപിയുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.എല്ലാ കുട്ടികള്‍ക്കും അഞ്ചാംപനി പ്രതിരോധിക്കാന്‍ MMR വാക്സിന്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇതുവരെ വാക്സിനേഷനെടുക്കാത്ത പത്തു വയസും അതില്‍ താഴെയുള്ളവര്‍ക്കും ഒരു ക്യാച്ച്-അപ്പ് ഓപ്ഷനും നല്‍കുന്നുണ്ടെന്നും എച്ച് എസ് ഇ വ്യക്തമാക്കി.

കൂടുതല്‍ നടപടികളെക്കുറിച്ച് ആരോഗ്യവകുപ്പ് പൊതുജനങ്ങളെ അറിയിക്കും, അതിനിടയില്‍, ആശങ്കകളുള്ള ആരെങ്കിലും അവരുടെ ജി പി യുമായി ബന്ധപ്പെടണം

എല്ലാവര്‍ക്കും രോഗത്തില്‍ നിന്നും സുരക്ഷ ഉറപ്പാക്കാന്‍ ജനസംഖ്യയുടെ 95% പേര്‍ക്കും വാക്സിനേഷന്‍ നടത്തേണ്ടതുണ്ടെന്ന് ഡോ. എലോന ഡഫി പറഞ്ഞു.അയര്‍ലണ്ടില്‍ എം എം ആര്‍ വാക്സിനെടുത്തവര്‍ നിലവില്‍ 90 ശതമാനത്തില്‍ താഴെയാണ്.അഞ്ചാംപനി പിടിപെടുന്നവരില്‍ അഞ്ചിലൊരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമെന്ന് യു എസില്‍ ശേഖരിച്ച വിവരങ്ങള്‍ കാണിക്കുന്നതായി ഡോ.ഡഫി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.