head1
head3

അയർലണ്ടിൽ നാളെ തിരഞ്ഞെടുപ്പ് ,അറിയേണ്ടതെല്ലാം 

ഡബ്ലിന്‍ : യൂറോപ്യന്‍ പാര്‍ലമെന്റ്,ലോക്കല്‍ തിരഞ്ഞെടുപ്പ് എന്നിവയ്ക്കൊപ്പം ലിമെറിക്കിലെ മേയര്‍ തിരഞ്ഞെടുപ്പും നാളെ നടക്കും.ലിമെറിക്ക് നഗരത്തിലും കൗണ്ടി ഇലക്ടറല്‍ ഏരിയകളിലും വോട്ടുള്ളവര്‍ക്ക് മാത്രമേ മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവൂ.

യൂറോപ്യന്‍ ഇലക്ഷന്‍

യൂറോപ്പിലുടനീളം 373 മില്യണ്‍ വോട്ടര്‍മാരാണ് വോട്ടര്‍പ്പട്ടികയിലുള്ളത്. 720 എം ഇ പിമാരെയാണ് തിരഞ്ഞെടുക്കേണ്ടത്.യൂറോപ്യന്‍ പാര്‍ലമെന്റിലേയ്ക്ക് അയര്‍ലണ്ടില്‍ നിന്നും 14 എം ഇ പിമാരെയാണ് തിരഞ്ഞെടുക്കേണ്ടത്.മിഡ്‌ലാന്‍ഡ്‌സ് നോര്‍ത്ത്-വെസ്റ്റ് മണ്ഡലങ്ങളെയാണ് ഇവരില്‍ അഞ്ച് പേര്‍ പ്രതിനിധീകരിക്കുന്നത്. 15 കൗണ്ടി മണ്ഡലങ്ങളിലായി 27 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്.

സൗത്തില്‍ നിന്നും അഞ്ച് എം ഇ പിമാരെയാണ് തിരഞ്ഞെടുക്കേണ്ടത്.അവിടെ പത്ത് കൗണ്ടികളിലായി 23 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു.നാല് എം ഇ പി മാരുള്ള ഡബ്ലിനില്‍ 23 സ്ഥാനാര്‍ത്ഥികളാണ് ജന വിധി തേടുന്നത്.

നാളെ അയര്‍ലണ്ടില്‍ വോട്ടെടുപ്പ്

ഇന്ന് നെതര്‍ലാന്‍ഡ്‌സിലും നാളെ അയര്‍ലണ്ടിലും യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള വോട്ടെടുപ്പ് നടക്കും.ചെക്കിയയില്‍ രണ്ട് ദിവസമാണ് വോട്ടെടുപ്പ്.മറ്റ് രാജ്യങ്ങള്‍ എട്ടിനും യൂറോപ്പിലെ 20 രാജ്യങ്ങള്‍ ഒമ്പതിനും വോട്ട് ചെയ്യും.

യൂറോപ്പിലുടനീളം വോട്ടിംഗ് അവസാനിക്കുന്നത് വരെ ഫലങ്ങള്‍ പ്രഖ്യാപിക്കാനാവില്ലെന്നതിനാല്‍ അയര്‍ലണ്ടില്‍ യൂറോപ്യന്‍ വോട്ടുകള്‍ ജൂണ്‍ ഒമ്പതുവരെ എണ്ണിത്തുടങ്ങില്ല.എന്നാല്‍ ലോക്കല്‍ ഇലക്ഷന്റെ ഫലം ശനിയാഴ്ച തന്നെ അറിയാനാവും.

ഇ യു വില്‍ എസ്റ്റോണിയയില്‍ മാത്രം ഇ വോട്ടിംഗാണ് നടക്കുന്നത്.ബാക്കി എല്ലാ രാജ്യങ്ങളിലും പരമ്പരാഗത ബാലറ്റ് ഉപയോഗിച്ചാവും തിരഞ്ഞെടുപ്പ് .

ലോക്കല്‍ തിരഞ്ഞെടുപ്പില്‍ 2,100ലേറെ സ്ഥാനാര്‍ത്ഥികള്‍

അയര്‍ലണ്ടില്‍ ആകെ 166 ലോക്കല്‍ ഇലക്ട്രല്‍ ഏരിയകളിലെ കൗണ്ടി, സിറ്റി കൗണ്‍സിലുകളിലായി 949 സീറ്റുകളുണ്ട്. 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുണ്ട്.

2014ല്‍ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി 80 ടൗണ്‍ കൗണ്‍സിലുകള്‍ നിര്‍ത്തലാക്കിയിരുന്നു. അതോടെ കൗണ്‍സിലര്‍മാരുടെ എണ്ണത്തില്‍ 40%ത്തിലേറെ കുറവുണ്ടായി.

സാധാരണയായി അയര്‍ലണ്ടില്‍ താമസിക്കുന്ന ഏതൊരാള്‍ക്കും അവരുടെ ലോക്കല്‍ ഇലക്ടറല്‍ ഏരിയയില്‍ വോട്ട് രേഖപ്പെടുത്താമെന്നതാണ് ഇലക്ഷന്റെ സവിശേഷത.

2,100ലധികം സ്ഥാനാര്‍ത്ഥികളാണ് മല്‍സരരംഗത്തുള്ളത്. ഇവരില്‍ 31% സ്ത്രീകളാണ്. ഏറ്റവും കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്ന ഇലക്ഷനെന്ന പ്രത്യേകതയുമുണ്ട്.

പതിനഞ്ചോളം ഇന്ത്യന്‍ വംശജരും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.

ലിമെറിക്ക് മേയറാകാന്‍ ആറ് വനിതകള്‍ ഉള്‍പ്പടെ 15 സ്ഥാനാര്‍ത്ഥികള്‍

രാജ്യത്ത് ആദ്യമായി ലിമെറിക്കിലെ വോട്ടര്‍മാര്‍ നേരിട്ട് അവരുടെ മേയറെ തിരഞ്ഞെടുക്കുന്നതിന് കാര്‍മ്മികത്വം വഹിക്കുകയാണ്.ആറ് വനിതക(40%)ളുള്‍പ്പടെ 15 സ്ഥാനാര്‍ത്ഥികളാണ് മേയര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്.അഞ്ച് വര്‍ഷമാണ് മേയറുടെ ഭരണകാലാവധി. ഓരോവര്‍ഷവും 1,54,134 യൂറോയാണ് ശമ്പളം.

കോര്‍ക്കിലും വാട്ടര്‍ഫോര്‍ഡിലും ഡയറക്ട് മേയര്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് റഫറണ്ടം നടത്തിയിരുന്നു. എന്നാല്‍ ഭൂരിപക്ഷം വോട്ടര്‍മാരും അത് വേണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.

ഇ പിയില്‍ വനിതാ പങ്കാളിത്തം കുറവ്

ലിമെറിക്കിലെ 15 മേയര്‍ സ്ഥാനാര്‍ത്ഥികളില്‍ ആറും പേരും അയര്‍ലണ്ടിലെ യൂറോപ്യന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 73 പേരില്‍ 24 പേരും സ്ത്രീകളാണ്.പടിയിറങ്ങുന്ന എം ഇ പികളില്‍ 41% സ്ത്രീകളായിരുന്നു. ലോക്കല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 31.4% സ്ഥാനാര്‍ത്ഥികളും സ്ത്രീകളാണ്.

അതേസമയം അയര്‍ലണ്ടിലെ 13 എം ഇ പിമാരില്‍ അഞ്ച് പേരും സ്ത്രീകളായിരുന്നു. (ആറു പേര്‍ ഉണ്ടായിരുന്നെങ്കിലും മൈറെഡ് മക്ഗിന്നസ് 2020 ല്‍ അയര്‍ലണ്ട് കമ്മീഷണറുടെ പദവി ഏറ്റെടുത്തു).

അസാധു വോട്ടുകള്‍ വരുന്ന വഴി

2019ല്‍ 1,08,488 അസാധു വോട്ടുകളുണ്ടായി.ശരിയായി വോട്ടു ചെയ്യണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.അയര്‍ലണ്ട്് സൗത്തിലെ മൂന്ന് യൂറോപ്യന്‍ നിയോജക മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ അസാധു വോട്ടുകള്‍ (5%-36,897)വന്നത്.

വോട്ടിലെ പ്രിഫറന്‍സ് അനുസരിച്ച് നമ്പര്‍ രേഖപ്പെടുത്തുന്നതിലെ പിഴവാണ് അസാധു നിരക്ക് കൂട്ടുന്നതെന്ന് കമ്മീഷന്‍ വിശദീകരിച്ചു.

ഒന്നിലേറെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് പ്രിഫറന്‍സ് നമ്പര്‍ (1) നല്‍കുകയാണ് വോട്ടര്‍മാര്‍ ചെയ്തത്. ഇത് ആ വോട്ടിനെ അസാധുവാക്കും.

ചിലര്‍ ബാലറ്റില്‍ ആശംസകളും മറ്റും നേരും. അവയും അസാധുവാകും. റോമന്‍ അക്കങ്ങള്‍ ഉപയോഗിക്കുന്നതും ബാലറ്റ് അസാധുവാകുന്നതിന് കാരണമാകും.

ആദ്യം എണ്ണുന്നത് ലോക്കല്‍ വോട്ടുകള്‍

ശനിയാഴ്ച രാവിലെ, ബാലറ്റുകള്‍ തരം തിരിക്കും. ലോക്കല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.യൂറോപ്യന്‍ ബാലറ്റുകളുടെ തരംതിരിക്കലിന് നേരമെടുക്കും.തരം തിരിക്കുന്നവ മൂന്ന് വോട്ടെണ്ണല്‍ നിയോജകമണ്ഡലം കേന്ദ്രങ്ങളിലേക്ക് അയക്കും. അതിനാല്‍ ഉച്ചയ്ക്ക് ശേഷമേ വോട്ടെണ്ണല്‍ ആരംഭിക്കൂ.

യൂറോപ്യന്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തീരാന്‍ ദിവസങ്ങളെടുക്കും

യൂറോപ്യന്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തീരാന്‍ ദിവസങ്ങളെടുക്കും. 2019ല്‍, ഡബ്ലിനില്‍ നാല് എംഇപിമാരുടെ വോട്ടെണ്ണിത്തീരാനും ഫലപ്രഖ്യാപനത്തിനും നാല് ദിവസമെടുത്തു. 13റൗണ്ടാണ് വോട്ടെണ്ണിയത്.ലാസ്, ഒഫലി കൗണ്ടികള്‍ കൂടിയുള്‍പ്പെട്ട ഏറ്റവും വലിയ മണ്ഡലമായ മിഡ് ലാന്റ്സ് നോര്‍ത്ത് വെസ്റ്റിലെ വോട്ടെണ്ണലിനായിരിക്കും ഏറ്റവും കൂടുതല്‍ സമയമെടുക്കുക.

18തവണ എണ്ണിയ ശേഷവും സിന്‍ ഫെയ്ന്‍ എംഇപി ലിയാദ് നി റിയാദ റീകൗണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2019ല്‍ അയര്‍ലണ്ട് സൗത്തിലെ വോട്ടെണ്ണല്‍ തീരാന്‍ ഒരാഴ്ചയിലേറെ സമയമെടുത്തതും ചരിത്രം.

മേയറാരെന്ന് 10ന് അറിയാനായേക്കും

ലിമെറിക് മേയര്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ജൂണ്‍ 10ന് ശേഷമേയുണ്ടാകൂ.

സ്ഥാനാര്‍ത്ഥികളുടെ എണ്ണക്കൂടുതലും ഫലപ്രഖ്യാപനം വൈകുന്നതിന് കാരണമായേക്കാം.തിങ്കളാഴ്ച രാത്രിയോടെ ലിമെറിക്കിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായേക്കാമെന്ന് റിട്ടേണിംഗ് ഓഫീസര്‍ കീരന്‍ ലെഹാനെ പറഞ്ഞു

നിലവില്‍ ടി ഡിയായിരിക്കുന്നവരും മേയര്‍ സ്ഥാനാര്‍ത്ഥികളാണ് . ഇവരാണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ വീണ്ടും ലിമെറിക് മണ്ഡലത്തിന് പുതിയ ടി ഡിയെ കണ്ടെത്തേണ്ടി വരും.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.

error: Content is protected !!