head1
head3

ഗായികയായി തുടക്കം : മലയാളത്തിന്റെ അമ്മയായി മടക്കം

കൊച്ചി : ഗായികയില്‍ നിന്നും മലയാളി പ്രേക്ഷകരുടെ അമ്മയായുള്ള പകര്‍ന്നാട്ടമായിരുന്നു അന്തരിച്ച കവിയൂര്‍ പൊന്നമ്മയുടെ കലാജീവിതം. അരങ്ങിലേക്കുള്ള കവിയൂര്‍ പൊന്നമ്മയുടെ ആദ്യ ചുവടുവയ്പ്പ് പതിനൊന്നാംവയസിലായിരുന്നു.

നാടക വേദികളില്‍ നിന്നുള്ള യാത്ര വെള്ളിത്തിരയിലേക്ക് എത്തുകയായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട കവിയൂര്‍ പൊന്നമ്മ (79) ഇന്നലെ വൈകിട്ടാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പത്തനംതിട്ട ജില്ലയിലെ കവിയൂരില്‍ 1945 സെപ്തംബര്‍ പത്തിനാണ് ജനനം. നാടകങ്ങളിലൂടെയാണ് സിനിമാരംഗത്തെത്തിയത്. 1962 ല്‍ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം ആണ് ആദ്യ ചിത്രം. ഒടുവില്‍ വേഷമിട്ടത് 2021ല്‍ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രത്തില്‍. നാലുതവണ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി.

ആദ്യകാല നിര്‍മാതാവ് അന്തരിച്ച മണിസ്വാമിയാണ് ഭര്‍ത്താവ്. ഏക മകള്‍ ബിന്ദു അമേരിക്കയില്‍ സ്ഥിരതാമസം. മരുമകന്‍: വെങ്കിട്ടരാമന്‍ (മിഷിഗണ്‍ സര്‍വകലാശാല).

തോപ്പില്‍ഭാസി സംവിധാനം ചെയ്ത മൂലധനം നാടകത്തില്‍ പാടി അഭിനയിച്ചുകൊണ്ടാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. കെ.പി.എ.സി. ഉള്‍പ്പെടെ വിവിധ നാടക സമിതികളില്‍ പിന്നീട് സജീവമായി പ്രവര്‍ത്തിച്ചു.

വിവിധ ഗുരുക്കന്മാര്‍ക്ക് കീഴില്‍ അഞ്ചാം വയസു മുതല്‍ കവിയൂര്‍ പൊന്നമ്മ സംഗീതം അഭ്യസിച്ചു. എട്ടാം ക്ലാസ് പുര്‍ത്തിയാക്കിയതിന് ശേഷം നാടകങ്ങളില്‍ പിന്നണി പാടി തുടങ്ങി.

1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍ പൊന്നമ്മ ആദ്യമായി ക്യാമറക്കു മുന്നില്‍ എത്തുന്നത്. മുഴുനീള കഥാപാത്രമുള്ള ആദ്യ സിനിമ 1964ല്‍ പുറത്തിറങ്ങിയ കുടുംബിനിയായിരുന്നു.

തൊമ്മന്റെ മക്കള്‍ (1965) എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂര്‍ പൊന്നമ്മ അഭിനയിച്ചു. മലയാള സിനിമയില്‍ മറ്റ് നിരവധി ചലച്ചിത്ര താരങ്ങളുടെ അമ്മ റോളുകള്‍ അവതരിപ്പിച്ചു. ഓടയില്‍നിന്ന് എന്ന സിനിമയില്‍ സത്യന്റെ നായികാ കഥാപാത്രമായം വേഷമിട്ടു.

മലയളത്തിലെ ആദ്യകാല മുന്‍നിര സംവിധായകരുടെ ചിത്രങ്ങളില്‍ നിറസാന്നിധ്യമായിരുന്നു കവിയൂര്‍ പൊന്നമ്മ. സേതുമാധവന്‍, വിന്‍സന്റ്, ശശികുമാര്‍ ,അടൂര്‍ ഭാസി, ഭരതന്‍, പത്മരാജന്‍, ഐ വി ശശി, സിബി മലയില്‍, ബാലചന്ദ്രമേനോന്‍ തുടങ്ങിയ സംവിധായകരുടെ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധേയമായി.

വെളുത്ത കത്രീന, ക്രോസ് ബെല്‍റ്റ്, ത്രിവേണി, കരകാണാക്കടല്‍, ചാമരം, നിര്‍മാല്യം, കൊടിയേറ്റം, തിങ്കളാഴ്ച നല്ല ദിവസം, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഹിസ് ഹൈനസ് അബുദുല്ല, കിരീടം,തനിയാവര്‍ത്തനം തുടങ്ങിയ ചിത്രങ്ങളിലെ അവിസ്മരണീയ അഭിനയം കവിയൂര്‍ പൊന്നമ്മയെ മലയാള സിനിമ പ്രേഷകരുടെ അമ്മയാക്കി.

പത്ത് സിനിമകളില്‍ പാടിയിട്ടുണ്ട്. ഗായികയായി കലാരംഗത്തെത്തയെങ്കിലും പിന്നീട് അഭിനയം സജീവമാക്കി. മുപ്പതോളം ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. അഭിനയ രംഗത്തെ മികച്ച സംഭാവനകള്‍ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നാല് തവണ കരസ്ഥമാക്കി.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Leave A Reply

Your email address will not be published.

error: Content is protected !!