head3
head1

കെ എം റോയിക്ക് സാംസ്‌കാരിക കേരളത്തിന്റെ പ്രണാമം

തേവര :മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം. റോയ് (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്നു.

സംസ്‌ക്കാരം തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ ഞായറാഴ്ച രാവിലെ 10.30ന് നടക്കും.

പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, അധ്യാപകന്‍ എന്നീ നിലയില്‍ പ്രസിദ്ധിയാര്‍ജിച്ച ബഹുമുഖ പ്രതിഭയായിരുന്നു.

എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ വിദ്യാര്‍ഥിയായിരിക്കെ 1961 ല്‍ കേരളപ്രകാശം എന്ന പത്രത്തില്‍ സഹപത്രാധിപരായാണ് കെ.എം റോയ് മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷം ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം യു.എന്‍.ഐ വാര്‍ത്താ ഏജന്‍സിയിലും പ്രവര്‍ത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ പത്രപ്രവര്‍ത്തന രംഗത്ത് നിന്ന് വിരമിച്ചു. രണ്ടു പതിറ്റാണ്ടിലേറെ മംഗളം വാരികയില്‍ ഇരുളും വെളിച്ചവും എന്ന പംക്തി എഴുതി. ഇതിന് പുറമേ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ലേഖനങ്ങളും എഴുതി.

രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു.

മത്തായി മാഞ്ഞൂരാന്റെ ജീവചരിത്രവും മൂന്ന് നോവലുകളും രണ്ട് യാത്രാ വിവരണവും രചിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത മാധ്യമ പുരസ്‌കാരമായ സ്വദേശാഭിമാനി-കേസരി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു.

അമേരിക്കന്‍ ഫൊക്കാന അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം, പ്രഥമ സി.പി ശ്രീധരമേനോന്‍ സ്മാരക മാധ്യമ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, ശിവറാം അവാര്‍ഡ്, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ലൈഫ്ടൈം അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More