head1
head3

നഴ്സുമാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും പകരം റോബോട്ടുകള്‍: അയര്‍ലണ്ടില്‍ പുതിയ പരീക്ഷണം

ഡബ്ലിന്‍ : കാന്‍സര്‍ മരുന്നുകളുടെ മിക്‌സിംഗും വിതരണവും നടത്താനായി റോബോട്ടുകളെ നിയോഗിച്ചിരിക്കുകയാണ് ഡബ്ലിനിലെ പ്രമുഖ ആശുപത്രി. ഡബ്ലിന്‍ സെന്റ് ജെയിംസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ട്രിനിറ്റി സെന്റ് ജെയിംസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് റോബോട്ടുകളെ ഉപയോഗിച്ച് കീമോതെറാപ്പി മരുന്നുകള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്.ഇത്തരത്തില്‍ റോബോട്ടുകളെ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന യു കെ യിലെയും അയര്‍ലണ്ടിലെയും ആദ്യത്തെ ആശുപത്രിയാണിതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു.റോബോട്ടിൻ്റെ ഏറ്റവും വലിയ നേട്ടം: അപകടകരമായ കീമോതെറാപ്പികളിലേക്കുള്ള ജീവനക്കാരുടെ സാമീപ്യം  ഇത് ഇല്ലാതാക്കുന്നു എന്നതാണ്.. സാങ്കേതിക വിദഗ്ധർ യന്ത്രം പ്രവർത്തിപ്പിക്കുന്നു,ഐ വി നൽകുമ്പോഴും  പക്ഷേ അപകടകരമായ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തേണ്ടതില്ല.

റോബോട്ട് തയ്യാറാക്കിയ മരുന്ന് ഉപയോഗിച്ചുള്ള ആദ്യ ചികില്‍സയും രോഗിക്ക് ആശുപത്രി കാമ്പസില്‍ നടത്തി.സെര്‍വിക്കല്‍ ക്യാന്‍സറിന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മീത്തിലെ റാറ്റോത്തില്‍ നിന്നുള്ള ലിസ് ഹോഗനാണ് കീമോതെറാപ്പിയുടെ ആദ്യ കസ്റ്റമൈസ്ഡ് ഡോസ് നല്‍കിയത്.

റോബോട്ട് ചികിത്സ ലഭിക്കുന്ന ആദ്യ രോഗിയാണ് ലിസ് ഹോഗന്‍.കീമോതെറാപ്പിയുടെ ഡോസ് സ്വീകരിച്ചപ്പോള്‍ ഒരു വ്യത്യാസവും തോന്നിയില്ലെന്ന് ഹോഗന്‍ പറഞ്ഞു.

ഫാര്‍മസിസ്റ്റുകള്‍ക്ക് ആശ്വാസവും ഒപ്പം ആശങ്കയും

പരമ്പരാഗതമായി മാനുവലായാണ് കീമോതെറാപ്പി മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.കടുത്ത ശാരീരികാധ്വാനം ആവശ്യമായ ജോലിയാണിത്. ആഗോളതലത്തില്‍ത്തന്നെ ജീവനക്കാര്‍ക്ക് സ്‌ട്രെയിന്‍ ഇന്‍ജുറികളും ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

റോബോട്ടുകള്‍ ഈ റോള്‍ ഏറ്റെടുത്തതോടെ ഈ അപകടം ഒഴിവായെന്ന ആശ്വാസവും കൈവന്നിട്ടുണ്ട്.റോബോട്ട് നിര്‍മ്മിക്കാത്ത മറ്റ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് ഫാര്‍മസിസ്റ്റുകളായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാങ്കേതിക വിദ്യാ പുരോഗതിയില്‍ അഭിമാനകരമായ നേട്ടമാണിതെങ്കിലും ഫാര്‍മസിസ്റ്റുകളുടെ ‘പണി തെറിക്കുന്ന’ ഡവലപ്മെന്റാണിതെന്ന ആശങ്കയും ഉയരുന്നുണ്ട്.

റോബോട്ടുകളുണ്ടാക്കുന്നത് 13 മരുന്നുകള്‍

ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പതിമൂന്ന് സൈറ്റോടോക്സിക് കീമോതെറാപ്പി മരുന്നുകളാണ് റോബോട്ട് തയാറാക്കുന്നത്.ഉല്‍പ്പാദിപ്പിക്കുന്ന കീമോതെറാപ്പി മരുന്നിന്റെ ഗുണനിലവാരം ഉറപ്പുനല്‍കാന്‍ കഴിയുമെന്ന് സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ പറഞ്ഞു.

ട്രിനിറ്റി സെന്റ് ജെയിംസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ രാജ്യത്തെ ഏറ്റവും തിരക്കേറിയ അസെപ്റ്റിക് കോമ്പൗണ്ടിംഗ് യൂണിറ്റാണ് സെന്റ് ജെയിംസ് ഹോസ്പിറ്റലിലേത്.പ്രതിവര്‍ഷം 30,000 ഉല്‍പ്പന്നങ്ങളാണ് ഇവിടെ നിര്‍മ്മിക്കപ്പെടുന്നത്.

പ്രധാന ചുവടുവെയ്പ്പെന്ന് അധികൃതര്‍

ജീവനക്കാരെയും ആശുപത്രിയിലെ ക്യാന്‍സര്‍ രോഗികളെയും സംബന്ധിച്ച് പ്രധാന ചുവടുവെപ്പാണിതെന്ന് സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ ഫാര്‍മസി ഡയറക്ടര്‍ ഗെയില്‍ മെലനോഫി പറഞ്ഞു.

ഓങ്കോളജി/ഹെമറ്റോളജി ഡേ വാര്‍ഡിലേക്കുള്ള കീമോതെറാപ്പി മരുന്നിന്റെ 50% വരെ ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗെയില്‍ മെലനോഫി പറഞ്ഞു. കിടത്തിച്ചികിത്സാ രോഗികള്‍ക്ക് കൂടി ആവശ്യമായി വന്നാല്‍ ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിക്കും.

കീമോ രോഗികള്‍ക്ക് ചികിത്സകള്‍ക്കായി ഒരിക്കലും കാത്തിരിക്കേണ്ടി വരില്ലെന്ന് ഉറപ്പാക്കുമെന്നും മെലനോഫി പറഞ്ഞു.സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ഫൗണ്ടേഷനാണ് പുതിയ റോബോട്ടിനുള്ള ഫണ്ട് സ്വരൂപിച്ചത്.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a

Comments are closed.