head3
head1

ഹിസ്ബുള്ളയെ തീര്‍ത്ത ഇസ്രായേല്‍ യെമനിലെ ഹൂതി’കള്‍ക്കെതിരെ

ടെല്‍ അവീവ് :മിഡില്‍ ഈസ്റ്റിലെ പോരാട്ടത്തില്‍ ഇസ്രായേല്‍ മുന്നേറ്റം തുടരുന്നു.അതേ സമയം, യെമനിലെ ഹൂതികള്‍ക്കെതിരെയും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്.

കഴിഞ്ഞ രണ്ട് ദിവസമായി ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാനില്‍ നിന്നും തീവ്രവാദികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് യെമനിലെ ഹൂതി കേന്ദ്രങ്ങളെ ബോംബിട്ടതെന്ന് ഇസ്രായേല്‍ പറഞ്ഞു.

ഇസ്രായേല്‍ ആക്രമണത്തില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെട്ടു.29 പേര്‍ക്ക് പരിക്കേറ്റെന്നും ഹൂതിയുടെ ആരോഗ്യ മന്ത്രാലയം പറഞ്ഞു.സ്‌ഫോടനത്തെ തുടര്‍ന്ന് തുറമുഖ നഗരമായ ഹൊദൈദയുടെ മിക്ക ഭാഗങ്ങളിലും വൈദ്യുതി ബന്ധം തകര്‍ന്നു.

ഒരു സ്ഥലവും വളരെ ദൂരെയല്ലെന്നും എത്ര ദൂരെയായാലും ശത്രുക്കളെ ഇസ്രായേല്‍ ആക്രമിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.പവര്‍ പ്ലാന്റുകളും ഹൊദൈദയിലെ തുറമുഖവും റാസ് ഇസ തുറമുഖവും ആക്രമണത്തിനിരയായി.

രണ്ട് മാസത്തിനിടെ യെമനില്‍ ഇസ്രായേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂലൈയില്‍, യെമന്‍ ഡ്രോണ്‍ ടെല്‍ അവീവില്‍ ഇടിച്ച് ഒരാള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഹൊദൈദയ്ക്ക് സമീപം ഹൂതികളുടെ സൈനിക ലക്ഷ്യങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തി.

കഴിഞ്ഞ ഒരു വര്‍ഷമായി ഇറാന്റെ ധനസഹായത്തോടെ അവരുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഹൂതികള്‍ ഇസ്രായേലിനെ ആക്രമിച്ചിരുന്നുവെന്ന് സൈനിക പ്രസ്താവനയില്‍ ഇസ്രായേല്‍ പറഞ്ഞു. പ്രാദേശിക സ്ഥിരത തകര്‍ക്കാനും ആഗോള നാവിഗേഷന്‍ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താനും ഇറാഖി മിലിഷ്യകളുമായി ചേര്‍ന്നാണ് ഹൂതികള്‍ പ്രവര്‍ത്തിക്കുന്നത്.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തോടെയാണ് ഗാസ യുദ്ധം ആരംഭിച്ചത്. അന്നുമുതല്‍, ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി തീവ്രവാദികള്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രായേലിനെതിരെ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചിരുന്നു.

ടെല്‍ അവീവിനടുത്തുള്ള ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി ഹൂതികള്‍ പറഞ്ഞു. എന്നാല്‍ ഇതു തടഞ്ഞതായി ഇസ്രായേല്‍ അവകാശപ്പെട്ടു.വെള്ളിയാഴ്ച മറ്റൊരു ഹൂതി മിസൈലും ഇസ്രായേല്‍ തടഞ്ഞു.

ഇസ്രായേല്‍ ആക്രമണങ്ങളുടെ പേരില്‍ ഗാസയും ലെബനനും ഉപേക്ഷിക്കില്ലെന്ന് ഹൂതികളുടെ വക്താവ് മുഹമ്മദ് അബ്ദുല്‍സലാം എക്‌സില്‍ വ്യക്തമാക്കി.

ഇസ്രയേലിന്റെ ആക്രമണത്തെ ഇറാന്‍ അപലപിച്ചു.സിവിലിയന്‍ കേന്ദ്രങ്ങളെയാണ് ഇസ്രായേല്‍ ആക്രമിക്കുന്നതെന്നും ഇസ്രായേല്‍ പറഞ്ഞു.

ഇറാനുമായി ബന്ധപ്പെട്ട ‘ആക്സിസ് ഓഫ് റെസിസ്റ്റന്‍സ്’ രാജ്യങ്ങളെ തുടര്‍ച്ചയായി ആക്രമിക്കാന്‍ ഇസ്രായേലിനെ അനുവദിക്കരുതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു.

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള മേധാവി സയ്യിദ് ഹസന്‍ നസ്‌റല്ലയുടെ മരണത്തില്‍ ഹൂതി അനുശോചിച്ചിരുന്നു. ബങ്കറില്‍ തന്റെ അനുയായികളുമായി യോഗം ചേരുന്നതിനിടയാണ് ബെയ്റൂട്ടില്‍ ഇയാളെ ഇസ്രായേല്‍ ആക്രമിച്ചത്. ഒരു ഇറാനിയന്‍ ചാരനാണ് വിവരം ചോര്‍ത്തി കൊടുത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരിച്ചടിക്കുമോ ഇറാന്‍ ?

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ വധിച്ചതിനു പിന്നാലെ രാജ്യത്ത് കനത്ത സുരക്ഷ ഒരുക്കി ഇസ്രയേല്‍.

ഹമാസ്, ഹിസ്ബുള്ള സംയുക്ത ആക്രമണം നടക്കുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്നാണ് രാജ്യത്ത് സുരക്ഷ ശക്തമാക്കിയത്. വടക്കന്‍ ഇസ്രയേലില്‍ തുറന്ന സ്ഥലങ്ങളില്‍ പത്തു പേര്‍ക്കും ,കെട്ടിടങ്ങള്‍ക്കുള്ളില്‍ 150 പേരിലധികവും ചേര്‍ന്നുള്ള ഒത്തുചേരലുകള്‍ നടത്തരുതെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. തലസ്ഥാനമായ ടെല്‍ അവീവ് നഗരമുള്‍പ്പെടുന്ന മധ്യ ഇസ്രയേലില്‍ ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ നിരോധിച്ചു. ആവശ്യം വന്നാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ അറിയിക്കുമെന്ന് സൈനികവക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹാഗാരി വ്യക്തമാക്കി.

ടെല്‍ അവീവിലേക്കുള്ള മിക്ക വിമാനസര്‍വീസുകളും റദ്ദാക്കി. ചില സര്‍വീസുകള്‍ വൈകുകയുമാണ്. ഇന്നു വൈകുന്നേരം ആറുവരെയാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം, ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നസ്റല്ലയ്ക്ക് പിന്നാലെ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി വധിച്ചതായി അറിയിച്ച് ഇസ്രയേല്‍. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു യൂണിറ്റിന്റെ തലവനായിരുന്ന ഹസ്സന്‍ ഖലീല്‍ യാസിന്‍ എന്ന നേതാവാണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചിരിക്കുന്നത്. അതേസമയം പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് ഇറാനില്‍ പ്രതിഷേധം ശക്തമാവുകയാണ്.

ഹിസ്ബുള്ള മിസൈല്‍, ഡ്രോണ്‍ യൂണിറ്റുകളുമായി ഹസ്സന്‍ ഖലീല്‍ യാസിന്‍ അടുത്ത് പ്രവര്‍ത്തിച്ചിരുന്നെന്നുവെന്നും യുദ്ധത്തിന്റെ തുടക്കം മുതല്‍ സിവിലിയന്മാര്‍ക്കും സൈനികര്‍ക്കുമെതിരെ നടത്തിയ തീവ്രവാദ ഗൂഢാലോചനകളില്‍ വ്യക്തിപരമായി ഹസ്സന്‍ ഖലീല്‍ യാസിന്‍ പങ്കാളിയായിരുന്നുവെന്നും ഇസ്രായേല്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഇസ്രായേലിനെതിരെ ആക്രമണം നടത്താന്‍ യാസിന്‍ പദ്ധതിയിട്ടിരുന്നതായും ഇസ്രായേല്‍ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക     https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Leave A Reply

Your email address will not be published.

error: Content is protected !!