head1
head3

ഐറിഷ് ഹോംകെയര്‍ ഓഫര്‍ ചെയ്യുന്നത് 750ലേറെ തൊഴിലവസരങ്ങള്‍..

മോണഗാന്‍ : കെയര്‍ അസിസ്റ്റന്റ് മാരെ വിദേശങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്യാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ അയര്‍ലണ്ടില്‍ അത്തരം ജോലികള്‍ക്കായുള്ള പ്രത്യേക കമ്പനികള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിച്ച് രംഗത്തെത്തി.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കെയര്‍ അസിസ്റ്റന്റ്മാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തീരുമാനം തിങ്കളാഴ്ചയാണ് ഐറിഷ് തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ചത് തൊട്ടു പിന്നാലെ രംഗത്തെത്തിയ മോണഗാന്‍ ആസ്ഥാനമായ ഐറിഷ് ഹോംകെയര്‍ കമ്പനി ഓഫര്‍ ചെയ്യുന്നത് 750ലേറെ തൊഴിലവസരങ്ങളാണ്

കെയര്‍ അസിസ്റ്റന്റ് റോളുകള്‍, മാനേജര്‍മാര്‍, നഴ്‌സുമാര്‍, ഭരണപരമായ സപ്പോര്‍ട്ട് ജോലികള്‍ എന്നിവയുള്‍പ്പെടെ ജോലികളാണ് കമ്പനി കൊണ്ടുവരുന്നത്.ഇതില്‍ 700 ജോലികള്‍ കെയര്‍  അസിസ്റ്റന്റ്  തസ്തികകളിലാണെന്ന് കമ്പനി പറയുന്നു. ബാക്കി 50 റോളുകള്‍ നഴ്‌സുമാര്‍, മാനേജര്‍മാര്‍, അഡ്മിനിസ്ട്രേറ്റീവ് തലത്തിലാണ്.

കമ്പനിയില്‍ ഇതിനകം 750 പേരെ നിയമിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിയമനം കൂടി പൂര്‍ത്തിയാകുന്നതോടെ കമ്പനിയുടെ ആള്‍ ബലം ഇരട്ടിയാകും.അടുത്ത 18 മാസത്തിനുള്ളില്‍ പുതിയനിയമനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ആളുകള്‍ക്ക് സ്വതന്ത്രമായും സുരക്ഷിതമായും കഴിയുന്നതിന് സഹായിക്കുന്ന നിരവധി ഹോംകെയര്‍ പരിചരണ, സേവനങ്ങളാണ് കമ്പനി (Irish Home care.ie) നല്‍കുന്നത്. പാര്‍ക്ക് വെസ്റ്റില്‍ ഐറിഷ് ഹോംകെയര്‍ പുതിയ ഡബ്ലിന്‍ ഓഫീസ് തുറക്കുകയാണ്. രാജ്യവ്യാപക നിയമനമാകും നടത്തുകയെന്നും കമ്പനി സിഇഒ ജോണ്‍ ഫ്ളോറന്‍സ് പറഞ്ഞു.

ചടങ്ങില്‍ പങ്കെടുത്ത ഉപപ്രധാനമന്ത്രി ലിയോ വരദ്കറും കമ്പനി പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.

ജാഗ്രത പുലര്‍ത്തുക ,തൊഴില്‍ തട്ടിപ്പുകാരും രംഗത്ത്
കഴിഞ്ഞ ദിവസം 16000 പുതിയ ജോലി അവസരങ്ങള്‍ അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായതിന് തൊട്ടുപിന്നാലെ നിരവധി പേര്‍ റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.

ഇവരില്‍ അധികവും  അയര്‍ലണ്ടില്‍ നിന്നുള്ള ചില വ്യക്തികളുടെ പങ്കാളിത്വത്തോടെ ഇന്ത്യയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യാനുള്ള നീക്കങ്ങളാണ് ഇവര്‍ നടത്തുന്നത്.ഇവരില്‍ അധികവും, ചാലക്കുടി, ആലുവാ,അങ്കമാലി,കാസര്‍ഗോഡ് ,കൊല്ലം നഗരങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളതാണ് .

നഴ്സിംഗ് റിക്രൂട്ട്‌മെന്റിന് പത്ത് ലക്ഷം രൂപാ വരെ ഉദ്യോഗാര്‍ഥികളില്‍ ഈടാക്കുന്ന ചില നഴ്സിംഗ് ഏജന്റുമാരും ,ഇപ്പോള്‍ ഹെല്‍ത്ത് കെയറര്‍ ജോലിയുടെ വാഗ്ദാനവുമായി രംഗത്തുണ്ട്.ഇവരില്‍ ചിലര്‍ തൊഴില്‍ ഉടമകളില്‍ നിന്നും ലഭിക്കുന്ന ഓഫര്‍ ലെറ്ററുകളുടെ വ്യാജപതിപ്പ് ഉണ്ടാക്കി കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നല്‍കി പണം തട്ടുന്നുണ്ട്.
ഉദ്യോഗാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് അയര്‍ലണ്ടിലെ ചില പൊതു പ്രവര്‍ത്തകര്‍ നഴ്സിംഗ് ഹോം ,ഹോസ്പിറ്റല്‍ മേഖലയിലെ തൊഴില്‍ ഉടമകളുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

ഹോട്ടല്‍,റസ്റ്റോറന്റ് ജോലികള്‍ അടക്കമുള്ള ഇതര തൊഴില്‍ മേഖലകളിലും വ്യാജ റിക്രൂട്ട്‌മെന്റ് അയര്‍ലണ്ടിലേക്ക് ഇപ്പോള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്.ചാലക്കുടി,ആലുവാ ,തൃശൂര്‍ എന്നി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെയും ഓഫീസുകള്‍.
അയര്‍ലണ്ടിലേക്ക് ഹോട്ടല്‍ ,റസ്റ്റോറന്റ്, ഷിപ്പിംഗ് കമ്പനി എന്നിങ്ങനെയുള്ള ജോലികള്‍ വാഗ്ദാനം ചെയ്ത് പതിനായിരക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ചു മാത്രം അഞ്ഞൂറോളം പേര്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്കിയിട്ടുള്ളതായാണ് കേരളാ പോലീസില്‍ നിന്നുള്ള വിവരം.യഥാര്‍ത്ഥത്തില്‍ തൊഴില്‍ തട്ടിപ്പില്‍ പെട്ടവരുടെ സംഖ്യ ആയിരക്കണക്കിന് വരുമത്രെ.

കേരളത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക് ജോലിയ്ക്ക് അപേക്ഷിക്കുന്നവര്‍ ജോലി വാഗ്ദാനം ചെയ്യുന്ന വ്യക്തികളുടെയും,കമ്പനി /സ്ഥാപനങ്ങളുടെയും അംഗീകാരവും ,പ്രവര്‍ത്തന ചരിത്രവും പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുന്നതായിരിയ്ക്കും ഉത്തമം.അയര്‍ലണ്ടില്‍ ഇപ്പോഴും വിദേശികള്‍ക്കായി അനുവദിച്ച് അംഗീകരിക്കപ്പെടാത്ത തൊഴില്‍ മേഖലകളിലേക്ക് ജോലി നേടാനായി ശ്രമിക്കുന്നവരാണ് മിക്കപ്പോഴും തൊഴില്‍ തട്ടിപ്പിന് ഇരയാവുന്നത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More