head3
head1

അയര്‍ലണ്ടില്‍ 44,000 യൂറോ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്‍ കുറവ് ലഭിക്കും

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ 44,000യൂറോ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്‍ കുറവ് ലഭിക്കും.ഇപ്പോഴിത് 42,000യൂറോയാണ്.ഇത്തരം വ്യക്തിഗത വരുമാനക്കാര്‍ക്ക് 20% നികുതി നല്‍കിയാല്‍ മതിയാകും.2025ലെ ബജറ്റില്‍ നികുതി ഈടാക്കാവുന്ന വരുമാനത്തിന്റെ പരിധിയില്‍ 2,000 യൂറോയുടെ വര്‍ദ്ധനവ് വരുത്തുന്നതോടെയാകും ഈ ഇളവ് ലഭിക്കുക.

നിലവിലുള്ള യൂണിവേഴ്സല്‍ സര്‍വ്വീസ് ചാര്‍ജ്ജ് നാല് ശതമാനത്തില്‍ നിന്നും മൂന്നായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.2025ലെ ബജറ്റില്‍ 25,760 യൂറോയ്ക്കും 70,044 യൂറോയ്ക്കും ഇടയില്‍ വരുമാനമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

താഴ്ന്ന, ഇടത്തരം വരുമാനമുള്ളവരെ സഹായിക്കുന്നതിന് യു എസ് സി കുറയ്ക്കുമെന്ന് ഫിന ഫാള്‍ ഓഫര്‍ ചെയ്തിരുന്നു.കഴിഞ്ഞ വര്‍ഷവും മുന്‍ ധനമന്ത്രി മീഹോള്‍ മഗ്രാത്ത് യു എസ് സിയില്‍ 0.5% കുറവുവരുത്തിയിരുന്നു.ഒരു ശതമാനം കുറവു വരുത്തുന്നതിലൂടെ വന്‍ തുകയുടെ ഇളവാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ക്രെഡിറ്റുകളിലും ബാന്റുകളിലും മാറ്റങ്ങള്‍ വരുത്തുന്ന ടാക്സ് പാക്കേജിന്റെ ഭാഗമാണ് ഈ നടപടി.പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ധനമന്ത്രി ജാക്ക് ചേമ്പേഴ്‌സ് കൊണ്ടുവന്ന ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു.

സര്‍ക്കാര്‍ കക്ഷി നേതാക്കളുമായും ഇക്കാര്യം ചര്‍ച്ച നടത്തിയിരുന്നു.ബജറ്റിന്റെ മൊത്തത്തിലുള്ള മറ്റു കാര്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ വാരാന്ത്യത്തില്‍ തുടരുമെന്നാണ് വിവരം.

അയര്‍ലണ്ട് സര്‍ക്കാര്‍ ‘അതിസമ്പന്നത’യുടെ ഗണത്തില്‍

ഖജനാവില്‍ 25 ബില്യണ്‍ യൂറോയെന്ന റെക്കോഡ് മിച്ചമെന്ന് റിപ്പോര്‍ട്ട്

അയര്‍ലണ്ട് സര്‍ക്കാര്‍ ‘അതിസമ്പന്നത’യുടെ ഗണത്തിലാണിപ്പോഴുള്ളത്.സര്‍ക്കാര്‍ ഖജനാവില്‍ 25 ബില്യണ്‍ യൂറോയെന്ന റെക്കോര്‍ഡ് മിച്ചമാണ് ഈ വര്‍ഷമുണ്ടാവുക. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലേറെയാണ് ഈ തുകയെന്നാണ് വിലയിരുത്തല്‍.ആപ്പിളിന്റെ അണ്‍പെയ്ഡ് ടാക്സില്‍ നിന്നുള്ള 14 ബില്യണ്‍ യൂറോയുടെ വിന്‍ഡ്‌ഫോള്‍ ഫണ്ടു കൂടി ഉള്‍പ്പെടുന്നതാണ് ഈ മിച്ചം.

ഈ സാമ്പത്തിക സുഭിക്ഷത ആനുകൂല്യങ്ങളും നികുതിയിളവുകളും പ്രഖ്യാപിക്കുന്നതിന് ധനമന്ത്രി ജാക്ക് ചേംബേഴ്സിനും പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി പാസ്‌കല്‍ ഡോണോയ്ക്കും അവസരം നല്‍കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ചൊവ്വാഴ്ചത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് കരുതുന്നത്.നവംബറില്‍ പൊതു തിരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ പതിവിലധികം ആനുകൂല്യങ്ങളാണ് ബജറ്റിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്.

ബജറ്റ് ചെലവ് 105 ബില്യണെന്ന് സൂചന

യു എസ് സിയിലും വരുമാനനികുതി ബാന്‍ഡുകളിലെയും കുറവുകളും മാറ്റങ്ങളും പെന്‍ഷന്‍ വര്‍ദ്ധനവ്, ചൈല്‍ഡ് കെയര്‍, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലെ നിക്ഷേപം, നിലവിലെ ഭവന പദ്ധതികളുടെ വിപുലീകരണം തുടങ്ങിയവയടക്കം മൊത്തം 105.4 ബില്യണ്‍ യൂറോയുടെ ചെലവാണ് 2025ലെ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.

വിലക്കയറ്റമുണ്ടെങ്കിലും പണപ്പെരുപ്പത്തിന്റെ തോത് കുറഞ്ഞതിനാല്‍ കോസ്റ്റ് ഓഫ് ലിവിംഗ് പായ്ക്കേജ് കഴിഞ്ഞ തവണത്തേതുപോലെയായിരിക്കില്ലെന്ന സൂചന ധനമന്ത്രി നല്‍കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ സാമ്പത്തിക കരുത്ത് ആപ്പിളും കോര്‍പ്പറേറ്റ് നികുതിയും

ആപ്പിളിന്റെ നികുതിയാണ് സര്‍ക്കാരിന്റെ സാമ്പത്തിക മെച്ചത്തിന്റെ അടിസ്ഥാന കാരണമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. രാജ്യത്തിന് ലഭിക്കാന്‍ പോകുന്ന കോര്‍പ്പറേഷന്‍ നികുതിയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

30 ബില്യണ്‍ യൂറോയാണ് ഈയിനത്തില്‍ വരവ് പ്രതീക്ഷിക്കുന്നത്. 5.5 ബില്യണ്‍ യൂറോയുടെ വര്‍ദ്ധനവാണ് ഈയിനത്തില്‍ ലഭിച്ചത്. ബജറ്റ് ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ മന്ത്രിമാര്‍ പ്രധാനമായും ആശ്രയിക്കുന്നതും ഈ തുകയെ തന്നെയാണ്.

ആപ്പിളിന്റെ എസ്‌ക്രോ ഫണ്ടിന്റെ 8 ബില്യണ്‍ യൂറോ മാത്രമേ ഈ വര്‍ഷം ഖജനാവിലേക്ക് എത്തുകയുള്ളു.നിക്ഷേപിക്കുകയുള്ളൂ, ബാക്കി 6 ബില്യണ്‍ യൂറോ അടുത്ത വര്‍ഷമേ സമാഹരിക്കൂവെന്ന് ധനമന്ത്രി പറഞ്ഞു.

എന്നിരുന്നാലും അക്കൗണ്ടിംഗ് ആവശ്യങ്ങള്‍ക്കായി അതിന്റെ 14 ബില്യണ്‍ യൂറോയും കണക്കില്‍പ്പെടുത്തുമെന്നും ധനമന്ത്രി ചേംബേഴ്സ് വിശദീകരിച്ചു.ആപ്പിളില്‍ നിന്നും ലഭിക്കുന്ന പണത്തിന്റെ ഉപയോഗം സംബന്ധിച്ച പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക     https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Leave A Reply

Your email address will not be published.

error: Content is protected !!