head3
head1

‘യുവ താരമായിരിക്കെ ബലാത്സംഗം ചെയ്തു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അയര്‍ലണ്ട് വനിതാ ഫുട്‌ബോള്‍ പരിശീലക

ഡബ്ലിന്‍ : ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിപ്പബ്ലിക് ഓഫ് അയര്‍ലണ്ട് വനിതാ ദേശീയ ഫുട്‌ബോള്‍ ടീം മാനേജര്‍ വെറ പാവ്. ഫുട്‌ബോള്‍ താരമായിരിക്കെ, താന്‍ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയായിട്ടുണ്ടെന്നാണ് ട്വിറ്റര്‍ കുറിപ്പിലൂടെ വെറ വെളിപ്പെടുത്തിയത്.

ജീവിതത്തിലെ ”ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം” വെളിപ്പെടുത്തുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ഈ 59കാരി സോഷ്യല്‍ മീഡിയയില്‍ പ്രസ്താവന പുറത്തിറക്കിയത്. തൊട്ടുപിന്നാലെ പിന്തുണയുമായി ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷനും ഒട്ടേറെ ആരാധകരും രംഗത്തെത്തി.

യുവതാരമായിരുന്നപ്പോള്‍ ഒരു പ്രമുഖ ഫുട്‌ബോള്‍ ഉദ്യോഗസ്ഥന്‍ തന്നെ ബലാത്സംഗം ചെയ്തതായി വെറ വെളിപ്പെടുത്തി. പിന്നീട് ഡച്ച് ഫുട്‌ബോളിലെ തന്നെ ജീവനക്കാരായിരുന്ന മറ്റു 2 പേരില്‍ നിന്നുകൂടി ഞാന്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും അവര്‍ തുറന്നുപറഞ്ഞു. കഴിഞ്ഞ 35 വര്‍ഷമായി ഞാന്‍ ഈ രഹസ്യം ലോകത്തില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും സഹതാരങ്ങളില്‍ നിന്നും അങ്ങനെ എല്ലാവരിലും നിന്നും മറച്ചുവച്ചിരിക്കുകയായിരുന്നെന്നും വെറ പറഞ്ഞു.

വെറ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിന്റെ പ്രസക്ത ഭാഗം : “യുവ താരമായിരിക്കെ, ഫുട്‌ബോളിലെ സുപ്രധാന സ്ഥാനത്തുണ്ടായിരുന്ന വ്യക്തിയില്‍നിന്നു ബലാത്സംഗത്തിനു വിധേയയായ കാര്യം ഞാനുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ആളുകള്‍ക്കു പോലും അറിവുണ്ടാകില്ല. പിന്നീട് മറ്റു 2 പേരില്‍നിന്നുകൂടി ഞാന്‍ ലൈംഗികാതിക്രമത്തിന് ഇരയായി. ഈ സംഭവങ്ങള്‍ നടക്കുന്ന സമയത്ത് ഇവര്‍ 3 പേരും ഡച്ച് ഫുട്‌ബോളിലെ ജീവനക്കാരായിരുന്നു.”

വെറയുടെ വെളിപ്പെടുത്തലിന്റെ വ്യാപ്തി പൂര്‍ണമായും മനസ്സിലാക്കുന്നെന്നും മുഖ്യ പരിശീലകയ്ക്കു പരിപൂര്‍ണ പിന്തുണ നല്‍കുന്നതായും അയര്‍ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ പറഞ്ഞു. സംഭവത്തില്‍ കൃത്യമായ പ്രതികരണം നടത്താന്‍ വൈകിയതായി അംഗീകരിച്ച ഡച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍, വിഷയത്തില്‍ അന്വേഷണം നടത്താന്‍ സംയുക്തമായി തീരുമാനമെടുത്തിരിക്കുകയാണെന്നും അറിയിച്ചു.

വെറ പാവ് ഒരു ഡച്ച് ഫുട്‌ബോള്‍ പരിശീലകയും മുന്‍ കളിക്കാരിയുമാണ്. 1984-1998 കാലഘട്ടത്തില്‍ ഹോളണ്ടിനായി 89 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നിലവില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് വനിതാ ദേശീയ ഫുട്‌ബോള്‍ ടീമിനെ നിയന്ത്രിക്കുന്നു. സ്‌കോട്ട്‌ലന്‍ഡ്, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ നിരവധി ദേശീയ വനിതാ ഫുട്‌ബോള്‍ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.