head1
head3

രോഗികള്‍ നിറയുന്ന ആശുപത്രികള്‍… ചികില്‍സ കാത്ത് ആയിരങ്ങള്‍ ട്രോളിയില്‍

ഡബ്ലിന്‍ : ശൈത്യമെത്തുന്നതിന് മുമ്പ് തന്നെ അയര്‍ലണ്ടിലെ ആശുപത്രികളിലെ തിരക്ക് ‘കണ്‍ട്രോള്‍ ‘വിടുന്നു.അമ്പരപ്പിക്കുന്ന തിരക്കാണ് എല്ലാ ആശുപത്രികളില്‍. ഇപ്പോഴിങ്ങനെയാണെങ്കില്‍ വിന്റര്‍ എങ്ങനെയാകുമെന്നത് ആരോഗ്യരംഗത്തുള്ളവരെയാകെ ആശങ്കപ്പെടുത്തുന്നതാണ്. ഈ മാസം 9,635 രോഗികള്‍ കിടക്കകളില്ലാതെ കഷ്ടപ്പെട്ടുവെന്നാണ് ഐ എന്‍ എം ഒ ട്രോളി വാച്ച് കാമ്പെയ്ന്‍ കണക്കുകള്‍ പറയുന്നത്.

ഏറ്റവും കൂടുതല്‍ തിരക്കുള്ള മൂന്ന് ആശുപത്രികളില്‍ മാത്രം 3,000 രോഗികള്‍ക്കെങ്കിലും ട്രോളികളില്‍ ചികില്‍സ കാത്തുകഴിയേണ്ടി വന്നുവെന്ന് യൂണിയന്‍ പറഞ്ഞു.ട്രോളികളിൽ കഴിയുന്ന കുട്ടികളുടെ എണ്ണവും അഞ്ചിരട്ടിയിലധികമായെന്നാണ് കണക്കുകൾ.

റിപ്പബ്ലിക്കില്‍ ഏറ്റവും തിരക്കുണ്ടായത് ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലായിരുന്നു.ഇവിടെ പോയ മാസം 1,735 രോഗികളാണ് ചികില്‍സ കാത്തുകിടന്നത്.രോഗികളുടെ തിരക്കില്‍ രണ്ടാം സ്ഥാനം (1,263) കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിനും മൂന്നാം സ്ഥാനം (959 ) ഗോള്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിനുമാണ്.

ആവശ്യത്തിന് സ്റ്റാഫുകളില്ലാതെ രോഗികളെ സുരക്ഷിതമായി പരിചരിക്കാന്‍ കഴിയാതെകഷ്ടപ്പെടുകയാണ് ആശുപത്രികളെന്ന് ഐ എന്‍ എം ഒ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഡോ.എഡ്വേര്‍ഡ് മാത്യൂസ് പറഞ്ഞു.ട്രോളികളില്‍ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം വരും മാസങ്ങളില്‍ വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സുരക്ഷിത സ്റ്റാഫിംഗ് ലെവലുകളില്ലാതെ മറ്റൊരു ശൈത്യകാലത്തേക്ക് നീങ്ങുന്നത് വലിയ വെല്ലുവിളിയാണ്. എന്നിട്ടും നിയമന നിരോധനം നീക്കാന്‍ എച്ച് എസ് ഇ തയ്യാറാകുന്നില്ല .ഇത് തികച്ചും നിരുത്തരവാദപരമായ സമീപനമാണ്’.

കൂടുതല്‍ കിടക്കകള്‍ ലഭ്യമാക്കി നഴ്സുമാരുടെയും മിഡൈ്വഫുകളുടെയും റിക്രൂട്ട്മെന്റ് തടസ്സങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെട്ടു. ജീവനക്കാരുടെ കുറവു മൂലം ശൈത്യകാലത്ത് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് കഷ്ടപ്പാടുകള്‍ നേരിടേണ്ടി വരുമെന്ന് സംഘടന ചൂണ്ടിക്കാട്ടി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക     https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Leave A Reply

Your email address will not be published.

error: Content is protected !!