head3
head1

കോര്‍പ്പറേറ്റ് നികുതി പരിഷ്‌കരണം: ക്രിയാത്മക ചര്‍ച്ചകളുമായി പ്രധാനമന്ത്രി

ഡബ്ലിന്‍ : കോര്‍പ്പറേറ്റ് നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒഇസിഡിയുമായി ക്രിയാത്മക ചര്‍ച്ചകള്‍ തുടരാന്‍ അയര്‍ലണ്ട്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ കാതി ഹോചുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോര്‍പ്പറേറ്റുകള്‍ക്ക് ആഗോളവ്യാപകമായി ഏകീകരിച്ച നികുതി നടപ്പാക്കുന്നതിന് ഒ.ഇ.സി.ഡി കരാര്‍ രൂപീകരിക്കുകയാണ്. ആഗോള നികുതി 15% ആയി നിജപ്പെടുത്താനാണ് കരാര്‍ ലക്ഷ്യമിടുന്നത്.

ലോകമെമ്പാടുമുള്ള 130-ലധികം രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഈ കരാറിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ അയര്‍ലണ്ട് ഉള്‍പ്പടെ 9 രാജ്യങ്ങള്‍ ഈ കരാറിനോട് യോജിക്കുന്നില്ല. നികുതി തുടങ്ങിയ കാര്യങ്ങളൊക്കെ രാജ്യങ്ങളുടെ സ്വാതന്ത്യമാണെന്ന നിലപാടാണ് അയര്‍ലണ്ട് സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാടിലൂടെ മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനവും. എന്നിരുന്നാലും ഇക്കാര്യത്തില്‍ കടുംപിടുത്തം സ്വീകരിക്കുന്നതിന് അയര്‍ലണ്ടിന് ചില തടസ്സങ്ങളുണ്ട്.

ഒന്ന്, യൂറോപ്യന്‍ യൂണിയനില്‍ നിന്നും വേറിട്ട നിലപാടെടുക്കുന്നതിന്റെ പ്രശ്നമാണ്. കൂടാതെ യൂറോ ഗ്രൂപ്പിന്റെ നിലവിലെ ധന മന്ത്രിമാരുടെ അധ്യക്ഷനെന്ന നിലയില്‍ അംഗരാജ്യങ്ങളുടെ നിലപാടിന് വിരുദ്ധമായി നിലകൊള്ളുന്നതിന്റെ ബുദ്ധിമുട്ട്. അതിനാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അനിവാര്യമാണെന്നാണ് അയര്‍ലണ്ട് കരുതുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനോദ്ദേശ്യവും ഇതുതന്നെയാണ്. ഒക്ടോബര്‍ പകുതിയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകേണ്ടതുണ്ട്.

അയര്‍ലണ്ടും കോര്‍പ്പറേറ്റുകളും

അയര്‍ലണ്ടിലെ കോര്‍പ്പറേറ്റ് നികുതി 12.5 ശതമാനമാണ്. ഈ നികുതി വിടവ് അയര്‍ലണ്ടിന് വലിയ വികസന സാധ്യതകളാണ് നല്‍കിയിരുന്നത്. ഫേയ്സ്ബുക്ക് ഉള്‍പ്പടെയുള്ള ഭീമന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ അവരുടെ യൂറോപ്യന്‍ ആസ്ഥാനമായി അയര്‍ലണ്ടിനെ തിരഞ്ഞെടുക്കുന്ന നില വന്നു.

ആയിരക്കണക്കിന് തൊഴിലുകളടക്കമുള്ള ഡവലപ്മെന്റുകള്‍ വന്നു. ഇതൊന്നും കൈവിടാന്‍ അത്രയെളുപ്പത്തില്‍ അയര്‍ലണ്ടിന് ആവില്ല. ഇക്കാര്യം ഒഇസിഡിയെ ബോധ്യപ്പെടുത്തി സഹകരിച്ച്, എന്നാല്‍ സ്വന്തം നിലപാടുയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എന്നിരുന്നാലും അയര്‍ലണ്ടിന്റെ കോര്‍പ്പറേറ്റ് നികുതി നിരക്ക് 12.5 ശതമാനമായി തുടരുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല.

യുഎന്‍ ജനറല്‍ അസംബ്ലിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. ഒരാഴ്ച അദ്ദേഹം ഇവിടെയുണ്ടാകും. വരും ദിവസങ്ങളിലെ ചര്‍ച്ചകള്‍ നിര്‍ണ്ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ധനമന്ത്രിയും കര്‍ക്കശ നിലപാടില്‍

ധനമന്ത്രി പാസ്‌കല്‍ ഡോണോയും ഇക്കാര്യത്തില്‍ കടുംപിടുത്തത്തിലാണ്. യൂറോപ്യന്‍ കമ്മീഷണര്‍ പോളോ ജെന്റിലോണിയുമായി തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിലും ധനമന്ത്രി ഈ നിലപാട് വ്യക്തമാക്കിയിരുന്നു. ഒഇസിഡി കരാറില്‍ അയര്‍ലണ്ട് ഒപ്പിടുന്നത് നിലവിലെ സാഹചര്യത്തില്‍ ഉചിതമല്ലെന്ന് മന്ത്രി ഡോണോ പറഞ്ഞു. അതിനാല്‍ കരാറിന്റെ ഭാവിയും ഉറപ്പും സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളാണ് അയര്‍ലണ്ട് ആഗ്രഹിക്കുന്നത്.

കുറഞ്ഞ കോര്‍പ്പറേറ്റ് നികുതിയെന്നത് അയര്‍ലണ്ട് സമ്പദ്വ്യവസ്ഥയുടെ മികച്ച താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തിയതാണെന്ന് ധനമന്ത്രി പറഞ്ഞു. അതിനാല്‍ ഇക്കാര്യത്തില്‍ ബാഹ്യ സമ്മര്‍ദ്ദത്തിന് അനുസൃതമായി തീരുമാനമെടുക്കാനാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ കരാറില്‍ ഒപ്പിടുന്നത് അയര്‍ലണ്ടിന് തീരെ ഗുണകരമാകില്ല. ഇക്കാര്യം ബോധ്യപ്പെടുത്താനാകും അയര്‍ലണ്ടിന്റെ ശ്രമം.

കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറഞ്ഞത് 15 ശതമാനമായി നിശ്ചയിക്കണമെന്നതാണ് ഒഇസിഡി നിര്‍ദ്ദേശം. ഇത് അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം വളരെ പ്രശ്നമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കരാറില്‍ ചേര്‍ന്നാലും പുറത്ത് നിന്നാലും അയര്‍ലണ്ടിന് അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തുതന്നെയായാലും രാജ്യത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ അനുസരിച്ച് മാത്രമേ മുന്നോട്ടു പോകാനാകൂവെന്ന നിലപാടിലാണ് ധനമന്ത്രി.

സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ജോലി നിലനിര്‍ത്താനും പുതിയ തൊഴിലവസരങ്ങള്‍ നേടാനും മത്സരാധിഷ്ഠിതമായി തുടരാനുമുള്ള കഴിവാണ് അയര്‍ലണ്ടിന്റെ ലക്ഷ്യം. ഈ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ ഒഇസിഡിയുമായി ധാരണയിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ധനമന്ത്രി.

ബാഹ്യ സമ്മര്‍ദ്ദങ്ങള്‍

ഐറിഷ് ജനതുടെ താല്‍പ്പര്യാര്‍ത്ഥം ശരിയായ തീരുമാനം എടുക്കാനുള്ള അവകാശം അയര്‍ലണ്ടിനുണ്ടെന്നാണ് കരുതുന്നതെന്നും യൂറോപ്യന്‍ കമ്മീഷന്‍ പറഞ്ഞു. ഈ ഉടമ്പടി ഉണ്ടാകുന്നത് ആഗോള നികുതി സംവിധാനങ്ങളുടെ സ്ഥിരതയെയും പ്രവചനക്ഷമതയെയും സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി ഇദ്ദേഹം പറഞ്ഞു. ഒഇസിഡി ചട്ടക്കൂടിന് പുറത്ത് നില്‍ക്കുന്നത് അയര്‍ലണ്ടിന്റെ അന്തര്‍ദേശീയ പ്രശസ്തിക്ക് കോട്ടമുണ്ടാക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ പിന്തുണയ്ക്കുന്ന ഒരു വിഷയത്തില്‍ യൂണിയന്റെ കീഴിലുള്ള ധനമന്ത്രിമാരുടെ യൂറോഗ്രൂപ്പിന്റെ പ്രസിഡന്റെന്ന നിലയില്‍ അയര്‍ലണ്ട് മാറി നില്‍ക്കുന്നതും മറ്റൊരു പ്രശ്നമാണ്. ഇതും അയര്‍ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More