head3
head1

പെയ്തൊഴിയാത്ത സ്നോയ്ക്കൊപ്പം ഓറഞ്ച് അലേര്‍ട്ടും ജീവിത പ്രതിസന്ധിയും തുടരുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പെയ്തൊഴിയാത്ത സ്നോയ്ക്കൊപ്പം ഓറഞ്ച് അലേര്‍ട്ടും ജീവിത പ്രതിസന്ധിയും തുടരുന്നു. പലയിടത്തും റോഡ് ഗതാഗതം സാധ്യമാകാത്തതിനാല്‍ ഡിഫന്‍സ് ഹെലികോപ്ടറുകളിലും മറ്റുമാണ് രോഗികളെയും ആശുപത്രി സ്റ്റാഫിനെയും എത്തിക്കുന്നത്.അതിനിടെ ക്രിസ്മസ് അവധിക്ക് ശേഷവും മിക്ക സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്.അതിനിടെ കെറിയിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ മേല്‍ക്കൂര കനത്ത മഞ്ഞുവീഴ്ചയില്‍ തകര്‍ന്നുവീണു.കെട്ടിടത്തില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.നോര്‍ത്തേണ്‍ അയര്‍ലണ്ടും ഇന്ന് രാവിലെ 11 വരെ യെല്ലോ അലേര്‍ട്ടിലാണ്.

കാലാവസ്ഥാ പ്രശ്നങ്ങളില്‍ കുടുങ്ങി ആശുപത്രികള്‍

രാജ്യത്തെ ആശുപത്രികളും കാലാവസ്ഥാ പ്രശ്നങ്ങളില്‍ കുടുങ്ങി.കോര്‍ക്ക്, കെറി, സൗത്ത് ടിപ്പററി,പോര്‍ട്ട് ലീഷ് , മിഡ് വെസ്റ്റിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളും ഡേ സര്‍വീസുകളും ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യുട്ടീവ് റദ്ദാക്കി.

കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, സൗത്ത് ഇന്‍ഫര്‍മറി വിക്ടോറിയ ഹോസ്പിറ്റല്‍, മേഴ്സി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, ബാന്‍ട്രി ഹോസ്പിറ്റല്‍, മാലോ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നോണ്‍ അര്‍ജന്റ് ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളും റദ്ദാക്കി.സി യു എച്ചില്‍ ഗര്‍ഭകാല അപ്പോയിന്റ്മെന്റുകള്‍ നല്‍കുന്നുണ്ട്.ചില ആശുപത്രികളില്‍ റോഡ് ഗതാഗതം സാധ്യമാകാത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ഡിഫന്‍സ് ഫോഴ്സ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തി. സ്ഥിതി കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.ഡബ്ലിൻ ,മയോ,ലെറ്റർകെന്നി മേഖലകളിൽ കാര്യമായ തോതിൽ സ്നോ ഉണ്ടായില്ലെങ്കിലും ,കനത്ത തണുപ്പ് ജനജീവിതത്തെ മരവിപ്പിച്ചിരിക്കുകയാണ്.

അതിശൈത്യം കൂടുതല്‍ കടുക്കുമെന്ന് മുന്നറിയിപ്പ്

ശൈത്യം കൂടുതല്‍ കടുക്കുമെന്നാണ് മെറ്റ് ഏറാന്‍ നല്‍കുന്ന മുന്നറിയിപ്പ്.ഈയാഴ്ചയില്‍ ചില സ്ഥലങ്ങളില്‍ താപനില-8ലേയ്ക്ക് താഴുമെന്നും നിരീക്ഷകര്‍ പറഞ്ഞു.ബുധനാഴ്ചയും വ്യാഴാഴ്ചയുമെല്ലാം രാജ്യം അതിശൈത്യത്തിന്റെ പിടിയിലായിരിക്കുമെന്നും ഓറഞ്ച് അലേര്‍ട്ടില്‍ പറയുന്നു. നിലവില്‍ യെല്ലോ അലേര്‍ട്ടുള്ള ഇടങ്ങള്‍ പോലും ഓറഞ്ചിലേയ്ക്ക് മാറാനുള്ള സാധ്യതയും മെറ്റ് ഏറാന്‍ തള്ളിക്കളയുന്നില്ല.

ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപൂര്‍വവും അപകടകരവുമായ കാലാവസ്ഥയാണ് നേരിടുന്നതെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കി.വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ രാജ്യമെമ്പാടും യെല്ലോ സ്നോ മുന്നറിയിപ്പ് നിലവിലുണ്ട്.കനത്ത സ്നോയെ തുടര്‍ന്ന് വാഹനയാത്രികര്‍ക്കുള്ള മുന്നറിയിപ്പുകളും തുടരുകയാണ്. യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും നിതാന്ത ജാഗ്രത പാലിക്കണമെന്നുമാണ് നിരീക്ഷകര്‍ ഉപദേശിക്കുന്നത്.

ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതിയില്ല

അതിനിടെ ശീതക്കാറ്റിലും മഴയിലും മുടങ്ങിയ വൈദ്യുതി വിതരണം ഇനിയും പൂര്‍ണ്ണമായും പുനസ്ഥാപിക്കാനായില്ല.കെറി, ലിമെറിക്, ടിപ്പററി കൗണ്ടികളില്‍ 17,000ത്തോളം വീടുകളും ഫാമുകളും ബിസിനസ്സുകളും ഇരുട്ടിലാണെന്ന് ഇ എസ് ബി നെറ്റ്വര്‍ക്സ് പറഞ്ഞു.വൈദ്യുതി വിതരണം സാധാരണ നിലയിലാക്കുന്നതിന് ഇ എസ് ബിയെ സഹായിക്കാന്‍ ഡിഫന്‍സ് ഫോഴ്സും രംഗത്തുണ്ട്. സേനാഹെലികോപ്ടറുകള്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതിനായി പായുകയാണ്.

കുടിവെള്ളമില്ലാതെ 30,000ത്തോളം കുടുംബങ്ങള്‍

ലിമെറിക്, കെറി, ടിപ്പററി, നോര്‍ത്ത് കോര്‍ക്ക് എന്നിവിടങ്ങളില്‍ 30,000ത്തോളം ഉപഭോക്താക്കള്‍ക്ക് കുടിവെള്ളം മുടങ്ങിയെന്ന് യുട്ടിലിറ്റി സര്‍വ്വീസ് പറഞ്ഞു.റിസര്‍വോയറുകളില്‍ വെള്ളം കുറയുമോയെന്ന ആശങ്കയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ 27,000ലേറെ പേരെ ബാധിക്കുമെന്ന് വാട്ടര്‍ ഓപ്പറേഷന്‍സ് മേധാവി പറഞ്ഞു.

പൈപ്പുകളില്‍ ചോര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കണമെന്നും ആളൊഴിഞ്ഞ ഇടങ്ങളില്‍ വെള്ളം ഓഫ് ചെയ്യണമെന്നും ഏജന്‍സി അഭ്യര്‍ത്ഥിച്ചു.പൈപ്പുകളില്‍ വെള്ളം മരവിക്കാതെയിരിക്കാന്‍ നേരിയ തോതില്‍ ഹീറ്റിംഗ് നടത്തണമെന്നും ഏജന്‍സി ഓര്‍മ്മിപ്പിച്ചു.

തപാല്‍, ബസ് സര്‍വ്വീസുകള്‍ മുടങ്ങി

അതിനിടെ റോഡിലെ പ്രതികൂല സാഹചര്യങ്ങളും വൈദ്യുതി മുടക്കവും രാജ്യത്തെ തപാല്‍ സര്‍വ്വീസിനെയും പ്രതികൂലമായി ബാധിച്ചു. പലയിടത്തും പാഴ്സല്‍,തപാല്‍ വിതരണം പ്രതിസന്ധിയിലാണെന്ന് അന്‍ പോസ്റ്റ് പറഞ്ഞു.വിവിധ ബസ് സൗത്ത് ഡബ്ലിനില്‍ നിന്നുള്ള 44ബി ഗ്ലെന്‍കല്ലെന്‍ അടക്കം പല സര്‍വീസുകളും റദ്ദാക്കിയെന്ന് ബസ് ഏറാന്‍ പറഞ്ഞു.

ട്രലി റീജിയണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ കോംപ്ലക്‌സിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര കനത്ത സ്നോയില്‍ തകര്‍ന്നു.മോശം കാലാവസ്ഥ തുടരുന്നതിനാല്‍ സാള്‍ട്ടിംഗടക്കം സ്നോ നീക്കം ചെയ്യുന്ന ജോലികളും മുടങ്ങുന്ന സ്ഥിതിയാണെന്ന് ആര്‍ എസ് എ കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ അയോബിന്‍ ടുമി പറഞ്ഞു.കാല്‍നടക്കാരും സൈക്കിള്‍ യാത്രികരും ഏറെ ശ്രദ്ധിക്കണമെന്ന് അയോബിന്‍ ടുമി പറഞ്ഞു.

പ്രതികൂല കാലാവസ്ഥ മൂലം സ്‌കൂളുകളും തുറക്കാനാകുന്നില്ല

കോര്‍ക്ക് : പ്രതികൂല കാലാവസ്ഥ മൂലം സ്‌കൂളുകളും തുറക്കാനാകുന്നില്ല.സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി മാനേജ്മെന്റിന് തീരുമാനമെടുക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി നോമ ഫോളി നിര്‍ദ്ദേശിച്ചിരുന്നു.ലോക്കല്‍ സ്‌കൂളുകള്‍ തീരുമാനമെടുത്ത ശേഷം അവധിവിവരം രക്ഷിതാക്കളെയും മറ്റും അറിയിക്കുകയാണ് ചെയ്യുന്നത്.

രാജ്യത്താകെ 4,000 സ്‌കൂളുകളാണുള്ളത്. ഇവയില്‍ നല്ലൊരു ശതമാനം സ്‌കൂളുകളും അടച്ചിരിക്കുകയാണ്.കാര്‍ലോ, കില്‍കെന്നി, ലിമെറിക്, കെറി, ടിപ്പററി, കോര്‍ക്ക് എന്നീ കൗണ്ടികളിലെ സ്‌കൂളുകളാണ് അടച്ചവയിലേറെയും.കാര്‍ലോ, കില്‍കെന്നി കൗണ്ടികളിലെ എല്ലാ സ്‌കൂളുകളും അടച്ചു.ചില പ്രദേശങ്ങളില്‍ സാധാരണയിലും വൈകിയാണ് സ്‌കൂളുകള്‍ തുറക്കുന്നത്.

ജീവനക്കാരും കുട്ടികളും എങ്ങനെയാണ് വരുന്നതെന്ന് സ്‌കൂളധികൃതര്‍ക്ക് വ്യക്തമായും അറിയാം.90% പേരും വാഹനത്തിലാണെത്തുന്നത്. സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സാധ്യതയും സ്‌കൂളുകള്‍ തേടുന്നുണ്ട്.എന്നാല്‍ പല പ്രദേശങ്ങളിലും വൈദ്യുതിയില്ലാത്തത് പ്രശ്നമാണ്.അതേസമയം ഇക്കാര്യത്തില്‍ വ്യക്തമായ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ടാകണമെന്നാണ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ വ്യക്തമാക്കുന്നത്.

കാര്‍ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫദര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് കാമ്പസ് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.കോര്‍ക്കിലെ മിച്ചല്‍സ്ടൗണ്‍, ഡൊനെറൈല്‍, ഗ്ലന്‍വര്‍ത്ത് എന്നിവിടങ്ങളിലെ പ്രൈമറി, സെക്കന്ററി സ്‌കൂളുകള്‍ തുറക്കില്ല.കെറിയിലും സമീപ കൗണ്ടികളിലും അഭൂതപൂര്‍വമായ സ്നോ വീഴ്ചയുണ്ടെന്ന് മന്ത്രി പറഞ്ഞു.സ്‌കൂള്‍ മാനേജ്മെന്റുകള്‍ ശരിയായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും പ്രിന്‍സിപ്പല്‍മാര്‍ക്കെല്ലാം പ്രദേശങ്ങളെക്കുറിച്ച് അറിയാമെന്നതിനാല്‍ ഇക്കാര്യത്തില്‍ വീഴ്ചയൊന്നുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.

error: Content is protected !!