head3
head1

അയര്‍ലണ്ടില്‍ 2300 പേര്‍ക്ക് ഈ വര്‍ഷം തന്നെ ജോലി നല്‍കും , എച്ച് എസ് ഇ നിയമന നിരോധനം പിന്‍വലിച്ചു

ഡബ്ലിന്‍ : ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ട് എച്ച് എസ് ഇ നിയമന നിരോധനം പിന്‍വലിക്കുന്നു. അയര്‍ലണ്ടിലെ ആരോഗ്യവകുപ്പിന്റെ സി ഇ ഒ ബെര്‍ണാഡ് ഗ്ലോസ്റ്ററാണ് അയര്‍ലണ്ടിന്റെ ആരോഗ്യ രംഗത്തിനാകെ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനം നടത്തിയത്.

ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവിലെ റിക്രൂട്ട്‌മെന്റ് നിരോധനം ഇന്നു മുതല്‍ ഇല്ലാതാകുമെന്ന് സിഇഒ പറഞ്ഞു.കഴിഞ്ഞ ഒക്ടോബറില്‍ നടപ്പാക്കിയ നിയമന നിരോധനം നവംബറില്‍ വിപുലീകരിച്ചു.

കണ്‍സള്‍ട്ടന്റുമാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മിഡൈ്വഫുമാര്‍ എന്നിവരൊഴികെ മറ്റ് ജീവനക്കാരെയൊന്നും നിയമിച്ചിരുന്നില്ല. ഇത് ആരോഗ്യ മേഖലയെ താളം തെറ്റിക്കുന്ന നിലയിലെത്തിയിരുന്നു.

ഐ എന്‍ എം ഒ അടക്കമുള്ള വിവിധ സംഘടനകള്‍ റിക്രൂട്ടമെന്റ് പുനരാരംഭിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടങ്കിലും എച്ച് എസ് ഇ വഴങ്ങിയില്ല. സര്‍ക്കാരും ഈ പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറായില്ല.

അതിനിടെയാണ് എച്ച് .എസ്.ഇക്ക് 1.5 ബില്യണ്‍ യൂറോ അധികമായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി അടുത്ത വര്‍ഷം 1.2 ബില്യണ്‍ യൂറോ അധികമായി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഇതോടെയാണ് പ്രശ്ന പരിഹാരത്തിന് വഴി തുറന്നത്.

സര്‍ക്കാര്‍ കൂടുതലായി നല്‍കുന്ന 1.5 ബില്യണ്‍ യൂറോ ആരോഗ്യ സേവനത്തിന്റെ അടിസ്ഥാനമേഖലയ്ക്കുള്ള പണമാണെന്ന് സി ഇ ഒ വിശദീകരിച്ചു.

ഈ വര്‍ഷം 900 ഇക്വലന്റ് ഏജന്‍സി ഫുള്‍ ടൈം തസ്തികകള്‍ എച്ച്എസ്ഇ തസ്തികകളാക്കി മാറ്റുമെന്ന് ഗ്ലോസ്റ്റര്‍ പറഞ്ഞു. ആകെ 2,300 പുതിയ ഡവലപ്മെന്റ് പോസ്റ്റുകളില്‍ കൂടി നടപ്പ് വര്‍ഷം തന്നെ നിയമനം നടത്തും. 2024-ല്‍ ഓരോ മേഖലയിലും റിക്രൂട്ട്മെന്റ് ലക്ഷ്യങ്ങള്‍ നിശ്ചയിക്കാന്‍ ഇത് എച്ച്എസ്ഇയെ പ്രാപ്തമാക്കും.

”പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യല്‍, ആരോഗ്യ സേവനത്തിനുള്ളിലെ ജീവനക്കാരുടെ സ്ഥലംമാറ്റം, കരിയര്‍ ബ്രേക്കുകള്‍ക്ക് ശേഷം ജോലിയിലേക്ക് മടങ്ങുന്നവരുടെ നിയമനം എന്നിവ ഉള്‍പ്പെടെ ലഭ്യമായ തസ്തികകളുടെ നികത്തല്‍ സംബന്ധിച്ച പ്രാദേശിക തലത്തിലുള്ള തീരുമാനങ്ങള്‍ ഇത് അറിയിക്കും.

കോവിഡ് കാലത്തിന് ശേഷം നിയമിച്ച നാലായിരത്തോളം തസ്തതികള്‍ സാമ്പത്തിക പ്രതിസന്ധി മൂലം പ്രശ്നത്തിലായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പണം അനുവദിച്ചതോടെ അതിന് പരിഹാരമായെന്നും സി ഇ ഒ വ്യക്തമാക്കി.അത്തരക്കാരുടെ ജോലി പുതിയ നീക്കത്തോടെ സുസ്ഥിരമാകും.

1.5 ബില്യണ്‍ യൂറോയ്ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നതിന് എച്ച് എസ് ഇ ആരോഗ്യമന്ത്രിയുമായി കരാറിലെത്തിയിട്ടുണ്ടെന്നും ഗ്ലോസ്റ്റര്‍ പറഞ്ഞു.ഇത് ചില വെല്ലുവിളികളൊക്കെയുണ്ടാക്കുമെങ്കിലും നിയന്ത്രണങ്ങള്‍ പാലിച്ചു മുന്നോട്ടുപോകാനാണ് തീരുമാനം.

കുറഞ്ഞ ചെലവില്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുകയെന്ന തന്ത്രമാണ് എച്ച് എസ് ഇ സ്വീകരിക്കുക.ഇതിന്റെ ഭാഗമായി ഏജന്‍സിക്കുള്ള വിഹിതം 80 മില്യണ്‍ യൂറോയായി കുറയ്ക്കും.നേരത്തേ 250 മില്യണ്‍ യൂറോയായിരുന്നു ഉദ്ദേശിച്ചിരുന്നത്.

2019ല്‍ ഏജന്‍സി നിയമനങ്ങള്‍ക്കായി 423 മില്യണ്‍ യൂറോയും 2023ല്‍ 787 മില്യണ്‍ യൂറോയുമാണ് ചെലവിട്ടത്.ഈ ചെലവില്‍ ചില നിയന്ത്രണങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.റീജിയണല്‍ തലത്തില്‍ റിക്രൂട്ട്‌മെന്റ് പരിധികളും നിയന്ത്രണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും അത് ലംഘിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷമാരംഭിച്ച റിക്രൂട്ട് ഫ്രീസിംഗ് കാലത്തിന് മുമ്പ് ഇന്റര്‍വ്യൂവില്‍ വിജയിച്ചു കാത്തിരുന്ന നൂറുകണക്കിന് നഴ്സുമാര്‍ക്കും ,മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശുഭവാര്‍ത്തയാണിത്. കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ നടത്താനായി വിവിധ ഏജന്‍സികള്‍ തയാറായി കഴിഞ്ഞിട്ടുണ്ട്. എച്ച് എസ് ഇ റിക്രൂട്ട്‌മെന്റുകള്‍ നിയമം അനുസരിച്ച് പൂര്‍ണ്ണമായും സൗജന്യമായാണ് നടത്തപ്പെടേണ്ടത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Comments are closed.

error: Content is protected !!