head3
head1

അയർലണ്ടിലെ ഹെൽത്ത് കെയർ -ഹോം കെയർ മേഖലയിലെ നിയമപരിഷ്കരണ പ്രഖ്യാപനം ഉടൻ

കൊടിയ ചൂഷണവുമായി തൊഴിലുടമകളും,ഏജന്റുമാരും ,ആശങ്കയോടെ കെയർ വർക്കേഴ്സ്

ഡബ്ലിൻ : അയർലണ്ടിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും ,ഹോം കെയർ സപ്പോർട്ട് വർക്കർമാർക്കുമുള്ള പുതിയ മാർഗരേഖ അടുത്തമാസത്തോടെ പുറത്തിറങ്ങുമെന്ന് സൂചനകൾ. 2022 സെപ്റ്റബർ മാസത്തിൽ സർക്കാർ നിയോഗിച്ച സ്ട്രാറ്റജി വർക്ക് ഫോഴ്സ് അഡ്വൈസറി ഗ്രൂപ്പ് സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിൽ അതിവേഗത്തിലുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി വരുന്നത്.റിപ്പോർട്ടിൻമേൽ ആറു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നാണ് കമ്മിറ്റി അന്ന് ശുപാർശ ചെയ്തിരുന്നത്.

രാജ്യത്തെ കെയർ വർക്കർമാരുടെയും ,ഹെൽത്ത് കെയർ അസിസ്റ്ററുമാരുടെയും ദൗർലഭ്യം ഇപ്പോഴും തുടരുകയാണ്. നിലവിൽ അയർലണ്ടിൽ ആകെ 563 ഹോമുകളാണുള്ളത് . 420 സ്വകാര്യ നഴ്‌സിംഗ് ഹോമുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള 111 നഴ്‌സിംഗ് ഹോമുകൾ.32 ചാരിറ്റി ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലുള്ള നഴ്‌സിംഗ് ഹോമുകൾ എന്നിങ്ങനെയായുള്ള വിഭാഗങ്ങളിലായി 31,888 ബെഡുകൾ മാത്രമേ നഴ്‌സിംഗ് ഹോമുകളിൽ ലഭ്യമായിട്ടുള്ളു.

7,326 പേർക്ക് വൈകല്യങ്ങളുടെ സാഹചര്യത്തിൽ ഹോം സപ്പോർട്ട് നൽകേണ്ടതുണ്ട്. ഈ രണ്ട് വിഭാഗങ്ങളിൽ മാത്രം അടുത്ത പത്ത് വർഷത്തിനുള്ളിൽ 110 % ജോലിക്കാരുടെ വർധനവാണ് സർക്കാർ കണക്കു കൂട്ടുന്നത്.

ഇവ കൂടാതെ 195,263 ഹോം കെയറർമാർ കുടുംബങ്ങളിൽ നിന്നും തന്നെയുള്ളവരുണ്ട്.പ്രതിഫലേച്ഛ കൂടാതെ പണിയെടുക്കുന്ന ഇവരുടെ ബന്ധുക്കളിൽ അധികം പേർക്കും വരും വർഷങ്ങളിൽ നേരിട്ടൂള്ള കെയറർമാരെ സർക്കാർ നിയോഗിച്ചു നൽകേണ്ടി വരും.നിലവിലുള്ള ഹോം കെയറർമാരിൽ ബഹുഭൂരിപക്ഷവും 60 വയസ് കഴിഞ്ഞവരായതിനാലാണിത് .

ഇക്കാരണങ്ങളാലാണ് കെയർ വർക്കേഴ്‌സിനുള്ള നയം രൂപപ്പെടുത്താൻ സർക്കാർ ധൃതി കാട്ടുന്നത്.

2021 മുതൽ ഭാഗീകമായ തോതിൽ നയമാറ്റം ആരംഭിച്ചെങ്കിലും ,നിയതമായ രൂപത്തിൽ നിയമം പരിവർത്തനം ചെയ്യാനാണ് സ്ട്രാറ്റജിക് കമ്മിറ്റി 2022 സെപ്റ്റംബറിൽ പദ്ധതികൾക്ക് രൂപം നൽകിയിട്ടുള്ളത്.പാർലമെന്റിനെ അനുമതിയ്ക്ക് വിധേയമായാവും ഇവ നടപ്പാക്കുക.അതിനുള്ള തയാറെടുപ്പുകളാണ് ഇപ്പോൾ നടക്കുന്നത്.

റിക്രൂട്ട്മെന്റുകൾ നയമില്ലാതെ, വന്നത് നാലായിരത്തോളം പേർ

പൂർണ്ണമായ നയം രൂപീകരിക്കുന്നതിനും മുമ്പാണ് പല ഏജൻസികളും അപൂർണ്ണമായ വാഗ്ദാനങ്ങൾ നൽകി ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെയും ഹോം കെയറർമാരെയും ഇന്ത്യയിൽ നിന്നടക്കമുള്ള നോൺ ഇ യൂ രാജ്യങ്ങളിൽ നിന്നും അയർലണ്ടിൽ എത്തിച്ചിട്ടുള്ളത്.
EU/EEA ഇതര രാജ്യങ്ങളിൽ നിന്ന്, 2021-ൽ 55 വർക്ക് പെർമിറ്റുകൾ മാത്രമേ നല്കിയുള്ളുവെങ്കിലും 2022 ൽ രണ്ടായിരത്തിലധികം HCA-കൾക്ക് വർക്ക് പെർമിറ്റ് ലഭിച്ചിട്ടുണ്ട്.ഇവരിൽ ബഹുഭൂരിപക്ഷവും ഇന്ത്യയിൽ നിന്നുള്ളവരാണ്.

പ്രധാന നിർദേശങ്ങൾ
നിലവിൽ സ്ട്രാറ്റജിക് കമ്മിറ്റി നൽകിയിരിക്കുന്ന നിർദേശങ്ങൾ വിദേശത്തുനിന്നുമുള്ള ഹെൽത്ത് കെയർ പ്രൊഫണൽസിന് അനുകൂലമായതല്ലെന്ന കണ്ടെത്തൽ ആശങ്കയുയർത്തുന്നതാണ്. ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കുള്ളതിന് തുല്യമായ ക്രമീകരണങ്ങൾ ഹോം കെയർ അസിസ്റ്ററുമാർക്കും ലഭിച്ചേക്കുമെന്ന് പറയുമ്പോഴും ഫാമിലി റീ യൂണിഫിക്കേഷൻ അടക്കം കുടിയേറ്റ തൊഴിലാളികളെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾ കമ്മറ്റിയുടെ ശ്രദ്ധയിൽ പോലും പെട്ടിട്ടില്ലെന്നാണ് നയരേഖ വ്യക്തമാക്കുന്നത്..

മുമ്പേ പറഞ്ഞുകേട്ടതു പോലെ രണ്ട് വർഷത്തെ കരാറിനുള്ള വ്യവസ്ഥയും; പ്രതിവർഷം €27,000 അടിസ്ഥാനമാക്കിയുള്ള ഏറ്റവും കുറഞ്ഞ ശമ്പളവ്യവസ്ഥയും,39 മണിക്കൂർ ആഴ്ചയിലെ ജോലി സ്ഥിരതയും മാത്രമാണ് കമ്മിറ്റിയും നിർദേശിച്ചിരിക്കുന്നത്.ഇവയിൽ പലതും ഇപ്പോൾ അയർലണ്ടിൽ എത്തിയിരിക്കുന്ന ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും ,കെയർ ഹോം സപ്പോർട്ടേഴ്‌സിനും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

ലക്ഷകണക്കിന് രൂപാ ഏജൻസി ഫീസ് കൈപ്പറ്റി ഉദ്യോഗാർത്ഥികളെ അയർലണ്ടിൽ എത്തിച്ച ചില ഏജൻസികളും ,ചില തൊഴിലുടമകളും ചേർന്നുള്ള രഹസ്യ ഇടപാടുകൾ കാരണം ഒരു വിഭാഗം തൊഴിലാളികൾക്ക് കടുത്ത ചൂഷണം നേരിടേണ്ടി വരുന്നുണ്ട്.കൂടുതൽ സമയ ജോലികൾ,ഇടവേളകളുടെ വെട്ടിക്കുറയ്ക്കൽ,അവധി നിഷേധിക്കൽ, നിർബന്ധിത ഷിഫ്റ്റുകൾ എന്നിങ്ങനെ കടുത്ത വിവേചനമാണ് കെയർ മേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്നത്.

ഇവയൊക്കെ കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും,നിലവിലുള്ള യാതനയ്ക്ക് അവയൊന്നും പരിഹാരമാവില്ല.മാത്രമല്ല ഫാമിലി റീ യൂണിഫിക്കേഷനിലുള്ളതടക്കം ചില മേഖലകളിൽ നയരേഖയും നിശബ്ദത പാലിക്കുന്നുണ്ട്.

തുടർപഠനവും ,അനുബന്ധ കോഴ്‌സുകളും
ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലിയിൽ കയറിയവരിൽ കൂടുതൽ പേരും നഴ്‌സിംഗ് പഠനം വിജയകരമായി പൂർത്തിയാക്കിയവരും ,വിദേശങ്ങളിൽ അടക്കം വർഷങ്ങളോളം തൊഴിൽ പരിചയം ഉള്ളവരുമാണ്,ഇവരോടാണ് മുമ്പ് മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട OOI കോഴ്‌സുകൾ ഒരു വർഷമെടുത്ത് പൂർത്തിയാക്കിയാലേ തൊഴിലിൽ തുടരാനാവുകയുള്ളു എന്ന നിർദേശം ,ഏജന്റുമാരുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ മറവിൽ ചില നഴ്‌സിംഗ് ഹോം ഉടമകൾ നൽകിയിരിക്കുന്നത് എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.

ജോലിയിൽ കയറിയതിന് ശേഷമുള്ള പരിശീലനങ്ങളും അനുബന്ധ കോഴ്‌സുകളും സൗജന്യമായോ കുറഞ്ഞ ഫീസിന്റെ – അടിസ്ഥാനത്തിലോവാണ് നൽകേണ്ടത് എന്നിരുന്നാലും, അനാവശ്യമായ ഭീതിയാണ് ഇവർ സൃഷ്ടിച്ചുവിടുന്നത്.

അതേസമയം കെയർ-വർക്കർമാർക്കായി ഒരു യോഗ്യതാ ചട്ടക്കൂട് വികസിപ്പിക്കാൻ സ്ട്രാറ്റജിക് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. അത് തൊഴിലിന്റെ യോഗ്യതകളും,മുൻ പരിചയവും ഗ്രേഡുകളും അനുസരിച്ചുള്ളതാവും. ആവശ്യമുള്ളവർക്ക് മാത്രമേ കൂടുതൽ കോഴ്‌സുകൾ നടത്തേണ്ടതുണ്ടാവു എന്ന സൂചനയാണ് കമ്മിറ്റി റിപ്പോർട്ട് നൽകുന്നത്.പ്രത്യേക ജോലികളിൽ (ഉദാഹരണം ഡിമാൻഷ്യാ കെയർ )തുടരണമെങ്കിലും അനുബന്ധ കോഴ്‌സുകൾ ചെയ്യേണ്ടി വരും.അഡാപ്റ്റേഷൻ പോലെ പ്രതിഫലത്തോട് കൂടെയായേക്കും അതെന്ന് പറയപ്പെടുന്നു.

കോൺട്രാക്ട് ഉള്ളവർക്ക് മാത്രം റിക്രൂട്ട്മെന്റ് ചെയ്യാൻ അനുവാദം നൽകും

വർക്ക് പെർമിറ്റുകൾ ഉപയോഗിച്ച് നിലവിൽ എജന്ടുമാർ നടത്തുന്ന കൊള്ള സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് നോൺ-ഇയു/ഇഇഎ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് കോൺട്രാക്ട് ഉള്ളവർക്ക് മാത്രംനൽകിയാൽ മതിയെന്ന ശുപാർശ കമ്മിറ്റി നൽകിയിരിക്കുന്നത്.

സ്ട്രാറ്റജി കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ഓരോന്നായി സർക്കാർ രൂപപ്പെടുത്തി അന്തിമമായി നടപ്പാക്കുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിഷയങ്ങൾ അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി ഉടനടിയോ,പ്രഖ്യാപനത്തിന് അനുബന്ധമായോ പരിഹാരം കാണാനുള്ള ശ്രമങ്ങൾ അയർലണ്ടിലെത്തിയിരിക്കുന്ന ഹെൽത്ത് കെയറർമാർക്കും ,ഹോം കെയറർമാർക്കും വേണ്ടിയുള്ള ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുണ്ട്.പ്രധാനമായും ഫാമിലി റീ യൂണിഫിക്കേഷനുള്ള അനിശ്ചിത്വം നീക്കാനും ,തൊഴിൽ ചൂഷണങ്ങൾ അവസാനിപ്പിക്കാനുമാണ് ഈ ഗ്രൂപ്പ് വഴി ശ്രമിക്കുന്നത്. ഗ്രൂപ്പിൽ ചേരാനുള്ള ലിങ്ക് താഴെ ചേർക്കുന്നു.  https://chat.whatsapp.com/LhTLfr0cD7A3SLxjVUkVPL

സ്ട്രാറ്റജി കമ്മിറ്റി റിപ്പോർട്ട് താഴെയുള്ള ലിങ്കിൽ ലഭ്യമാണ് https://www.gov.ie/en/publication/492bc-report-of-the-strategic-workforce-advisory-group-on-home-carers-and-nursing-home-health-care-assistants/

റെജി സി ജേക്കബ് 
 ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a<<<

Comments are closed.