head3
head1

ഇലക്ട്രിക് കാറുകളുടെ വിലയിടിവ് :വാഹന വിപണിയില്‍ പുതിയ പ്രതിസന്ധി

ഡബ്ലിന്‍ : പുതിയ ഇലക്ട്രിക് കാറുകളുടെ വിലയിടിവ് വാഹന വിപണിയില്‍ പുതിയ പ്രതിസന്ധിയ്ക്ക് കാരണമാകുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.വന്‍ തുകയ്ക്ക്് വാങ്ങിയ ഇലക്ട്രിക് വാഹനം പകുതി വിലയ്ക്ക് വില്‍ക്കേണ്ട ഗതികേടിലാണ് പലരും.മുന്തിയ എസ് യു വി ഇലക്ട്രിക് കാറുകളുടെ പേലും സ്ഥിതി ഇതാണെന്ന് ഉടമസ്ഥര്‍ പറയുന്നു.

വിലക്കുറവ് പുതുതായി കാര്‍ വാങ്ങുന്നവര്‍ക്ക് നല്ലതാണെന്ന് തോന്നുമെങ്കിലും സെക്കന്‍ഡ് ഹാന്‍ഡ് വിലകളിലെ ഇടിവ് ഇവയുടെ വിപണിയെയും ദോഷകരമായി സ്വാധീനിക്കുമെന്നതാണ് പ്രശ്നം.വിറ്റാല്‍ വില കിട്ടില്ലെങ്കില്‍ പുതിയത് വാങ്ങാന്‍ ആളെ കിട്ടുമോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

മുന്തിയ ഇവികള്‍ക്കും സെക്കന്റ് ഹാന്റ് വിപണിയില്‍ വിലയില്ല

സര്‍ക്കാരിന്റെ ഗ്രാന്റോടെ 60000 യൂറോയ്ക്ക് വാങ്ങിയ ഫോക്‌സ്വാഗണ്‍ ഐഡി.4 കാര്‍ രണ്ടു വര്‍ഷത്തിന് ശേഷം വിറ്റാല്‍ കിട്ടുന്നത് 28000 യൂറോയാണ്. 5000 യൂറോയുടെ ഗ്രാന്റു കിട്ടിയത് കൂടി കണക്കാക്കിയാല്‍ 33000 യൂറോയാണ് ഇതിന്റെ ഉടമസ്ഥന് ലഭിക്കുന്നത്.ഫോക്‌സ്വാഗണ്‍ ഐഡി 4ന്റെ അതേ സ്പെസിഫിക്കേഷനുള്ള ജര്‍മ്മന്‍ വാഹനം ഇപ്പോള്‍ 33000 യൂറോയില്‍ ലഭിക്കുന്ന നിലയുമുണ്ട്.

അതേസമയം 58000 യൂറോയ്ക്ക് വാങ്ങിയ ഡീസല്‍ എസ് യു വി 55000 യൂറോയ്ക്ക് യൂസ്ഡ് കാര്‍ വിപണിയില്‍ വില്‍ക്കാനുമാകും. ഈ വൈരുധ്യം ഇലക്ട്രിക് വാഹന വിപണിയെ ബാധിക്കുമെന്ന് തന്നെയാണ് യു എസ് സെക്കന്റ് ഹാന്റ് കാര്‍ വിപണിയിലെ പ്രമുഖ അനലിസ്റ്റ് എഡ്മണ്ട്സ് പറയുന്നത്.ഇതേ കാരണത്താല്‍ പുതിയ ഇ വി വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറയുന്നതും പ്രശ്നമാണ്.അടുത്തിടെ ഇ വി വാങ്ങിയവരെല്ലാം തന്നെ വിലക്കുറവിന്റെ പ്രതിസന്ധി നേരിടേണ്ടി വരുന്നവരാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

ബാറ്ററികള്‍ക്ക് വില കുറയുന്നു; വാഹനങ്ങള്‍ക്കും

കഴിഞ്ഞ വര്‍ഷമാണ് ലിഥിയം-അയണ്‍ ബാറ്ററികളുടെ വില 100 ഡോളറില്‍ താഴെയായി (93 യൂറോ) കുറഞ്ഞത്. 2022നെ അപേക്ഷിച്ച് ഏതാണ്ട് 33 ശതമാനം ഇടിവാണ് പോയ വര്‍ഷമുണ്ടായത്.വില ഇനിയും കുറയുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.കഴിഞ്ഞ വര്‍ഷം 25 ശതമാനം വില കുറഞ്ഞെന്ന് ഓം ചാര്‍ജേഴ്സ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് വാട്‌സണ്‍ പറയുന്നു.

അടുത്ത ആറ് മാസത്തിനുള്ളില്‍ വീണ്ടും 25 ശതമാനം കൂടി വില കുറയും.ചൈനീസ് ബാറ്ററി നിര്‍മ്മാതാക്കള്‍ കളത്തിലിറങ്ങിയതോടെ വിലയില്‍ കൂടുതല്‍ കുറവു വന്നു തുടങ്ങിയിട്ടുണ്ട്.ഒരു ബാറ്ററിക്ക് ഒരു വാട്ട്-മണിക്കൂറിന് 40സെന്റ് ചെലവ് വരുന്ന നിലയിലേക്ക് അത് കുറയും. അതായത് 64കിലോവാട്ട് ബാറ്ററിക്ക് 2,500, 3,000 യൂറോ എന്ന നിലയിലെത്തുമെന്നും ഇദ്ദേഹം കണക്കാക്കുന്നു.

25000 യൂറോയ്ക്ക് കിടിലന്‍ ഇലക്ടിക് കാറുകള്‍

25000 യൂറോയ്ക്ക് ഇലക്ടിക് കാറുകള്‍ വിപണിയിലെത്തുന്ന കാലം എത്തിയിരിക്കുകയാണെന്ന് ഇദ്ദേഹം പറയുന്നു. വമ്പന്‍ ചൈനീസ് കാര്‍ നിര്‍മ്മാണക്കമ്പനിയായ ബി വൈ ഡിയാണ് കുറഞ്ഞ വിലയില്‍ വിലകുറഞ്ഞ കാറുകള്‍ എത്തിക്കുന്നത്.ഇതിനൊപ്പം 340 കിലോമീറ്റര്‍ റേഞ്ചുള്ള 25570 യൂറോയുടെ ഡോള്‍ഫിന്‍ ഹാച്ച്ബാക്ക് ഇലക്ടിക് കാറുകളും എത്തുന്നുണ്ട്.

ഇതൊരു ബജറ്റ് സ്പെക് മോഡലൊന്നുമല്ല.വി ഡബ്ല്യു ഗോള്‍ഫിനേക്കാള്‍ മികച്ച ക്യാബിനുള്ള കിടിലന്‍ വാഹനമാണ്. ഇവയെന്നതും പ്രസക്തമാണ്.റെനോള്‍ട്ടും 25000യൂറോയുടെ റെനോള്‍ട്ട് 5 കാറുകള്‍ ജനീവ മോട്ടോര്‍ ഷോയില്‍ ലോഞ്ച് ചെയ്തിരുന്നു.അതിനാല്‍ ഈ വിപണിയില്‍ ടെസ്ലയ്ക്കും വില കുറയ്ക്കാതിരിക്കാന്‍ കഴിയില്ല.

ടെസ്ല കാറുകള്‍ക്കും വില കുറയുന്നു

ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടെസ്്ലയുടെ മോഡല്‍ വൈ എസ്യുവിയുടെ വില 8,000 യൂറോ വരെ കുറച്ചിരുന്നു.മോഡല്‍ 3 സലൂണിലും സമാനമായ വിലക്കുറവുണ്ടായി.ചൈനീസ് കാറുകളുമായുള്ള മല്‍സരത്തിന്റെ ഭാഗമാണിതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഐ ഡി .3ഇലക്ട്രിക് ഹാച്ച്ബാക്കും ഐ ഡി 4 ഇലക്ട്രിക് എസ്യുവിയുമാണ് കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട വാഹനങ്ങള്‍.ഇവയുടെ വിലയിലും കുറവുണ്ടായി.മറ്റ് ഇ വി കളിലെല്ലാമായി 10000യൂറോയുടെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.25000യൂറോയുടെ കാറുകള്‍ അടുത്ത വര്‍ഷത്തോടെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതോടെ കനത്ത വിലയില്‍ വാങ്ങിയ മുന്തിയ ഇനം ഇ വി ഉടമകള്‍ യഥാര്‍ഥത്തില്‍ പ്രതിസന്ധിയിലാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</

Comments are closed.