head3
head1

ജനങ്ങളുടെ നികുതിപ്പണം വോട്ടാക്കുന്ന ഭരണകക്ഷി മാജിക്ക്…. ബജറ്റിന് പിന്നാലെ ഇലക്ഷന്‍ മണക്കുന്നോ?

ഡബ്ലിന്‍ :ഏറെ ജനപ്രിയമെന്ന് വിശേഷിപ്പിക്കുന്ന പൊതു ബജറ്റ് സൈമണ്‍ ഹാരിസ് സര്‍ക്കാരിന്റെ ഇലക്ഷന്‍ പ്രകടന പത്രികയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍.ഇലക്ഷന്‍ പ്രഖ്യാപിക്കണമെന്ന് വെല്ലുവിളിക്കുന്ന പ്രതിപക്ഷത്തിനുള്ള മറുപടിയായി ജനങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച സമ്മാനമാണ് ഈ ബജറ്റെന്നാണ് പൊതുവിലയിരുത്തല്‍.

സമ്മാനബജറ്റെന്ന് ആക്ഷേപിക്കുമെങ്കിലും ജനങ്ങള്‍ക്ക് ആഹ്ലാദം നല്‍കുന്ന സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിക്കുന്നത് വോട്ടിനെ ബാധിക്കുമോയെന്ന പേടിയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമുണ്ട്.അതിനാല്‍ കടുത്ത ഭാഷയ്ക്ക് മയം വരുത്താനും പാര്‍ട്ടികള്‍ ശ്രദ്ധിക്കുന്നുണ്ട്.

അതിനിടെ പ്രധാനമന്ത്രി സൈമണ്‍ ഹാരിസും ഫിന ഗേല്‍ മന്ത്രിമാരും ഇലക്ഷന്‍ സ്ഥാനാര്‍ത്ഥികളുമെല്ലാം ചേര്‍ന്ന് ഇന്ന് പ്രഖ്യാപിച്ച മീഡിയ ഇവന്റിനെച്ചൊല്ലി ചില അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

ആദ്യം ബജറ്റ് പാസാക്കട്ടെ….

ആദ്യം ബജറ്റ് പാസാക്കട്ടെ അതിന് ശേഷമാകാം പൊതുതെരഞ്ഞെടുപ്പ് ചര്‍ച്ചകളെന്ന സൈമണ്‍ ഹാരിസിന്റെ പരാമര്‍ശവും എടുത്തുപറയേണ്ടതാണ്.സിന്‍ ഫെയ്നിന്റെ പിയേഴ്സ് ഡോഹര്‍ട്ടിയുടെ വിമര്‍ശനത്തിനുള്ള മറുപടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വന്നത്.

ബജറ്റിലെ ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും ജനപ്രിയത ബാലറ്റ് പെട്ടിയില്‍ വോട്ടാകുമെന്ന ഉറച്ച വിശ്വാസമാണ് പ്രധാനമന്ത്രിക്കും ഘടക കക്ഷി നേതാക്കള്‍ക്കുമുള്ളത്.സര്‍ക്കാര്‍ നല്‍കിയ നന്മകളൊന്നും അത്ര വേഗം ജനം വിസ്മരിക്കില്ലെന്ന പ്രതീക്ഷയും നേതാക്കള്‍ക്കുണ്ട്.അതിനാലാണ് ബജറ്റ് പാസ്സാക്കുന്നതിന് അനുവദിക്കൂവെന്ന അഭ്യര്‍ത്ഥനയോടെ പ്രധാനമന്ത്രി രംഗത്തുവന്നത്.

ബജറ്റ് പൊതു ചെലവിലുള്ള ഇലക്ഷന്‍ പ്രകടന പത്രികയെന്ന് സിന്‍ഫെയ്ന്‍

പൊതു ചെലവില്‍ ഇലക്ഷന്‍ പ്രകടന പത്രികയാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സിന്‍ ഫെയ്ന്‍ ആരോപിച്ചു. ബജറ്റിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ വിലയിരുത്തുകയെന്നും സിന്‍ ഫെയ്നിന്റെ പിയേഴ്സ് ഡോഹെര്‍ട്ടി വിമര്‍ശിച്ചു.അതിനാല്‍ ബജറ്റ് നടപടികള്‍ നിര്‍ത്തിവെച്ച് ഇലക്ഷന്‍ പ്രഖ്യാപിക്കൂ.

അടുത്ത ബജറ്റ് ആരാണ് അവതരിപ്പിക്കേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ഇദ്ദേഹം വെല്ലുവിളിച്ചു. അതിനുള്ള പ്രധാനമന്ത്രിയുടെ മറുപടിയാണ് ശ്രദ്ധേയമായത്.ആദ്യം ഈ ബജറ്റ് പാസാക്കാം, പിന്നീടാകാം ഇലക്ഷന്‍ എന്നതായിരുന്നു പ്രധാനമന്ത്രിയുടെപ്രതികരണം.

ജനങ്ങളെ വിലയ്ക്കു വാങ്ങിയെന്ന്

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ജനങ്ങളെ വിലയ്ക്കു വാങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.എന്നിരുന്നാലും മുമ്പത്തേതു പോലെ സര്‍ക്കാരിനെ കണ്ണുമടച്ച് വിമര്‍ശിക്കാന്‍ സിന്‍ ഫെയ്ന്‍ മുതിര്‍ന്നില്ലെന്ന നിരീക്ഷണവും ശ്രദ്ധേയമായി.

ഭവന വിതരണത്തിലെ മെല്ലെപ്പോക്ക്,ലെയ്ന്‍സ്റ്റര്‍ ഹൗസ് ബൈക്ക് ഷെഡ്, സെക്യൂരിറ്റി ഹട്ട് അഴിമതി.ഉക്രേനിയന്‍ മോഡുലാര്‍ ഹോം തട്ടിപ്പ് എന്നിവയെയൊക്കെ തുറന്നു കാട്ടാനാണ് സിന്‍ഫെയന്‍ ശ്രമിച്ചത്.

‘ഭരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ബജറ്റ്’

ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നതിനെതിരെ മറ്റു പ്രതിപക്ഷ കക്ഷികളും ധനമന്ത്രി ജാക്ക് ചേംബേഴ്സിനെ രൂക്ഷമായി വിമര്‍ശിച്ചു.ഭരണകക്ഷി പാര്‍ട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് മാത്രമാണ് ഈ ബജറ്റിലെ പ്രഖ്യാപനങ്ങളെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്സ് നേതാവ് റോയ്‌സിന്‍ ഷോര്‍ട്ടാല്‍ പറഞ്ഞു.

നികുതിയിളവുകളും ഒറ്റത്തവണ ആനുകൂല്യങ്ങളും നല്‍കുന്നതിലൂടെ ശരാശരി തൊഴിലാളികളെ സന്തുഷ്ടരാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.

വിമര്‍ശനം പോലും സര്‍ക്കാരിന് ബോണസ്സ്

‘ഗിവ് എവേ ബജറ്റ്’ ,സ്റ്റിറോയിഡുകളുടെ ബജറ്റ്, ഗ്രേവി-ട്രെയിന്‍ ബജറ്റ് എന്നൊക്കെയാണ് പ്രതിപക്ഷം ഡെയ്ലില്‍ ബജറ്റിനെ പരാമര്‍ശിച്ചത്.ഇവയൊക്കെ സര്‍ക്കാരിനുള്ള അംഗീകാരമായാണ് ഭരണമുന്നണിയും അവരുടെ ടി ഡിമാരും കാണുന്നത്.

ഇപ്പോള്‍ മുതല്‍ ക്രിസ്മസ് വരെ ആളുകള്‍ക്ക് ഒറ്റത്തവണ ക്രെഡിറ്റുകളും ഇരട്ട പേയ്‌മെന്റുകളും ലഭിക്കുന്ന കാലമായിരിക്കും.പോക്കറ്റ് നിറയ്ക്കുന്ന ഈ ആനുകൂല്യങ്ങള്‍ ജനമനസ്സില്‍ നിന്നും മാഞ്ഞുപോകില്ലെന്ന ഉറച്ച വിശ്വാസമാണ് ഭരണകക്ഷികള്‍ക്കുള്ളത്.

ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാമായിരുന്നു…!

അതേസമയം, സര്‍ക്കാരിന് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്ന് ഹോംലെസ് സംഘടനകള്‍ പറഞ്ഞു.മക്കളെ പോറ്റാന്‍ പാടുപെടുന്നവരും , വീടുമില്ലാത്തവരുമായ ആളുകളുണ്ട്, സര്‍ക്കാര്‍ അവരെക്കുറിച്ച് ചിന്തിക്കാതെ പോയെന്ന് ഇവര്‍ വിമര്‍ശിച്ചു. കൂടുതൽ   ബജറ്റ് വിവരങ്ങൾക്ക് :  https://tascaccountants.com/your-guide-to-ireland-budget-2025

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Leave A Reply

Your email address will not be published.

error: Content is protected !!