ഡബ്ലിന്‍: ഒക്ടോബര്‍ 1 ന് ധനമന്ത്രി ജാക്ക് ചേമ്പേഴ്സ് അവതരിപ്പിക്കുന്ന 2025 മാണ്ടിലേയ്ക്കുള്ള ഐറിഷ് ബജറ്റില്‍ ഒട്ടേറേ ആനുകൂല്യങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചനകള്‍. നികുതിദായകര്‍ക്ക് ഏറെ സന്തോഷകരമായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് വിവിധ മന്ത്രാലയങ്ങള്‍ രൂപപ്പെടുത്തി നല്‍കിയ പ്രാഥമിക രേഖകള്‍ വെളിപ്പെടുത്തുന്നത്. മന്ത്രാലയങ്ങള്‍ നല്‍കുന്ന അഭ്യര്‍ത്ഥനകള്‍ പരിഗണിക്കുന്ന പാരമ്പര്യം ആവര്‍ത്തിച്ചാല്‍ ഓരോ നികുതിദായകനും നൂറുകണക്കിന് യൂറോയുടെ അധിക ആനുകൂല്യം ലഭിച്ചേക്കും.
നവംബര്‍ മാസത്തില്‍ അയര്‍ലണ്ടില്‍ പൊതു തിരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്ന് പൊതു ധാരണ ഉയരുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തന്നെ മണ്ഡലാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന തിരക്കിലാണ്. ഡബ്ലിന്‍ മേഖലയിലെ ഒട്ടുമിക്ക സ്ഥാനാര്‍ത്ഥികളും ഇതിനകം രഹസ്യ പ്രചാരണം പോലും ആരംഭിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ആനുകൂല്യങ്ങള്‍ അനുകൂലമാക്കാനുള്ള പണിപ്പുരയിലാണ് ഭരണപക്ഷം.
ഇന്‍ഹെറിറ്റന്‍സ് ടാക്‌സ്
മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി ലഭിക്കുന്ന സ്വത്തില്‍ 335,000-ന് മുകളിലുള്ള എല്ലാ വരുമാനത്തില്‍ നിന്നും 33% ഇന്‍ഹെറിറ്റന്‍സ് ടാക്‌സടക്കണമെന്ന നിലവിലുള്ള ലിമിറ്റ് 400,000 യൂറോയായി ഉയര്‍ത്തിയേക്കും.
2013 മുതല്‍ വീടുകള്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കും ഇരട്ടിയിലധികമായി വില വര്‍ധിച്ചതിന്റെ പ്രതിഫലനമാണ് നികുതി അടയ്ക്കേണ്ട പോയിന്റ് ഉയര്‍ത്താനുള്ള ഈ നീക്കം വഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
വാടകക്കാര്‍ക്ക് റെന്റ് ക്രെഡിറ്റ് ആയിരമാക്കിയേക്കും
കഴിഞ്ഞ വര്‍ഷം റെന്റ് ക്രെഡിറ്റ് 500 യൂറോയില്‍ നിന്ന് 750 യൂറോയായി ഉയര്‍ത്തിയിരുന്നു.എന്നാല്‍ ഈ വര്‍ഷം ഒക്ടോബറിലെ ബജറ്റില്‍ ഇത് 1000 യൂറോയായി ഉയര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ഊര്‍ജ്ജ ക്രെഡിറ്റ് നിലനിര്‍ത്തും
.ഊര്‍ജപ്രതിസന്ധിയുടെ ഏറ്റവും മോശം ഘട്ടം കഴിഞ്ഞെങ്കിലും എനര്‍ജി ക്രെഡിറ്റ് അടുത്ത വര്‍ഷവും തുടര്‍ന്നേക്കും. സബ്സിഡികള്‍ക്ക് അതിര്‍ത്തി രേഖ വരയ്ക്കണമെന്നാണ് മന്ത്രിസഭയുടെ അഭിപ്രായമെങ്കിലും , 150 യൂറോ വീതം നിലവിലുള്ള ക്രഡിറ്റ് തുകയില്‍ കുറവ് വരുത്തി നിലനിര്‍ത്താനാണ് സാധ്യത.
മിനിമം വേതനവും നികുതി ബാന്‍ഡുകളും
മിനിമം വേതനത്തില്‍ ഒരു യൂറോ കൂട്ടണമെന്നാണ് ലോ വേജ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. അങ്ങനെയായാല്‍ 13.70 യൂറോയ്യായി മിനിമം വേതനം വര്‍ധിക്കും.
വരുമാനം കൂടുമ്പോള്‍ ,നിലവിലുള്ള 20%, 40% എന്നീ നികുതി നിരക്കുകളും ഉയര്‍ന്നേക്കാം.. ഇതിനെ ഇന്‍ഡെക്‌സേഷന്‍ എന്ന് വിളിക്കുന്നു.
നിലവില്‍, എല്ലാ ടാക്‌സ് ക്രെഡിറ്റുകള്‍ക്ക് ശേഷവും ഒരാള്‍ക്ക് ലഭിക്കുന്ന 42,000 യൂറോ വരെയുള്ള വരുമാനത്തിന് 20% നികുതിയും മുകളിലുള്ള എല്ലാത്തിനും 40% നികുതിയും നല്‍കുന്നുണ്ട് . വരുമാനം കൂടുന്നതിന് അനുസരിച്ച് ടാക്‌സ് ബാന്‍ഡുകളും ഉയര്‍ത്തിയേക്കും.
പേ അനുബന്ധ സോഷ്യല്‍ ഇന്‍ഷുറന്‍സ്, യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് എന്നിവയിലും നേരിയ ഇളവ് വരുത്തിയേക്കാം.
‘ശരാശരി വേതനത്തില്‍ ആരും ഉയര്‍ന്ന ആദായനികുതി അടയ്ക്കേണ്ടതില്ല’ എന്ന പ്രധാനമന്ത്രി സൈമണ്‍ ഹാരിസിന്റെ പ്രഖ്യാപനം നടപ്പായാല്‍ ,എല്ലാ നികുതി ദായകര്‍ക്കും ,വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായേക്കും. നിലവിലുള്ള ടാക്സ് ക്രെഡിറ്റിലും വര്‍ധനവുണ്ടായേക്കും.
കഴിഞ്ഞ വര്‍ഷത്തെ പോലെ ക്രിസ്മസിന് മുമ്പ് നല്‍കുന്ന ഇരട്ട ചൈല്‍ഡ് പേയ്മെന്റ് തുടര്‍ന്നേക്കുമെന്ന് സാമൂഹ്യക്ഷേമ മന്ത്രാലയവും പ്രതീക്ഷിക്കുന്നു.
ഹെല്‍പ്പ് ടു ബൈ സ്‌കീം
ആദ്യമായി പുതിയ വീട് വാങ്ങുന്നവര്‍ക്ക് മുമ്പുള്ള നാല് വര്‍ഷങ്ങളില്‍ അടച്ച ടാക്‌സില്‍ നിന്നും 30,000 യൂറോ തിരിച്ചു നല്‍കുന്ന ഹെല്‍പ്പ് ടു ബൈ സ്‌കീം തുടര്‍ന്നേക്കും. 500,000 യൂറോ വരെ വിലയുള്ള വസ്തുവകകള്‍ക്ക് മാത്രമേ നികുതി ബാധകമാകയുള്ളൂ നിലവിലെങ്കിലും ,500,000 യൂറോയില്‍ കൂടുതല്‍ മൂല്യമുള്ള വസ്തുവകകളിലേക്ക് പരിധി വര്‍ധിപ്പിക്കണമെന്ന് ഹൗസിംഗ് മന്ത്രി ഡാരാ ഒബ്രിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാങ്ങുന്നവര്‍ കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ നികുതിയിനത്തില്‍ 30,000 യൂറോ അടച്ചിട്ടില്ലെങ്കില്‍, അടച്ച വാടകയുടെ അംഗീകാരമായി അവര്‍ക്ക് ടാക്‌സ് ക്രെഡിറ്റായി ലഭിക്കാന്‍ പദ്ധതി വിപുലീകരിക്കണമെന്നും അദ്ദേഹം വാദിക്കുന്നുണ്ട്.എന്നാല്‍ ആ നിര്‍ദ്ദേശത്തിന് ഇതേ വരെ ധനമന്ത്രാലയം പച്ചക്കൊടി കാട്ടിയിട്ടില്ല.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.