head1
head3

അയര്‍ലണ്ടിന്റെ പാലസ്തീന്‍ പക്ഷപാതത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇസ്രായേല്‍: ലിയോയെക്കാള്‍ വലിയ പാലസ്തീന്‍ ഭക്തനായി ഹാരീസ്

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ പാലസ്തീന്‍ പക്ഷപാതത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇസ്രായേല്‍ വിദേശകാര്യ വകുപ്പ്.ഡെയ്ലില്‍ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് നടത്തിയ സ്ഥാനാരോഹണ പ്രസംഗത്തില്‍ 133 ഇസ്രായേലി ബന്ദികളെക്കുറിച്ച് പരാമര്‍ശിക്കാതെ പോയെന്നാണ് വകുപ്പിന്റെ ആക്ഷേപം.
കഴിഞ്ഞ ആറ് മാസമായി ഹമാസ് ഭീകരര്‍ സൂക്ഷിച്ചിരിക്കുന്ന 133 ഇസ്രായേലി ബന്ദികളെ പരാമര്‍ശിക്കാന്‍ ഹാരിസ് മറന്നുപോയെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആരോപിച്ചു.

ഹമാസ് ഭീകര സംഘടനയുടെ നിയമപരമായ ‘വാലാണ് ‘ ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയെ പിന്തുണക്കുന്നതിലൂടെ അയര്‍ലണ്ട് ഭീകരവാദത്തിന് സമ്മാനങ്ങള്‍ നല്‍കുകയാണെന്ന് ഇസ്രായേല്‍ ആരോപിച്ചു.

ചരിത്രത്തിന്റെ തെറ്റായ വഴിയില്‍ തുടരുന്നവര്‍ അയര്‍ലണ്ടിലുണ്ടെന്നും പ്രസ്താവന പറഞ്ഞു.പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനും അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക കൊണ്ടുവന്ന വംശഹത്യാ കേസില്‍ ഇടപെടാനുമുള്ള അയര്‍ലണ്ടിന്റെ നീക്കത്തിലും ഇസ്രായേലിന് അസംതൃപ്തിയുണ്ട്.

വിമര്‍ശനത്തിന് മറുപടിയുമായി ഹാരിസ്

ഇസ്രായേലിന്റെ ഇത്തരം അഭിപ്രായ പ്രകടനങ്ങളിലൂടെ അയര്‍ലണ്ടിന്റെയും അതിന്റെ പ്രധാനമന്ത്രിയുടെയും നിലപാട് മാറ്റാനാകില്ലെന്ന് ഹാരിസ് വ്യക്തമാക്കി.
ഹമാസിന്റെ ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തെ വിമര്‍ശിക്കാതിരുന്നിട്ടില്ലെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് വിശദീകരിച്ചു.അതുപോലെ തന്നെ ഇസ്രായേലിന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളെ കാണാതിരിക്കാനും അയര്‍ലണ്ടിന് കഴിയില്ലെന്നും ഹാരിസ് പറഞ്ഞു.

എങ്കിലും ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിന്ദ്യമാണെന്നും ബന്ദികളെ നിരുപാധികം മോചിപ്പിക്കണമെന്നും അക്രമം അവസാനിപ്പിക്കണമെന്നുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നാണ് താന്‍ പറഞ്ഞതെന്ന് ഹാരിസ് വിശദീകരിച്ചു.ഗാസയില്‍ വെടിനിര്‍ത്തണമെന്നാണ് അയര്‍ലണ്ട്് ആഗ്രഹിക്കുന്നത്.ആ നിലപാടാണ് തുടരുന്നതെന്നും ഹാരിസ് പറഞ്ഞു.മറിച്ചുള്ള ഇസ്രായേലിന്റെ വിമര്‍ശനങ്ങള്‍ സത്യം മറയ്ക്കലാണെന്നും ഹാരിസ് പറഞ്ഞു.

ഇ യു-ഇസ്രായേല്‍ കരാര്‍ പുനപ്പരിശോധിക്കണമെന്ന് ഹാരിസ്

ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ യൂറോപ്യന്‍ യൂണിയന്‍-ഇസ്രായേല്‍ ബന്ധം പുനപ്പരിശോധിക്കണമെന്ന ആവശ്യം ഹാരിസ് ആവര്‍ത്തിച്ചു.

മുന്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഫെബ്രുവരിയില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി ചേര്‍ന്ന് ഇതു സംബന്ധിച്ച കത്ത് നല്‍കിയിരുന്നു. ലിയോ വരദ്കറേക്കാള്‍ ശക്തമായ ഭാഷയിലാണ് ഫിനഗേലിന്റെ നേതാവ് പാലസ്തീനെ പിന്തുണച്ചത്.

ഗാസയിലെ ഇസ്രായേലിന്റെ യുദ്ധം മനുഷ്യാവകാശ നിയമ ലംഘനമാണെന്നാരോപിച്ചാണ് യൂറോപ്യന്‍ യൂണിയന്‍-ഇസ്രായേല്‍ അസോസിയേഷന്‍ കരാര്‍ പുനരവലോകനം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.എന്നാല്‍ ഇക്കാര്യത്തില്‍ കമ്മീഷന്‍ നടപടിയൊന്നുമെടുത്തിട്ടില്ല.ഈ കത്ത് ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് ഹാരീസ് ചൂണ്ടിക്കാട്ടി.

കമ്മീഷന്‍ പ്രസിഡന്റ് ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ഹാരിസ് ആവശ്യപ്പെട്ടു.അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം മാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യം.ഈ നിയമം ലംഘിക്കുന്നത് സഹിക്കാവുന്നതല്ല.

വാഴ്സയില്‍ ഏഴ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ പങ്കെടുത്ത യൂറോപ്യന്‍ യൂണിയന്‍ സ്ട്രാറ്റജിക് യോഗത്തിന് ശേഷമാണ് ഹാരിസ് ഈ അഭിപ്രായപ്രകടനം നടത്തിയത്.

യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മീഹോളും പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കും ചേര്‍ന്ന് വിളിച്ചു കൂട്ടിയ യോഗമായിരുന്നു അത്. എസ്തോണിയ, ഫിന്‍ലന്‍ഡ്, ഗ്രീസ്, ലക്സംബര്‍ഗ്, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും പങ്കെടുത്തു.

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ബ്ലോക്കിന്റെ നയ രൂപീകരണം നിര്‍ണ്ണയിക്കുന്ന യോഗമാണിത്.ഈ യോഗം തയ്യാറാക്കുന്ന അജണ്ടയുടെ ഡ്രാഫ്ട് അംഗീകരിക്കുന്നതിന് ജൂണില്‍ യൂറോപ്യന്‍ കൗണ്‍സില്‍ വോട്ടെടുപ്പ് നടക്കും.

പലസ്തീനെ അംഗീകരിക്കുന്നവര്‍ക്കൊപ്പം

പലസ്തീനെ അംഗീകരിക്കണമെന്നാവശ്യപ്പെടുന്ന അംഗരാജ്യങ്ങള്‍ക്കൊപ്പം അയര്‍ലണ്ട്് മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി സൈമണ്‍ഹാരിസ് പറഞ്ഞു.കഴിഞ്ഞ ദിവസം പാസ്സാക്കിയ യൂറോപ്യന്‍ യൂണിയന്‍ മൈഗ്രേഷന്‍ ഉടമ്പടിയെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.മാള്‍ട്ടീസ് എം ഇ പിയായ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്‌സോളയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

പലസ്തീന്‍ രാഷ്ട്രവും ജനതയുടെ അവകാശങ്ങളും അംഗീകരിച്ചില്ലെങ്കില്‍ ‘കത്തിക്കൊണ്ടേയിരിക്കും’

ഡബ്ലിന്‍ : യഥാര്‍ത്ഥ സമാധാനമാണ് അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നതെങ്കില്‍ പലസ്തീന്‍ രാഷ്ട്രവും ജനതയുടെ അവകാശങ്ങളും സ്വയം നിര്‍ണ്ണയാവകാശവും അംഗീകരിക്കണമെന്ന് പലസ്തീന്‍ അംബാസഡര്‍ ഡോ. വഹ്ബ അബ്ദുല്‍ മജിദ്.രാഷ്ട്രത്തെയും ജനതയുടെ അവകാശങ്ങളും അംഗീകരിച്ചില്ലെങ്കില്‍ ഈ പ്രദേശം എന്നും കത്തിക്കൊണ്ടേയിരിക്കും.

ഒക്ടോബര്‍ ഏഴിലെ സംഭവങ്ങള്‍ വായുവില്‍ നിന്നുണ്ടായതല്ലെന്ന് ഡോ. വഹ്ബ അബ്ദുല്‍മജിദ് പറഞ്ഞു. പലസ്തീനികളുടെ അവകാശ നിഷേധമാണ് അതിന്റെ അടിസ്ഥാന കാരണം.ലോകവും ഇസ്രായേലും പലസ്തീനികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നിടത്തോളം ഈ പ്രദേശവും കത്തും.പലസ്തീന്‍ ജനത സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ മാനിക്കപ്പെടുന്നതിനും അംഗീകാരത്തിനും വേണ്ടിയാണ് പോരാടുന്നത്.

പലസ്തീന്‍ ജനത അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുകയും ബഹുമാനിക്കുകയും ചെയ്യും. എന്നാല്‍ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിനെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുമോയെന്നതാണ് പ്രധാനമെന്നും ഇവര്‍ പറഞ്ഞു.

”1947ലെ വിഭജനത്തിന് ശേഷം പലസ്തീന് അംഗീകാരത്തിന് അര്‍ഹതയുണ്ട്.സ്വയം നിര്‍ണ്ണയാവകാശവും പലസ്തീന്‍ രാഷ്ട്രവും അംഗീകരിക്കേണ്ട സമയമാണിത്.ഐക്യരാഷ്ട്രസഭയുടെ പൂര്‍ണ്ണ അംഗത്വവും പലസ്തീനിലെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്.അന്താരാഷ്ട്ര സമൂഹം പലസ്തീനിന്റെ സ്വയം നിര്‍ണ്ണയാവകാശം അംഗീകരിക്കുന്നുവെന്നത് പ്രതീക്ഷ നല്‍കുന്നു”

പലസ്തീനെ ഇതിനകം തന്നെ അയര്‍ലണ്ട് അംഗീകരിച്ചു കഴിഞ്ഞതായി ഡോ. ജിലിയന്‍ വഹ്ബ അബ്ദുല്‍മജിദ് പറഞ്ഞു.ചരിത്രം, നീതി, മാനവികത, അന്താരാഷ്ട്ര നിയമം എന്നിവയില്‍ എല്ലാക്കാലത്തും ശരിയായ പാതയില്‍ നിലകൊള്ളുന്ന രാജ്യമാണ് അയര്‍ലണ്ട് .അതിനാല്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന കാര്യത്തില്‍ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെക്കൂടി ഒപ്പം കൂട്ടാനും നയിക്കാനും അയര്‍ലണ്ടിന് സാധിക്കുമെന്ന് അംബാസഡര്‍ പറഞ്ഞു.

അയര്‍ലണ്ടിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡെയിലില്‍ ഉപപ്രധാനമന്ത്രി മീഹോള്‍ മൈക്കല്‍ മാര്‍ട്ടിന്‍ നടത്തിയ അഭിപ്രായത്തെ പാലസ്തീന്‍ അംബാസഡര്‍ സ്വാഗതം ചെയ്തു

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</

Comments are closed.