head1
head3

അയര്‍ലണ്ടിലെ പ്രായമായവര്‍ വേറെ ലെവലാണ് !,സവിശേഷമായ കണക്കുകളുമായി സി എസ് ഒ

വിവാഹിതരാകുന്ന 60വയസ്സുകാരുടെ എണ്ണം ഇരട്ടിയിലേറെ

ഡബ്ലിന്‍ :അയര്‍ലണ്ടിലെ പ്രായമായവര്‍ വേറെ ലെവലിലെന്ന് വെളിപ്പെടുത്തലുകള്‍. പുതിയതായി വിവാഹം കഴിച്ച് ജീവിതം ആഘോഷിക്കുമ്പോള്‍ത്തന്നെ ജോലി ചെയ്ത് പണമുണ്ടാക്കാനും ഇവര്‍ മുന്നിലുണ്ട്. വാഹനം ഓടിക്കാനും രാത്രി യാത്രകളിലും ഇവര്‍ പിന്നിലല്ല.ഈ സവിശേഷ വൈജാത്യത്തിലേയ്ക്ക് വെളിച്ചം വീശുന്നതാണ് പുറത്തുവന്ന സി എസ് ഒ കണക്കുകള്‍.

വിവാഹമില്ലാതെ എന്താഘോഷം…..!

വിവാഹിതരാകുന്ന മധ്യവയസ്‌കരുടെ എണ്ണം അയര്‍ലണ്ടില്‍ കുതിക്കുന്നതായി സി എസ് ഒ കണക്കുകള്‍ പറയുന്നു.കഴിഞ്ഞ 10 വര്‍ഷത്തിനിടെ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ വിവാഹങ്ങള്‍ ഇരട്ടിയിലേറെയാണ് വര്‍ധിച്ചത്.

രാജ്യത്ത് ഇവരുടെ വിവാഹങ്ങളുടെ എണ്ണം 2012 നും 2022 നും ഇടയില്‍ 505ല്‍ നിന്ന് 1,028 ആയെന്ന് കണക്കുകള്‍ പറയുന്നു.അതേ സമയം,65 വയസ്സിനു മുകളിലുള്ളവരുടെ വിവാഹങ്ങളുടെ എണ്ണം 2013നും 2023നും ഇടയില്‍ 40%വും വര്‍ധിച്ചു.’പുതിയ ദമ്പതികളുടെ’ എണ്ണം 569,000ല്‍ നിന്ന് 806,000 ആയാണ് കൂടിയത്. 2051ഓടെ 1.6 മില്യണിലെത്തുമെന്ന് സി എസ് ഒ വിഭാവനം ചെയ്യുന്നു.

അയര്‍ലണ്ടിലെ ആളുകളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും ഇവര്‍ വളരെ ആക്ടീവായി തുടരുന്നുവെന്നുമാണ് ഈ ആവേശം കാണിക്കുന്നതെന്ന് സി എസ് ഒ ആരോഗ്യ വിഭാഗം സ്റ്റാറ്റിസ്റ്റിഷ്യന്‍ സാറാ ക്രില്ലി പറഞ്ഞു.

വാഹനം ഓടിക്കാനും ജോലിയിലും മുന്നില്‍

ഫുള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കുന്ന പ്രായമായവരുടെ എണ്ണവും പത്തുവര്‍ഷത്തിനുള്ളില്‍ ഗണ്യമായി വര്‍ധിച്ചു.70 വയസ്സും അതില്‍ കൂടുതലുമുള്ള ലൈസന്‍സികള്‍ 80%മാണ് കൂടിയത്. ഇവരുടെ എണ്ണം 2,05,000ല്‍ നിന്ന് 3,66,000 വര്‍ധിച്ചു.വൈകിയ ജീവിത വേളയില്‍ ജോലിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണവും കൂടി.2023ന്റെ മൂന്നാം പാദത്തിലെ കണക്കനുസരിച്ച് പുതുതായി ജോലി നേടിയ 65കാരുടെ എണ്ണം 1,13,000 ആണ്.ആഴ്ചയില്‍ 31മണിക്കൂറാണ് ഇവര്‍ ജോലി ചെയ്യുന്നത്.

രാത്രി യാത്രകള്‍… പിന്നല്ല….!

2017 നും 2021 നും ഇടയില്‍, 65 വയസും അതില്‍ കൂടുതലുമുള്ളവര്‍ നടത്തിയ രാത്രി യാത്രകളും വര്‍ധിച്ചു. ഇവരുടെ യാത്രയുടെ എണ്ണം 125,000ല്‍ നിന്ന് 269,000 ആയാണ് കൂടിയത്.ആഴ്ചയില്‍ ബസ് ഉപയോഗിക്കുന്ന 75 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകളുടെ എണ്ണം ഇരട്ടിയോളം കൂടിയെന്ന് കണക്കുകള്‍ പറയുന്നു.ആഴ്ചയില്‍ സ്ത്രീകളാണ് (13%) പുരുഷന്മാരേ(7%)ക്കാള്‍ കൂടുതല്‍ ബസ്സില്‍ കയറുന്നത്.

ഇന്റര്‍നെറ്റില്‍ കാര്യമില്ലെന്ന് !

എന്നാല്‍ ഇന്റര്‍ നെറ്റ് ഉപയോഗത്തില്‍ ഇവര്‍ താല്‍പ്പര്യം കാട്ടുന്നില്ലെന്ന് കണക്കുകള്‍ പറയുന്നു.75വയസ്സുള്ള പകുതിയില്‍ താഴെ (42%) പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടേയില്ലെന്ന് കണക്കുകള്‍ പറയുന്നു.60 മുതല്‍ 74 വയസ്സുവരെയുള്ളവരില്‍ 13% പേര്‍ മാത്രമാണ് ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്നത്.

കുറ്റകൃത്യവും വഴങ്ങും

മുതിര്‍ന്ന കുറ്റവാളികളുടെ എണ്ണവും കുറവല്ല.2021ല്‍, 60 വയസ്സും അതിനുമുകളിലും പ്രായമുള്ള കുറ്റവാളികള്‍വര്‍ 240 പേരായിരുന്നു.18നും 29നും ഇടയില്‍ പ്രായമുള്ള കുറ്റവാളികളുടെ എണ്ണം 2,187 ആയിരുന്നുവെന്നും കണക്കുകള്‍ പറയുന്നു.

2021നും 2022നും ഇടയില്‍ 65 വയസും അതില്‍ കൂടുതലും പ്രായമുള്ളവരുള്‍പ്പെട്ട കൊലപാതകം, ആക്രമണങ്ങള്‍, ഉപദ്രവങ്ങള്‍, അനുബന്ധ കുറ്റകൃത്യങ്ങള്‍ എന്നിവ റെക്കോര്‍ഡ് വര്‍ധനവുണ്ടായെന്ന് സി എസ് ഒ പറയുന്നു. ഈ ഗണത്തില്‍ നാലിലൊന്ന് വര്‍ധനവാണുണ്ടായതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Comments are closed.