head1
head3

ഇസ്രായേലിനുനേരെ ബാലിസ്റ്റിക് മിസൈലാക്രമണം ,ഇറാനെ പാഠം പഠിപ്പിക്കുമെന്ന് ഇസ്രായേല്‍

ടെല്‍ അവീവ്: ഇസ്രായേലില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണം. ഇറാന്റെ ഭാഗത്തുനിന്നും മിസൈലാക്രമണം ഉണ്ടാകുമെന്ന യുഎസ് മുന്നറിയിപ്പിനു പിന്നാലെയാണ് വ്യോമാക്രമണം ആരംഭിച്ചത്. ജറുസലേമില്‍ ഉള്‍പ്പെടെ അപായ സൈറണുകള്‍ മുഴങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 400 ഓളം മിസൈലുകള്‍
ഇറാന്‍ വിക്ഷേപിച്ചതായാണ് വിവരം. എന്നാല്‍ 180 പ്രൊജക്റ്റൈലുകള്‍ ഇറാന്‍ ഇസ്രയേലിനു നേരെ പ്രയോഗിച്ചതായാണ് ഇസ്രായേല്‍ സൈന്യത്തിന്റെ പ്രാഥമിക കണക്ക്.

ഹമാസിനെയും, ഹിസ്ബുല്ലയെയും പോറ്റിവളര്‍ത്തിയ ഇറാന്‍ ,അവരുടെ മുന്‍നിര പോരാളികളെ നിലംപരിശയാക്കിയ ഇസ്രായേലിനെതിരെ ഏത് സമയവും ഗുരുതരമായ ആക്രമണം നടത്തുമെന്ന് ഇന്ന്രാവിലെ മുതല്‍ സൂചനകള്‍ ഉണ്ടായിരുന്നു.

ഇസ്രായേലിന്റെ അയണ്‍ ഡോം മിസൈലുകളെ, പ്രതിരോധിച്ചുവെന്ന വിവരം ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ടെങ്കിലും ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതൊഴിച്ചാല്‍ ആള്‍നാശമുണ്ടായില്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്.ആക്രമണത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള ആശങ്കയാണ് ഉയരുന്നത്.

ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയതായി ഇറാനും സ്ഥിരീകരിച്ചു.ആദ്യഘട്ടത്തില്‍ നൂറിലധികം മിസൈലുകളാണ് ഇറാന്‍ ഇസ്രായേലിനുനേരെ തൊടുത്തുവിട്ടത്. ജോര്‍ദാന്‍ നഗരങ്ങള്‍ക്ക് മുകളിലൂടെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇതിനിടെ, ടെല്‍ അവീവിലെ ജാഫ്‌നയില്‍ അക്രമി ജനക്കൂട്ടത്തിനേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണം ആണെന്ന് കരുതുന്നതായി ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു.

ഇസ്രായേലിലെ പരക്കെ അതിശക്തമായ ആക്രമണമാണ് നടക്കുന്നതെന്ന് ഇസ്രായേലിലുള്ള മലയാളികള്‍ പ്രതികരിച്ചു.മിസൈലാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ ബങ്കറുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിക്കണമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചിരുന്നു..

നേരിടും, മുന്നേറും ,ഞങ്ങള്‍ അവര്‍ക്കായി കാത്തിരിക്കുകയാണ്

ഇന്ന് ഇസ്രയേലിനെതിരായ ഇറാന്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് റിയര്‍ അഡ്മിന്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.”ഞങ്ങള്‍ക്ക് നേരെ ഗുരുതരമായ ആക്രമണമുണ്ടായി, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും,” ഹഗാരി പറഞ്ഞു. ഇറാനില്‍ നിന്ന് ഇസ്രായേല്‍ ഭീഷണി നേരിടുന്നത് ഇതാദ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഞങ്ങള്‍ അവര്‍ക്കായി കാത്തിരിക്കുകയാണ്.,”ഈ ആക്രമണത്തിന് അനന്തരഫലങ്ങള്‍ ഉണ്ടാകും,’ റിയര്‍ അഡ്മിഷന്‍ ഡാനിയല്‍ ഹഗാരി പ്രസ്താവനയില്‍ പറഞ്ഞു. ‘ഞങ്ങള്‍ക്ക് കൃത്യമായ പദ്ധതികളുണ്ട്, ഞങ്ങള്‍ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും ഞങ്ങള്‍ പ്രവര്‍ത്തിക്കും.’ അദ്ദേഹം പറഞ്ഞു.

ഇസ്രായേലിന് നേരെയുള്ള ഇറാന്റെ ആക്രമണം വെച്ചുപൊറുപ്പിക്കില്ലെന്ന് യുഎസ്
ഇസ്രായേലിന് നേരെയുള്ള ഇറാന്റെ ഏതെങ്കിലും സൈനിക ആക്രമണം വെച്ചുപൊറുപ്പിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി, ഇത് ഇറാനെ സംബന്ധിച്ചിടത്തോളം ”ഗുരുതരമായ” പ്രത്യാഘാതങ്ങള്‍ക്ക് കളമൊരുക്കും .അമേരിക്കന്‍ ഗവണ്‍മെന്റ് മിഡില്‍ ഈസ്റ്റില്‍ സേനയെ വര്‍ധിപ്പിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. കൂടുതല്‍ സൈനികര്‍ ഈ മേഖലയില്‍ ഇതിനകം നിലയുറപ്പിച്ചിരിക്കുന്നവരോടൊപ്പം ചേരും. അധിക വിമാന വിന്യാസങ്ങളും അമേരിക്കന്‍ പിന്തുണയില്‍ ഉണ്ടാവും.

യുഎസും ആഗോള ശക്തികളും വിശാലമായ ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍, പ്രാദേശിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് യൂ എസ് സൈനീക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. വാര്‍ റൂമില്‍ ജോ ബൈഡനും,കമലാ ഹാരീസുമെത്തിയത് അമേരിക്കയുടെ ,ഇടപെടലിന്റെ കൃത്യമായ സൂചനയാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക     https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Leave A Reply

Your email address will not be published.

error: Content is protected !!