ഡബ്ലിന്‍ : ‘അഭയാര്‍ത്ഥി ബിസിനസ്സില്‍ ‘ തടിച്ചുകൊഴുത്ത് അയര്‍ലണ്ടിലെ ഹോട്ടല്‍ വ്യവസായ സ്ഥാപനങ്ങള്‍. ടി ഡിമാര്‍ അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും വ്യവസായ ഭീമന്മാരുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ഈ ‘ജീവകാരുണ്യ’ത്തിന്റെ പങ്കുപറ്റി വീര്‍ക്കുകയാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റഗ്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉക്രൈയ്നില്‍ നിന്നടക്കമുള്ള അഭയാര്‍ത്ഥികളെയും ഐ പി എ എസ് അപേക്ഷകരെയും തീറ്റിപ്പോറ്റുന്നതിന് ദിവസവും 5 മില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നുമൊഴുക്കുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റഗ്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉക്രൈയ്നില്‍ നിന്നടക്കമുള്ള അഭയാര്‍ത്ഥികളെയും ഐ പി എ എസ് അപേക്ഷകരെയും പാര്‍പ്പിക്കുന്നതിന് ആറ് മാസത്തെ ചെലവ് 922.43 മില്യണ്‍ യൂറോയാണെന്ന് കണക്കുകള്‍ പറയുന്നു.ഇതില്‍ ഉക്രേനിയന്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കുന്നതിനു മാത്രം 467.74 മില്യണ്‍ യൂറോയാണ് ചെലവിട്ടത്.
ഐ പി എ എസ് പേയ്‌മെന്റുകള്‍ വര്‍ഷം തോറും 48% വീതം വര്‍ദ്ധിച്ചതായി കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 162.4 മില്യണ്‍ യൂറോയായിരുന്നു ഈയിനത്തില്‍ ചെലവിട്ടത്.എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെമാത്രം 239.75 മില്യണ്‍ യൂറോ ചെവഴിച്ചു.
അഭയാര്‍ത്ഥി ബിസിനിസ്സില്‍ തഴച്ചുവളര്‍ന്ന് ഹോട്ടലുകള്‍
രാജ്യത്തെ മറ്റ് പ്രമുഖ ഹോട്ടലുകളും അഭയാര്‍തഥി ബിസിനസില്‍ തഴച്ചുവളരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ഉക്രേനിയക്കാരെ താമസിപ്പിക്കുന്നതിന് ഏറ്റവും കൂടുതല്‍ പേയ്‌മെന്റുകള്‍ ലഭിച്ചത് ടോട്ടല്‍ എക്്സ്പീരിയന്‍സ് ലിമിറ്റഡിനാണ്.
രണ്ടാം പാദത്തില്‍ 9 മില്യണ്‍ യൂറോയാണ് കമ്പനിക്ക് ലഭിച്ചതെന്ന് പുതിയ കണക്കുകള്‍ പറയുന്നു. ആദ്യ പാദത്തില്‍ കമ്പനി 7.7 മില്യണ്‍ യൂറോയും നേടിയിരുന്നു.
ദ്രോഗെഡയിലെ ഡി ഹോട്ടലില്‍ അഭയാര്‍ത്ഥികള്‍ക്കായി ചെലവിട്ട തുകയും വിവാദമുണ്ടാക്കി. രണ്ടാം പാദത്തില്‍ 5.6 മില്യണ്‍ യൂറോ ഇവര്‍ക്ക് നല്‍കിയതാണ് വിവാദമായത്. മോണഗാന്‍ ജി എ എ ഫുട്ബോള്‍ മുന്‍ മാനേജര്‍ സീമസ് ‘ബാന്റി’ മക്ഇനാനിയുടെ നിയന്ത്രണത്തിലുള്ള ബ്രിംവുഡ് യു സി കമ്പനി വന്‍ തുക സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയതായി രേഖയുണ്ട്.രണ്ടാം പാദത്തില്‍ 10.1മില്യണ്‍ യൂറോ കൈപ്പറ്റിയതിന് പുറമേ കഴിഞ്ഞ അഞ്ച് പാദങ്ങളിലായി 35.6മില്യണ്‍ യൂറോയും ഇവര്‍ക്ക് ലഭിച്ചു.
കൂട്ടത്തില്‍ ഇന്‍ഡിപെന്‍ഡന്റ് ടിഡിയുടെ സ്ഥാപനവും
കെറിയിലെ ഇന്‍ഡിപെന്‍ഡന്റ് ടിഡി മീഹോള്‍ ഹീലി റേയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ കെറിയിലെ റോസ്മൗണ്ട് ഗസ്റ്റ്ഹൗസിന് ഉക്രേനിയന്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ 122,360 മില്യണ്‍ യൂറോയാണ് രണ്ടാം പാദത്തില്‍ നല്‍കിയത്.ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന് മുമ്പ് ഗസ്റ്റ് ഹൗസ് 917,970 യൂറോയും കൈപ്പറ്റിയിരുന്നു.
കേപ് വ്രാത്ത് ഹോട്ടല്‍ യു സിക്കും വന്‍തുക ലഭിച്ചു
രാജ്യത്തെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയുടെ ഭാഗമായ കേപ് വ്രാത്ത് ഹോട്ടല്‍ യു സിക്കും വന്‍തുക ലഭിച്ചു.ടെട്രാര്‍ച്ച് ക്യാപിറ്റല്‍ ഗ്രൂപ്പിന്റെ സിറ്റി വെസ്റ്റ് ഇന്‍ സാഗര്‍ട്ടാണ് ഇതിന്റെ ഉടമ.
രണ്ടാം പാദത്തില്‍ ഉക്രേനിയക്കാരെയും മറ്റ് അഭയാര്‍ത്ഥികളെയും താമസിപ്പിച്ചതിന് ഈ സ്ഥാപനത്തിന് 17.64 മില്യണ്‍ യൂറോ ലഭിച്ചുവെന്ന് കണക്കുകള്‍ കാണിക്കുന്നു. ഇതില്‍ 14.05 മില്യണ്‍ യൂറോയും ചെലവിട്ടത് ഉക്രേനിയക്കാര്‍ക്ക് താമസസൗകര്യം നല്‍കുന്നതിനാണ്.
ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ മാത്രം ഐ പി അപേക്ഷകരെയും ഉക്രേനിയക്കാരെയും താമസിപ്പിച്ചതിന് കേപ് വ്രാത്ത് 34.4 മില്യണ്‍ യൂറോ കൈപ്പറ്റി.ഉക്രേനിയക്കാര്‍ക്കും ഐ പി അപേക്ഷകര്‍ക്കും ബോര്‍ഡ് ആന്റ് അക്കൊമൊഡേഷനുമായി 2023ല്‍ 53.7 മില്യണ്‍ യൂറോയുമായിരുന്നു ചെലവിട്ടത്.
ബ്രെഫി ഹൗസ് റിസോര്‍ട്ട്, ട്രാവ്‌ലോഡ്ജ് ഗൂപ്പ് ,ഹോളിഡേ ഇന്‍… നീളുന്ന പട്ടിക
രണ്ടാം പാദത്തില്‍ മയോയിലെ ബ്രെഫി ഹൗസ് റിസോര്‍ട്ടില്‍ ഉക്രേനിയക്കാരെയും ഐ പി അപേക്ഷകരെയും താമസിപ്പിച്ചതിന് 3.1 മില്യണ്‍ യൂറോ ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ട്രാവ്‌ലോഡ്ജ് ഗ്രൂപ്പ് ഹോട്ടലുകള്‍ക്ക് രണ്ടാം പാദത്തില്‍ 7.97 മില്യണ്‍ യൂറോയും ഇവര്‍ക്ക് ലഭിച്ചു, ആദ്യ പാദത്തില്‍ 11.18 മില്യണ്‍ യൂറോയും ഇവര്‍ക്ക് കിട്ടി.
ഹോളിഡേ ഇന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് ആദ്യ മൂന്ന് മാസത്തേക്ക് മാത്രം 5.6 മില്യണ്‍ യൂറോയും റെഡ് കൗ ഹോട്ടല്‍ ഓപ്പറേറ്ററായ ഗസ്റ്റ്ഫോര്‍ഡ് ലിമിറ്റഡിന് 8.45 മില്യണ്‍ യൂറോയും ലഭിച്ചു.
ടിഫ്കോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ രണ്ടാം പാദത്തില്‍ 4.28മില്യണ്‍ യൂറോ സ്വന്തമാക്കി. ഹോട്ടല്‍ വ്യവസായിയായ പാട്രിക് കോയിലിന്റെ ഉടമസ്ഥതയിലുള്ള ഡബ്ലിനിലെ വിന്‍വാര്‍ഡ് മാനേജ്‌മെന്റ് ലിമിറ്റഡിന് ആദ്യ പാദത്തില്‍ ഉക്രേനിയക്കാരെ താമസിപ്പിച്ചതിന് 5.8 മില്യണ്‍ യൂറോ ലഭിച്ചു
ഐ പി അപേക്ഷകരെ താമസിപ്പിക്കുന്നതിന് മോസ്‌നി ഹോളിഡേയ്‌സ് പി എല്‍ സിക്ക് 14 മില്യണ്‍ യൂറോയാണ് ലഭിച്ചത്. രണ്ടാം പാദത്തില്‍ സെക്യൂരിറ്റി സ്ഥാപനമായ ആള്‍പ്രോ സെക്യൂരിറ്റി സര്‍വീസസിന് 6.65 മില്യണ്‍ യൂറോയും മൂന്നാം പാദത്തില്‍ 8.11 മില്യണ്‍ യൂറോയും ലഭിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/