head1
head3

80 ബില്യണ്‍ യൂറോയുടെ ചിപ്പ് വികസന പദ്ധതിയുമായി ഇന്റല്‍, അയര്‍ലണ്ടിനും നേട്ടം

ഡബ്ലിന്‍ : വാഹന നിര്‍മ്മാണ രംഗത്ത് കുതിപ്പ് ലക്ഷ്യമിട്ട് യൂറോപ്യന്‍ യൂണിയന്റെ ചിപ്പ് ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള 80 ബില്യണ്‍ യൂറോയുടെ പദ്ധതിയുമായി ഇന്റല്‍. അടുത്ത പത്ത് വര്‍ഷത്തിനുള്ളിലാകും ചിപ്പ് വികസന പദ്ധതികളില്‍ നിക്ഷേപം നടത്തുകയെന്ന് ഇന്റല്‍ സി.ഇ.ഒ പാറ്റ് ഗെല്‍സിംഗര്‍ വെളിപ്പെടുത്തി. കാര്‍ നിര്‍മ്മാതാക്കള്‍ക്കായി ഇന്റല്‍ അയര്‍ലണ്ടില്‍ സെമി കണ്ടക്ടര്‍ പ്ലാന്റ് തുറക്കുന്നതിനാണ് പദ്ധതിയെന്ന് സി.ഇ.ഒ പറഞ്ഞു. മ്യൂണിക്കിന്റെ ഐ.എ.എ ഓട്ടോ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷാവസാനത്തോടെ കമ്പനി രണ്ട് പ്രധാന പുതിയ യൂറോപ്യന്‍ ചിപ്പ് ഫാബ്രിക്കേഷന്‍ പ്ലാന്റുകള്‍ പ്രഖ്യാപിക്കുമെന്നും ഗെല്‍സിംഗര്‍ പറഞ്ഞു. ജര്‍മ്മനിയിലും ഫ്രാന്‍സിലുമാണ് പ്ലാന്റുകളുടെ സാധ്യത തേടുന്നത്. നിലവില്‍ ഇന്റല്‍ സാന്നിധ്യമുള്ള പോളണ്ടും ചിത്രത്തിലുണ്ട്.

പുറത്തുനിന്നുള്ളവര്‍ക്ക് ഉപയോഗിക്കാനായി ചിപ്പ് ഫാക്ടറികള്‍ തുറക്കാന്‍ പദ്ധതിയുണ്ടെന്ന് ഇന്റല്‍ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. ലോകമെമ്പാടുമുള്ള ഉല്‍പ്പാദന ക്ഷാമം പരിഹരിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്കായി ചിപ്പുകള്‍ നിര്‍മ്മിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നുവെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണോ ഇപ്പോഴത്തെ പ്രഖ്യാപനമെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ടയറുകളുള്ള കമ്പ്യൂട്ടറുകളായി കാറുകള്‍ മാറുമെന്ന് ഇന്റല്‍ സി.ഇ.ഒ

കാറുകള്‍ ടയറുകളുള്ള കമ്പ്യൂട്ടറുകളായി മാറാനൊരുങ്ങുകയാണെന്ന് സി.ഇ.ഒ പറഞ്ഞു. നിങ്ങള്‍ക്ക് ഞങ്ങളെ വേണം, ഞങ്ങള്‍ക്ക് നിങ്ങളെ വേണം. യൂറോപ്പിനെ നവീകരണ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇന്റലിന്റെ നിര്‍ദ്ദിഷ്ട യൂറോപ്യന്‍ നിക്ഷേപ പദ്ധതിക്ക് യൂറോപ്യന്‍ യൂണിയന്‍ സഹായം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഗെല്‍സിംഗര്‍ പറഞ്ഞു.

ബിഎംഡബ്ല്യു, ഫോക്‌സ്വാഗണ്‍, ഡൈംലര്‍, ബോഷ് എന്നിവയുള്‍പ്പെടെ നൂറോളം വാഹന നിര്‍മാതാക്കളും പ്രധാന വിതരണക്കാരും ഈ പ്രോഗ്രാമുകള്‍ക്ക് പിന്തുണ അറിയിച്ചതായി ഇന്റല്‍ പറഞ്ഞു. ഇന്റല്‍ 16 നിര്‍മ്മാണ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിപ്പുകള്‍ നിര്‍മ്മിക്കാന്‍ പഠിക്കാനും, പിന്നീട് ഇന്റല്‍ 3, ഇന്റല്‍ 18 എന്നീ ടെക്നോളജികളിലേക്ക് മാറാനും കാര്‍ നിര്‍മ്മാതാക്കളെ സഹായിക്കുകയെന്നതാണ് ഇന്റല്‍ ഫൗണ്ടറി സര്‍വീസസ് ആക്സിലറേറ്റര്‍ ലക്ഷ്യമിടുന്നതെന്ന് സിഇഒ പറഞ്ഞു. നിര്‍മ്മാണ പ്രക്രിയകള്‍ വളരെ വേഗത്തിലാക്കാന്‍ ഇതിലൂടെ ഓട്ടോമോട്ടീവ് വ്യവസായത്തിന് സാധിക്കുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

2030 ഓടെ വാഹനങ്ങളുടെ വിലയുടെ 20% -വും ചിപ്പുകളായിരിക്കുമെന്ന് ഗെല്‍സിംഗര്‍ പറഞ്ഞു. 2019 -ലെ ചെലവില്‍ നിന്ന് അഞ്ച് മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

- Advertisement -

Comments are closed.