head1
head3

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ട്രോളിയിലായത് എണ്ണായിരത്തോളം രോഗികള്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ബെഡ് കിട്ടാനായി ആശുപത്രികളില്‍ കാത്തിരിക്കുന്നത്് എണ്ണായിരത്തോളം രോഗികളെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് ഓര്‍ഗനൈസേഷന്റെ വെളിപ്പെടുത്തല്‍. ജൂലൈ മാസത്തില്‍ 138 കുട്ടികള്‍ ഉള്‍പ്പെടെ 7,832 രോഗികളാണ് ആശുപത്രികളില്‍ കിടക്കകളില്ലാതെ കഷ്ടപ്പെട്ടത്.

ഈ വര്‍ഷം ഇതുവരെ 72,391 രോഗികളാണ് കിടക്കകളില്ലാതെ ആശുപത്രികളില്‍ വലഞ്ഞത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധനവാണിത്.വിന്റര്‍ പ്ലാനിംഗിന്റെ ആവശ്യകതയും മുന്നറിയിപ്പുമാണ് ഈ കണക്കുകള്‍ വെളിവാക്കുന്നതെന്ന് ഐ എന്‍ എം ഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ദ പറഞ്ഞു.

വിന്ററിന് മുമ്പ് അണുബാധ നിയന്ത്രണ നടപടികള്‍ വിലയിരുത്തണമെന്നും ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.അണുബാധയെ തുടര്‍ന്ന് ജൂലൈയില്‍ കെറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലടക്കമുള്ള ആശുപത്രികള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. സന്ദര്‍ശകരെ അനുവദിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതും ഐ എന്‍ എം ഒ ചൂണ്ടിക്കാട്ടുന്നു.മുമ്പുണ്ടായിരുന്നതിൽ നിന്നും വ്യത്യസ്‍തമായി കുട്ടികളെ പോലും ട്രോളികളിൽ കിടത്തി ചികിത്സിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ.ട്രോളികളിൽ കഴിയേണ്ടിവരുന്ന കുട്ടികളുടെ എണ്ണം അഞ്ചിരട്ടി വരെ ഉയർന്നു.

വരും മാസങ്ങളില്‍ ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് എച്ച് എസ് ഇ വ്യക്തമാക്കണമെന്ന് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.എച്ച് എസ് ഇയ്ക്കായി ഒരു വര്‍ഷം നീണ്ട പദ്ധതി കാബിനറ്റ് ഒപ്പുവെച്ചതായി റിപ്പോര്‍ട്ടുണ്ട്. അതില്‍ ജീവനക്കാരെ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തണം.

കഴിഞ്ഞ ആഴ്ച പറത്തുവന്ന ഹിക്വ അയര്‍ലണ്ടിന്റെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അയര്‍ലണ്ടിന്റെ ആശുപത്രികളുടെ ശോചനീയ സ്ഥിതി വെളിപ്പെടുത്തുന്നതാണ്. സ്റ്റാഫിംഗ് പ്രശ്നങ്ങള്‍ മൂലം രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷയില്‍ വിട്ടുവീഴ്ച സമീപനമാണ് ബഹുഭൂരിപക്ഷം ആശുപത്രികളിലുമെന്ന് ഹിക്വ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.