head3
head1

അയര്‍ലണ്ടിന്റെ ഇന്‍ഹെരിറ്റന്റ്സ് ടാക്സ് വന്‍ കൊള്ളയെന്ന് ആരോപണം.

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ഇന്‍ഹെരിറ്റന്റ്സ്  ടാക്സ് വന്‍ കൊള്ളയെന്ന് ആരോപണം.’മരിച്ച’വരില്‍ നിന്നും പണം മോഷ്ടിക്കുന്നതിന് തുല്യമാണിതെന്ന് ‘ഇന്‍ഹെറിറ്റന്‍സ് ടാക്സ് റിഫോം കാമ്പെയ്ന്‍’ (ഐ ടി ആര്‍ സി) ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും പാരമ്പര്യ കുടുംബ സ്വത്തുക്കൾ, മക്കൾക്കു   കൈമാറുമ്പോൾ നികുതി നൽകേണ്ടതില്ലെങ്കിലും അയർലണ്ടിൽ അത് പോര. ഒരു ജീവിതകാലം   മുഴുവൻ പണിയെടുത്ത് മോർട്ട് ഗേജ് തിരിച്ചടയ്ക്കാനുണ്ടെങ്കിലും സർക്കാർ നിശ്‌ചയിച്ച പരിധിയിലും അധികം  വില കൂടിയ വീടാണ് വാങ്ങുന്നതാണെങ്കിൽ  ,അത് മക്കൾക്ക് കൈമാറുമ്പോഴും പരിധിയിൽ അധികം വരുന്ന തുകയുടെ    33 %  സർക്കാരിലേയ്ക്ക് ഇൻഹെറിറ്റൻറ്സ് ടാക്സ് അടയ്ക്കണം എന്നാണ് നിയമം .അയര്‍ലണ്ടില്‍ 3,35,000 യൂറോ വരെ ഒരാള്‍ക്ക് അനന്തരാവകാശമായി സ്വീകരിക്കാം.അങ്കിള്‍, ആന്റി, സഹോദരങ്ങള്‍ എന്നിവരില്‍ നിന്ന് 32,500 യൂറോ വരെയും നികുതിരഹിതമായി സ്വീകരിക്കാം.ഇതിന് മുകളിലുള്ള തുകയ്ക്ക് 33% നികുതിയാണ് സര്‍ക്കാര്‍ ചുമത്തുക.ഇത് അന്യായമാണെന്ന പരാതിയാണുയരുന്നത്.

ഭര്‍ത്താവോ ഭാര്യയോ മരിച്ചാല്‍ പങ്കാളികള്‍ ഇന്‍ഹെരിറ്റന്‍സ് ടാക്സ് നല്‍കേണ്ടതില്ല.എന്നാല്‍
മക്കള്‍ , കൊച്ചുമക്കള്‍, മരുമക്കള്‍ എന്നിവരെയാണ് റവന്യു പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ഇന്‍ഹെരിറ്റന്‍സ് ടാക്സ് വിമര്‍ശകര്‍ പറയുന്നു.ഇതനുസരിച്ച്  അഞ്ച് ലക്ഷം യൂറോ മതിപ്പ് വിലയുള്ള  ഒരു വീട് സ്വന്തം മക്കൾക്ക്  കൈമാറണമെങ്കിൽ പോലും അവർ സൗജന്യ പരിധിയായ  3,35,000 യൂറോ കഴിഞ്ഞുള്ള തുകയ്ക്ക് 33 ശതമാനം നികുതി ( 54450 യൂറോ) നൽകേണ്ടതുണ്ട്

കൂട്ടിയ നികുതി കുറച്ചില്ല

ഇപ്പോഴത്തെ നികുതിയുടെ തോത് സെല്‍റ്റിക് ടൈഗര്‍ കാലഘട്ടത്തേക്കാള്‍ ഉയര്‍ന്നതാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.2006, 2007,2008 കാലത്ത് മാതാപിതാക്കളില്‍ നിന്ന് ഒരു കുട്ടിക്ക് 5,42,000 യൂറോ വരെ മൂല്യമുള്ള സ്വത്ത് നികുതി രഹിത അവകാശമായി സ്വന്തമാക്കാനാകുമായിരുന്നു.

അതിന് മുകളിലുള്ള സ്വത്തിന് 20% ഇന്‍ഹെരിറ്റന്‍സ് നികുതിയാണ് നല്‍കേണ്ടിയിരുന്നത്.എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നികുതി വര്‍ദ്ധിപ്പിച്ചു. അത് ഇനിയും കുറച്ചിട്ടില്ല.

സമ്പന്നരായ ആളുകളെ മാത്രം ബാധിക്കുന്നതാണ് ഈ നികുതിയെന്നും ഈ പണം ആരോഗ്യം , വിദ്യാഭ്യാസം തുടങ്ങിയ പബ്ലിക് സര്‍വ്വീസിനു വേണ്ടിയാണ് ചെലവിടുന്നതെന്നും ഒരു വിഭാഗം വാദിക്കുന്നു.എന്നിരുന്നാലും ഇത് ഇത്തിരി അധികമാണെന്നും ഉടന്‍ പരിഷ്‌കരിക്കണമെന്നാണ് ഐ ടി ആര്‍ സി നിലപാട്.

അന്യായമല്ലേ…ആണോ…?

ഇത് തികച്ചും അന്യായമാണെന്ന് ഇന്‍ഹെറിറ്റന്‍സ് ടാക്സ് റിഫോം കാമ്പെയ്ന്‍ (ഐ ടി ആര്‍ സി) ചെയര്‍പേഴ്‌സണ്‍ അലന്‍ ഷാറ്റര്‍ പറയുന്നു.പാരമ്പര്യ സ്വത്തുക്കള്‍ക്ക് മേല്‍ നികുതി ഈടാക്കാത്ത ഓസ്‌ട്രേലിയ,ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്‍ഹെരിറ്റന്‍സ് ടാക്സ് കുടുംബ അവകാശം കവര്‍ന്നെടുക്കുന്നതും സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റവുമാണെന്നാണ് ഈ രാജ്യങ്ങളുടെ കാഴ്ചപ്പാടെന്നും ഇദ്ദേഹം വിശദീകരിക്കുന്നു.

കൊള്ളയടിക്കുന്നതിന് തുല്യം

അനന്തരാവകാശമായി ലഭിച്ച സ്വത്ത് നേരിട്ട് അപഹരിക്കുകയെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.ഈ നിയമം ഏകപക്ഷീയവും കാലഹരണപ്പെട്ടതുമാണെന്നും ഒട്ടേറെ കുടുംബങ്ങളെ ദോഷകരമായി ബാധിക്കുന്നതാണെന്നും മുന്‍ നീതിന്യായ മന്ത്രിയും ടി ഡിയുമായിരുന്ന അലന്‍ ഷാറ്റര്‍ പറയുന്നു.നികുതിയുടെ പേരില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരെ ‘പിഴിഞ്ഞെടുക്കുകയാണെന്ന് ‘ അദ്ദേഹം ആരോപിക്കുന്നു.

സ്വന്തമായി വീടില്ലാതെ വാടകയ്ക്കും മറ്റും താമസിക്കുന്ന ചെറുപ്പക്കാര്‍ പരമ്പരാഗതമായി ലഭിച്ച സ്വത്തുപയോഗിച്ച് വീടു വാങ്ങാന്‍ പാടുപെടുന്നതിനിടയില്‍ സര്‍ക്കാര്‍ നികുതിയുടെ പേരില്‍ വലിയ അന്യായമാണ് കാണിക്കുന്നതെന്നും മുന്‍ മന്ത്രി ആരോപിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Comments are closed.

error: Content is protected !!