head3
head1

സലാം ഡബ്ലിന്‍ …! ഇനി അടുത്ത വര്‍ഷം കാണാം

ഡബ്ലിന്‍: വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലേറ്റ പരാജയത്തിന്റെ നിരാശ അയര്‍ലണ്ടിനെതിരെ കളിച്ച് തീര്‍ത്തിരിക്കുകയാണ് ടീം ഇന്ത്യ. തൊട്ടുമുമ്പ് നടന്ന വിന്‍ഡീസിനെതിരായ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 2-3നായിരുന്നു ഇന്ത്യ കൈവിട്ടത്.

പക്ഷെ പുതിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയ്ക്കു കീഴില്‍ ഐറിഷ് പടയ്ക്കെതിരേ അത്തരം പിഴവുകളൊന്നും ഇന്ത്യ വരുത്തിയില്ല. മഴ വില്ലനായതോട മൂന്നു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരാനായില്ലെങ്കിലും 2-0ന് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ടീമിനു സാധിച്ചു.ഇന്നലെ ഡബ്ലിനില്‍ പെയ്ത മഴയെ തുടര്‍ന്നാണ് കളി ഉപേക്ഷിക്കേണ്ടി വന്നത്.

ബുംറയ്ക്കു കീഴില്‍ ഒട്ടും അനുഭവസമ്പത്തിലാത്ത യുവനിരയെയാണ് പരമ്പരയില്‍ ഇന്ത്യ പരീക്ഷിച്ചത്. ബുംറയെ മാറ്റിനിര്‍ത്തിയാല്‍ ടീമില്‍ അല്‍പ്പമെങ്കിലും മല്‍സരപരിചയമുള്ള താരം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായിരുന്നു. ഏഷ്യാ കപ്പ് മുന്നില്‍ കണ്ടായിരുന്നു പ്രധാന താരങ്ങള്‍ക്കെല്ലാം പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയത്. പരമ്പരനേട്ടത്തോടൊപ്പം ചില പോസിറ്റീവുകളും ഇന്ത്യക്കുണ്ടെന്നു കാണാം. ഇവ എന്തൊക്കെയാണെന്നു നോക്കാം.

പരിക്കു ഭേദമായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവാണ് ആദ്യത്തെ പോസിറ്റീവ്. 11 മാസത്തോളമായി പരിക്കേറ്റ് അദ്ദേഹം കളത്തിനു പുറത്തായിരുന്നു. രണ്ടു കളിയില്‍ നിന്നും നാലു വിക്കറ്റുകളോടെ പ്ലെയര്‍ ഓഫ് ദി സീരീസായാണ് ബുംറ തന്റെ മടങ്ങിവരവ് ആഘോഷിച്ചത്. ഏഷ്യാ കപ്പും ലോകകപ്പും നടക്കാനിരിക്കെ ബുംറയുടെ പ്രകടനവും ഫിറ്റ്നസും ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയുടെ തിരിച്ചുവരവാണ് ഇന്ത്യയുടെ രണ്ടാമത്തെ വലിയൊരു പോസിറ്റീവ്. ബുംറയെപ്പോലെ അദ്ദേഹവും പരിക്കേറ്റ് മല്‍സരരംഗത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു. അയര്‍ലണ്ടുമായുള്ള പരമ്പര പ്രസിദ്ധിന്റെ മടങ്ങിവരവിനു വേദിയായി മാറുകയായിരുന്നു. നാലു വിക്കറ്റുകളുമായി താരം തിളങ്ങുകയും ചെയ്തു. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും നന്നായി ബൗള്‍ ചെയ്യുന്നതിനൊപ്പം വിക്കറ്റുകളെടുക്കാനും പേസര്‍ക്കു സാധിച്ചു. ഈ പരമ്പരയിലെ പ്രകടനം അദ്ദേഹത്തെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലുമെത്തിച്ചിരുന്നു.

റിങ്കു സിങിലൂടെ പുതിയൊരു ഫിനിഷറെ ടീം ഇന്ത്യക്കു ലഭിച്ചുവെന്നതാണ് ടി20 പരമ്പരയിലെ മൂന്നാമത്തെ പോസിറ്റീവ് കാര്യം. രണ്ടാം ടി20യില്‍ മാത്രമേ താരത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചുള്ളൂ. റിങ്കു അതു ശരിക്കും മുതലാക്കുകയും ചെയ്തു. 21 ബോളില്‍ 38 റണ്‍സുമായി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അരങ്ങേറ്റ മല്‍സരത്തില്‍ സ്വന്തമാക്കി. രണ്ടു ഫോറുകളും മൂന്നു സിക്സുമുള്‍പ്പെട്ടതായിരുന്നു റിങ്കുവിന്റെ കിടിലന്‍ ഇന്നിങ്സ്. ഫിനിഷറുടെ റോളില്‍ ദീര്‍ഘകാലം ഇന്ത്യന്‍ ടീമിനായി തനിക്കു കളിക്കാന്‍ സാധിക്കുമെന്നു ഈ പ്രകടനത്തോടെ താരം കാണിച്ചു തന്നിരിക്കുകയാണ്.

യുവ സ്പിന്നര്‍ രവി ബിഷ്നോയിയുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയുടെ നാലാമത്തെ പോസിറ്റീവ്. സീനിയര്‍ ബൗളര്‍മാരുടെ അഭാവത്തില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കാനുള്ള അവസരം ലഭിച്ചത് ബിഷ്നോയിക്ക് ആയിരുന്നു. താരം ഈ റോള്‍ ഭംഗിയാക്കുകയും ചെയ്തു.

രണ്ടു കളിയിലും പവര്‍പ്ലേയില്‍ തന്നെ ബിഷ്നോയിയെ ഇന്ത്യന്‍ നായകന്‍ ബുംറ ബൗള്‍ ചെയ്യാന്‍ കൊണ്ടുവന്നിരുന്നു. ക്യാപ്റ്റന്റെ വിശ്വാസം കാത്ത താരം ടീമിനു ബ്രേക്ക്ത്രൂകള്‍ സമ്മാനിക്കുകയും ചെയ്തു. രണ്ടു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകളാണ് ബിഷ്നോയ് വീഴ്ത്തിയത്. യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ മികച്ച പ്രകടനാണ് ഇന്ത്യയുടെ അഞ്ചാമത്തെ പോസിറ്റീവ്. മുന്‍നിര ഓപ്പണര്‍മാരുടെ അഭാവത്തില്‍ പ്ലെയിങ് ഇലവനില്‍ ലഭിച്ച അവസരം മുതലെടുക്കാന്‍ താരത്തിനു കഴിഞ്ഞു. പരമ്പരയില്‍ ഇന്ത്യയുടെ ടോപ്സ്‌കോററായി മാറിയത് റുതുരാജായിരുന്നു. രണ്ടു കളിയില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം താരം നേടിയത് 77 റണ്‍സാണ്. ആദ്യ മല്‍സരത്തില്‍ 19 റണ്‍സിനു പുറത്തായ റുതുരാജ് രണ്ടാമത്തെ കളിയില്‍ 58 റണ്‍സുമായി ടീമിന്റെ ടോപ്സ്‌കോററായി മാറുകയും ചെയ്തു. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനിരിക്കെ ഈ പ്രകടനം റുതുരാജിന്റെ ആത്മവിശ്വാസമുയര്‍ത്തുമെന്നുറപ്പാണ്.

സഞ്ജുവിനും ,റിങ്കുവിനും ഉപരിയായി ബുംറയ്ക്ക് ഡബ്ലിനിലെ മാലഹൈഡ് സ്റ്റേഡിയത്തിലെ പതിനായിരങ്ങള്‍ നല്‍കിയ പിന്തുണ ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ സ്ഥിരം കളിക്കളങ്ങളിലൊന്നായി അയര്‍ലണ്ട് മാറുമെന്ന പ്രതീക്ഷയിലാണ് ഇന്നലെയും മഴനനയേണ്ടി വന്ന ആരാധകരും ,കളിക്കാരും മാലഹൈഡ് വിട്ടത്

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.