ഡബ്ലിന്‍ : സംയുക്ത സാമ്പത്തിക കമ്മീഷന്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു.2024 അവസാനത്തോടെ സംയുക്ത സാമ്പത്തിക കമ്മീഷന്‍ രൂപീകരിക്കാനാകുമെന്നാണ് ചര്‍ച്ചകള്‍ നല്‍കുന്ന സൂചനകള്‍.
കമ്മീഷന്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളും കൂടുതല്‍ ഉയരത്തിലെത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.വ്യാപാര-സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് കമ്മീഷന്‍ രൂപീകരിക്കുന്നതിന്റെ പ്രഥമ ലക്ഷ്യം.
കഴിഞ്ഞ ദശാബ്ദത്തില്‍ ഉഭയകക്ഷി വ്യാപാരം ഇരട്ടിയായി ഉയര്‍ന്നിരുന്നു.കൂടാതെ 2023-24 സാമ്പത്തിക വര്‍ഷത്തില്‍, ഉഭയകക്ഷി വ്യാപാരം 6.38 ബില്യണ്‍ യു എസ് ഡോളറിലെത്തി.വളരുന്ന സാമ്പത്തിക സഹകരണത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഐ ടി, വിദ്യാഭ്യാസം, ഹെല്‍ത്ത് കെയര്‍, ബിസിനസ് സര്‍വ്വീസ് തുടങ്ങിയ സുപ്രധാന മേഖലകളില്‍ സഹകരണം ആഴത്തിലാക്കാനാണ് കമ്മീഷനിലൂടെ അയര്‍ലണ്ട് ലക്ഷ്യമിടുന്നത്.വളരെ നിര്‍ണ്ണായകവും തന്ത്രപരവുമായ പങ്കാളിത്ത കരാറിന് കമ്മീഷന്‍ വഴിയൊരുക്കുമെന്നും രാജ്യം കരുതുന്നു.
2024 ജനുവരിയില്‍ വിദേശകാര്യ സെക്രട്ടറി ജോ ഹാക്കറ്റിന്റെ ന്യൂഡല്‍ഹി സന്ദര്‍ശന വേളയിലാണ് ഡബ്ലിന്‍ ഏഷ്യ-പസഫിക് തന്ത്രത്തിന്റെ ഇന്ത്യന്‍ വഴി അയര്‍ലണ്ട് തുറന്നത്.
ഏഷ്യ-പസഫിക് മേഖലയിലെ നിര്‍ണായക പങ്കാളിയായാണ് ഇന്ത്യയെ അയര്‍ലണ്ട് കാണുന്നത്.സമ്പൂര്‍ണ്ണ വിപണി പ്രവേശനവും ക്രോസ്-റീജിയണല്‍ പിന്തുണയും ഉപയോഗിച്ച് ഏഷ്യയില്‍ ഐറിഷ് സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും കമ്മീഷന്‍ സഹായകമാകും.
ഫ്രാന്‍സ്, യു എസ്, യു കെ, റഷ്യ തുടങ്ങിയവ 30ലധികം രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് കരാറുകളുണ്ട്. 1997ല്‍ ഫ്രാന്‍സുമായി ഒപ്പുവച്ചാണ് യൂറോപ്യന്‍ രാജ്യവുമായുള്ള തന്ത്രപരമായ പങ്കാളിത്തം തുടങ്ങിവെച്ചത്.തുടര്‍ന്ന് 2023ല്‍ ഇറ്റലിയുമായും ഗ്രീസുമായും കരാറുകളില്‍ ഒപ്പുവച്ചു.
അയര്‍ലണ്ട്് അംബാസഡര്‍ കെവിന്‍ കെല്ലിയുടെ ഇടപെടല്‍
ഇന്ത്യ- അയര്‍ലണ്ട് ബന്ധം ശക്തമാകുന്നതില്‍ ഇന്ത്യയിലെ അയര്‍ലന്‍ഡ് അംബാസഡര്‍ കെവിന്‍ കെല്ലിയുടെ ഇടപെടലുകള്‍ എടുത്തുപറയേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യ-അയര്‍ലണ്ട് നയതന്ത്ര ബന്ധത്തിന്റെ 75ാം വാര്‍ഷിക വേളയില്‍ കെല്ലി ഇന്ത്യയുടെ ദ്രുതഗതിയിലുള്ള ഉയര്‍ച്ചയെ എടുത്തുപറഞ്ഞു.ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ആഗോള സാമ്പത്തിക സ്വാധീനത്തെ പ്രശംസിച്ച കെല്ലി ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു.
ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്നും അദ്ദേഹം ചടങ്ങില്‍ ചൂണ്ടിക്കാട്ടി. അതോടൊപ്പം 1973ലെ ദരിദ്ര യൂറോപ്യന്‍ യൂണിയന്‍ (ഇ യു ) അംഗ രാജ്യത്തില്‍ നിന്ന് 2024ല്‍ ഏറ്റവും സമ്പന്നമായി മാറിയ അയര്‍ലണ്ടിന്റെ കഥയും ഇദ്ദേഹം എടുത്തുകാട്ടി.
സംയുക്ത സാമ്പത്തിക കമ്മീഷന്‍ സ്ഥാപിക്കാനുള്ള അയര്‍ലണ്ടിന്റെ ആഗ്രഹവും കെല്ലി ആവര്‍ത്തിച്ചു.ഏഷ്യ-പസഫിക് മേഖലയില്‍ പ്രാദേശികതലത്തില്‍ മാത്രമല്ല അന്തര്‍ദേശീയ രംഗത്തെയും ലീഡറാണ് ഇന്ത്യയെന്നും കെല്ലി വിശേഷിപ്പിച്ചു.
പ്രാദേശിക ആഗോള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ ഇന്ത്യ അതിന്റെ പദവി ഉപയോഗിക്കുമെന്ന് കെല്ലി അഭിപ്രായപ്പെട്ടു.
അയര്‍ലണ്ടിലെ ഇന്ത്യന്‍ ജനത
സാമ്പത്തിക വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അയര്‍ലണ്ടിലെ വര്‍ദ്ധിച്ചു വരുന്ന ഇന്ത്യന്‍ ജനസംഖ്യയെക്കുറിച്ചും കെല്ലി പരാമര്‍ശിച്ചിരുന്നു.
പോളിഷ്, യു കെ പൗരന്മാര്‍ക്ക് ശേഷം രാജ്യത്തെ മൂന്നാമത്തെ ജനശക്തിയായി ഇന്ത്യക്കാര്‍ മാറിക്കഴിഞ്ഞുവെന്ന് കെല്ലി പറഞ്ഞു.
അയര്‍ലണ്ടിലെ ജനസംഖ്യയുടെ ഏകദേശം 2 ശതമാനം ഇന്ത്യക്കാരാണ്. ഏകദേശം 100,000 ഇന്ത്യക്കാരാണ് അയര്‍ലണ്ട് സമൂഹത്തിലും സമ്പദ്വ്യവസ്ഥയിലും സംസ്‌കാരത്തിലും സംഭാവന ചെയ്യുന്നത്.
അയര്‍ലണ്ടില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രൊഫഷണല്‍ വൈദഗ്ധ്യത്തെയും കെല്ലി പ്രശംസിച്ചിരുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/