head1
head3

അയര്‍ലണ്ടിനെ തകര്‍ത്ത് ഇന്ത്യ, ത്രിദിന മത്സരപരമ്പരയില്‍ 33 റണ്‍സിന്റെ വമ്പന്‍ വിജയം

ഡബ്ലിന്‍: അയര്‍ലണ്ടിനെതിരായ ത്രിദിന മത്സര ടി20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ രണ്ട് റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 33 റണ്‍സിന്റെ വമ്പന്‍ ജയമാണ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 185 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അയര്‍ലണ്ടിന് 8 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ഇന്ത്യക്കായി റുതുരാജ് ഗെയ്ക്വാദ് (58), സഞ്ജു സാംസണ്‍ (40), റിങ്കു സിങ് (38) എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്നോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. ജസ്പ്രീത് ബുംറക്ക് കീഴില്‍ ഇന്ത്യ ജയിക്കുന്ന ആദ്യത്തെ പരമ്പരയായി ഇത് മാറി. മത്സരത്തിലൂടെ ചില വമ്പന്‍ റെക്കോഡുകളും താരങ്ങള്‍ നേടിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് ചരിത്രറെക്കോഡിലേക്കെത്തിയിരിക്കുകയാണ്. ഇന്ത്യക്കായി വേഗത്തില്‍ 50 ടി20 വിക്കറ്റ് നേടുന്ന പേസറെന്ന റെക്കോഡാണ് അര്‍ഷ്ദീപ് നേടിയത്. 33 ഇന്നിങ്സില്‍ നിന്നാണ് അര്‍ഷ്ദീപ് സിങ്ങിന്റെ നേട്ടം. 41 ഇന്നിങ്സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ജസ്പ്രീത് ബുംറയുടെ റെക്കോഡിനെയാണ് അര്‍ഷ്ദീപ് മറികടന്നത്. 42 ഇന്നിങ്സില്‍ നിന്നാണ് ഭുവനേശ്വര്‍ കുമാര്‍ ഈ നേട്ടത്തിലേക്കെത്തിയത്.

എന്നാല്‍ വേഗത്തില്‍ ഈ നേട്ടത്തിലേക്കെത്തിയ ഇന്ത്യന്‍ ബൗളറെന്ന റെക്കോഡ് കുല്‍ദീപ് യാദവിന്റെ പേരിലാണ്. 29 ഇന്നിങ്സില്‍ നിന്നാണ് ചൈനാമാന്‍ സ്പിന്നര്‍ ഈ നേട്ടത്തിലേക്കെത്തിയത്. യുസ്വേന്ദ്ര ചഹാല്‍ 34 ഇന്നിങ്സില്‍ നിന്നാണ് 50 ടി20 വിക്കറ്റ് നേടിയത്. രണ്ടാം ടി20യില്‍ നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് അര്‍ഷ്ദീപ് സിങ് വീഴ്ത്തിയത്.

ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറയും വമ്പനൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാം ടി20യില്‍ 4 ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. ഇതില്‍ ഒരു മെയ്ഡനും ഉള്‍പ്പെടും. 3.75 ഇക്കോണമിയില്‍ പന്തെറിഞ്ഞ ബുംറ ഒരു മെയ്ഡനാണ് എറിഞ്ഞത്. ടി20യില്‍ കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ ഇന്ത്യക്കാരനെന്ന റെക്കോഡില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പമെത്തിയിരിക്കുകയാണ് ബുംറ. രണ്ട് പേരും 20 മെയ്ഡന്‍ ഓവറുകളാണ് എറിഞ്ഞത്.

അടിച്ചു കസറി സഞ്ജു…
അയർലണ്ടിലെ ഇന്ത്യക്കാർ നൽകിയ സമ്പൂർണ്ണ പിന്തുണയുടെ കരുത്തിൽ പൊരുതിയ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.അയര്‍ലണ്ടിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. നാലാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു പതിയെയാണ് ബാറ്റിങ് ആരംഭിച്ചതെങ്കിലും പിന്നീട് കത്തിക്കയറുകയായിരുന്നു. 26 പന്ത് നേരിട്ട് 5 ഫോറും 1 സിക്‌സുമടക്കം 40 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 153.84 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു മികവ് കാട്ടിയത്.  ഇന്ന് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരിക്കവെ സഞ്ജുവിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്.
 ഇന്ത്യയുടെ മറ്റ് പേസര്‍മാരെല്ലാം ചേര്‍ന്ന് 18 മെയ്ഡന്‍ ഓവറുകളാണ് ചെയ്തത്. പരിക്കിന്റെ പിടിയിലായിരുന്ന ബുംറ ഇപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ബുംറയുടെ മടങ്ങിവരവ് ഇന്ത്യയുടെ പ്രതീക്ഷകളുയര്‍ത്തുന്നു. അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരത്തില്‍ നിന്ന് നാല് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. പരമ്പര ഇന്ത്യയുടെ പോക്കറ്റിലാക്കാന്‍ അദ്ദേഹത്തിന്റെ നായക മികവിലൂടെ സാധിക്കുകയും ചെയ്തു.

ഐറിഷ് നായകന്‍ പോള്‍ സ്റ്റിര്‍ലിങ് നാണക്കേടിന്റെ റെക്കോഡില്‍ പേരുചേര്‍ത്തിരിക്കുകയാണ്. പുരുഷ ടി20യില്‍ കൂടുതല്‍ ഡെക്കാവുന്ന താരമെന്ന നാണക്കേടിലേക്കാണ് പോള്‍ സ്റ്റിര്‍ലിങ് എത്തിപ്പെട്ടിരിക്കുന്നത്.

ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ 4 പന്ത് നേരിട്ടാണ് സ്റ്റിര്‍ലിങ് ഡെക്കിന് മടങ്ങിയത്. ഇത് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ടി20 കരിയറിലെ 13ാം ഡെക്കായിരുന്നു. ഇതോടെയാണ് നാണംകെട്ട റെക്കോഡില്‍ സ്റ്റിര്‍ലിങ്ങിന് പേരുചേര്‍ക്കേണ്ടി വന്നത്. 130 ടി20 ഇന്നിങ്സില്‍ നിന്ന് 3408 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. അയര്‍ലണ്ടിതിരായ മൂന്നാം ടി20 23നാണ് നടക്കുന്നത്. ഇതിലും ജയിച്ച് പരമ്പര തൂത്തുവാരാനാവും ഇന്ത്യ ശ്രമിക്കുക. അടുത്ത വര്‍ഷം ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ യുവതാരങ്ങളുടെ പ്രകടനങ്ങള്‍ ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.

error: Content is protected !!