head3
head1

അയര്‍ലണ്ടില്‍ വീടുകള്‍ കൂടുതലായി പണിത് കൂട്ടുമ്പോഴും വില മാത്രം കുറയുന്നില്ല,ഭവന പ്രതിസന്ധി രൂക്ഷമായി തുടരുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വീടുകള്‍ കൂടുതലായി പണിത് കൂട്ടുമ്പോഴും വില മാത്രം കുറയുന്നില്ല.ക്ഷാമമാണ് വില ഉയര്‍ത്തുന്നതെന്ന സാധാരണ ഇക്കണോമിക്സ് ഇവിടെ അത്രകണ്ട് ഫലിക്കുന്നില്ലെന്നാണ് സി എസ്.ഒ കണക്കുകള്‍ നല്‍കുന്ന സൂചനകള്‍. തലസ്ഥാന നഗരമായ ഡബ്ലിന്‍ മുതല്‍ ഇങ്ങോട്ട് എല്ലായിടത്തും തന്നെ ഭവന വില കഴിഞ്ഞ ഏതാനും മാസങ്ങളായി കുതിയ്ക്കുകയാണ്.

കഴിഞ്ഞ മൂന്നു മാസങ്ങളായി ഇതില്‍ യാതോരു മാറ്റവുമില്ല. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില 4.5 ശതമാനം വര്‍ദ്ധിച്ചു.മാര്‍ച്ചില്‍ വര്‍ധന 3.5 ശതമാനമായിരുന്നു. കഴിഞ്ഞ ഏപ്രില്‍ വരെയുള്ള 12 മാസങ്ങളില്‍ 0.7 ശതമാനമാണ് വില കൂടിയതെന്നും സിഎസ്ഒ പറയുന്നു.

പ്രോപ്പര്‍ട്ടി വിലകള്‍ കുതിച്ചുയരുന്നത് , പുതിയ വാങ്ങലുകാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.പങ്കാളിയുമായി ചേര്‍ന്നല്ലാതെ വീടു വാങ്ങാന്‍ കഴിയുന്നില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.ഏപ്രിലില്‍ രാജ്യത്തൊട്ടാകെയുള്ള ഭവന വില ദേശീയതലത്തില്‍ 4.5 ശതമാനമായാണ് ഉയര്‍ന്നത്.വീടുകള്‍ ഇഷ്ടംപോലെ വിപണിയിലെത്തിയപ്പോഴാണ് ഈ സ്ഥിതിയെന്നതാണ് അതിശയിപ്പിക്കുന്നത്.രണ്ടുവര്‍ഷത്തിലേറെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഭവന വിലക്കയറ്റത്തിന്റെ ഏറ്റവും ഉയര്‍ന്ന വേഗതയാണിത്.

ഏപ്രില്‍ വരെ നടന്നത് 39,165 വീടുവാങ്ങലുകള്‍

ഈ വര്‍ഷം ഏപ്രില്‍ വരെ 39,165 വീടുകളുടെ വാങ്ങല്‍ നടന്നതായി സിഎസ്ഒ പറയുന്നു.ഇതില്‍ മൂന്നിലൊന്നും ഫസ്റ്റ് ടൈം വാങ്ങലുകാരാണ്. 54 ശതമാനം ഒരു വീടെങ്കിലും കൈവശമുള്ളവരായിരുന്നു..5,408, (13.8%) വീടുകള്‍ നോണ്‍ ഒക്യപ്പയേഴ്സാണ് സ്വന്തമാക്കിയത്. ഈ വിഭാഗത്തില്‍ കുക്കൂ ഫണ്ടുകള്‍, ലോക്കല്‍ അതോറിറ്റികള്‍, സര്‍ക്കാര്‍ പിന്തുണയുള്ള ഭവന നിര്‍മ്മാണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

2021 ഏപ്രിലില്‍ മാത്രം 936 ഫസ്റ്റ് ടൈം വാങ്ങലുകള്‍ നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രേഖപ്പെടുത്തിയത് 806 ഇടപാടുകളായിരുന്നു. 16.1 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം കാണിക്കുന്നത്.

ചില ഡബ്ലിന്‍ വിലക്കണക്കുകള്‍…

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കനുസരിച്ച് ഡബ്ലിനില്‍ വിലകളില്‍ 3.5% വര്‍ധനവാണുണ്ടായി.അതേ സമയം, ഡബ്ലിന് പുറത്ത് പ്രോപ്പര്‍ട്ടി വില 5.4 ശതമാനമായാണ് കൂടിയത്. ഡബ്ലിനില്‍ വീടുകളുടെ വില 4.1 ശതമാനവും അപ്പാര്‍ട്ട്മെന്റ് വില 0.9 ശതമാനവും വര്‍ദ്ധിച്ചു.ഡബ്ലിനിലെ ഏറ്റവും ഉയര്‍ന്ന ഭവന വില വര്‍ധന 5% ആണ്. ഫിംഗലിലും സൗത്ത് ഡബ്ലിനിലും 3.2% ഉയര്‍ന്നതായും കണക്കുകള്‍ പറയുന്നു.ഡബ്ലിന്‍ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി വില 3,90,000 യൂറോയാണെന്നും കണക്കുകള്‍ പറയുന്നു.

ചെറുപ്പകാലത്തില്‍ വീട് വാങ്ങല്‍ സ്വപ്നത്തില്‍ മാത്രം!

ഉയര്‍ന്ന വില കാരണം ചെറുപ്പത്തില്‍ സിംഗിളായിരിക്കുമ്പോള്‍ വീട വാങ്ങാന്‍ അത്രയെളുപ്പമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രായമാകുന്നവര്‍ പങ്കാളിയുമായി ചേര്‍ന്നാണ് കൂടുതല്‍ വീടുകളും വാങ്ങുന്നതെന്നാണ് സിഎസ്ഒയുടെ വാങ്ങുന്നവരുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.ഇത്തരത്തിലുള്ള വാങ്ങലുകാരുടെ സാധാരണ വരുമാനം 2019ല്‍ 81,500 യൂറോയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഉയര്‍ന്ന വില, മോര്‍ട്ട്ഗേജ് അംഗീകാരം നേടാനുള്ള ബുദ്ധിമുട്ട്, കുറഞ്ഞ വിതരണം എന്നിവയാണ് വാങ്ങുന്നവരുടെ മാറുന്ന സ്വഭാവ സവിശേഷതകളില്‍ പ്രതിഫലിക്കുന്നതെന്ന് സിഎസ് ഒ പറയുന്നു.

വീടു വാങ്ങാന്‍ ‘പ്രായമാകണം’

വീട വാങ്ങാന്‍ ‘പായമാകണ’മെന്നാണ് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.സംയുക്ത വാങ്ങലുകാരുടെ പ്രായം 2010ല്‍ 35ല്‍ ആയിരുന്നത് 2019ലെത്തിയപ്പോള്‍ 38 ആയി ഉയര്‍ന്നു.സോളോ വാങ്ങലുകാരുടെ ശരാശരി പ്രായം ഇതേ കാലയളവില്‍ 34 ല്‍ നിന്ന് 42 ആയി ഉയര്‍ന്നു.2019 ല്‍ 62 ശതമാനം സംയുക്ത വാങ്ങലുകളാണ് നടന്നത്.2010 ല്‍ ഇത് 47 ശതമാനമായിരുന്നു.

ഉയര്‍ന്ന വില ഡണ്‍ലേരിയില്‍ , കുറഞ്ഞത് ലെട്രിമില്‍

2019ല്‍ ജോയിന്റ് വാങ്ങുന്നവര്‍ നല്‍കിയ ഏറ്റവും ഉയര്‍ന്ന ശരാശരി വില രേഖപ്പെടുത്തിയത് ബ്ലാക്ക് റോക്ക് ഡണ്‍ലേരി മേഖലയില്‍ യില്‍ (565,000യൂറോ) ആയിരുന്നു, ഏറ്റവും താഴ്ന്നത് ലെട്രിമിലാണ്; (1,30,000യൂറോ) .

കുട്ടികളില്ലാത്ത സംയുക്ത വാങ്ങലുകാരുടെ സാധാരണ വരുമാനം 77,900 യൂറോയാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു.കുട്ടികളില്ലാത്ത സിംഗിള്‍ വാങ്ങലുകാരുടെ ശരാശരി വരുമാനം, 43,000 യൂറോ ആയിരുന്നു.2019ല്‍ വീടുകള്‍ വാങ്ങിയ കുട്ടികളുള്ളവരുടെ സാധാരണ വരുമാനം 40,100 യൂറോയായിരുന്നു.

വാങ്ങുന്ന സമയത്ത് തങ്ങളുടെ വിലാസം കോര്‍ക്കിലാണെന്ന് പറഞ്ഞ 10 പേരില്‍ ഒമ്പത് പേര്‍ക്ക് കോര്‍ക്കില്‍ തന്നെ വസ്തു വാങ്ങാന്‍ കഴിഞ്ഞതായി സിഎസ് ഒ പറയുന്നു. ഡബ്ലിനിലും സമാനമായ പ്രവണതയുണ്ടായി.2010 മുതല്‍ 2019 വരെയായിരുന്നു ഇത്.പക്ഷെ ഡോണഗേലില്‍ വസ്തു വാങ്ങിയ നാലില്‍ ഒരാള്‍ കൗണ്ടിയ്ക്ക് പുറത്ത് നിന്നുള്ളവരായിരുന്നു.

വാടകക്കാരെ ഒഴിപ്പിക്കാനുള്ള വിലക്ക് പേപ്പറില്‍ മാത്രം

വാടകക്കാരെ വീടുകള്‍ വാങ്ങാന്‍ സഹായിക്കുന്നതിന് സര്‍ക്കാര്‍ നയം രൂപപ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. വാടകക്കാരെ കുടിയൊഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടും 10 മാസത്തിനിടെ 1100 പേര്‍ക്ക് ഭൂഉടകള്‍ നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കുടിയൊഴിപ്പിക്കല്‍ നിരോധനം നീക്കിയാലുടന്‍ തെരുവിലാകുമല്ലോയെന്ന ഭീതിയിലാണ് ഈ കുടുംബങ്ങള്‍.നിയമ പ്രകാരം 2022 ജനുവരി വരെ കുടിയൊഴിപ്പിക്കലിന് വിലക്കുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ 3,800 കുടുംബങ്ങള്‍ക്ക് വാടക കുടിശ്ശിക മുന്നറിയിപ്പ് നോട്ടീസുകള്‍ നല്‍കിയിട്ടുണ്ടെന്ന് റസിഡന്‍ഷ്യല്‍ ടെനന്‍സി ബോര്‍ഡിന്റെ (ആര്‍ടിബി) കണക്കുകള്‍ വ്യക്തമാക്കുന്നു.1,122 കുടുംബങ്ങളുടെ വാടകക്കരാര്‍ അവസാനിപ്പിച്ചതായും നോട്ടീസ് നല്‍കിയിട്ടുണ്ട്.

വാടകയ്ക്ക് താമസിക്കുന്നവര്‍ക്കായി സമഗ്രമായ ഭവന തന്ത്രം രൂപപ്പെടുത്തണമെന്ന് ലേബറിന്റെ റെബേക്ക മൊയ്‌നിഹാന്‍ ആവശ്യപ്പെട്ടു.കാലാവധിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹ്രസ്വകാലത്തേയ്ക്ക് വാടക മരവിപ്പിക്കണമെന്നും കൂടുതല്‍ അഫോര്‍ഡബിള്‍ ഹൗസിംഗുകള്‍ വാടകക്കാര്‍ക്ക് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

 ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More